ദേശീയ ദുരന്തനിവാരണ സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പറേഷന്‍

Friday 24 August 2018 1:35 am IST

ആലുവ: പ്രളയക്കെടുതി നേരിടുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പറേഷനാണ് കേരളത്തില്‍ നടന്നതെന്ന് കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന 4 ബറ്റാലിയന്‍ ചെന്നൈ യൂണിറ്റിലെ ഡെപ്യൂട്ടി കമ്മാണ്ടര്‍ ജി. വിജയന്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 42 പേര്‍ വീതമുള്ള 58 ടീം എത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയധികം എന്‍ഡിആര്‍എഫ് അംഗങ്ങള്‍ ഒരേസമയം ഒരേ സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതും ആദ്യമായിട്ടാണ്.  2014 ഒഡീഷയില്‍ ആഞ്ഞടിച്ച ഹുദ് ഹുദ് ചുഴലിക്കാറ്റ് സമയത്താണ് ഏറ്റവും കൂടുതല്‍ യൂണിറ്റിനെ എന്‍ഡിആര്‍എഫ് ഉപയോഗിച്ചത്. അന്ന് 51 യൂണിറ്റുകള്‍ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടു. കേരളത്തിലെ വെള്ളപ്പൊക്കത്തില്‍ 18,077 പേരെയാണ് വീടുകളില്‍ നിന്ന്  ദുരന്ത നിവാരണ സേന ഒഴിപ്പിച്ചത്.  

536 പേരെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തി. പ്രളയത്തില്‍ മരിച്ച പത്ത് പേരുടെ മൃതശരീരം കണ്ടെത്തി. 119 വളര്‍ത്തു മൃഗങ്ങളേയും രക്ഷപ്പെടുത്തി. 5,021 പേര്‍ക്ക് ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പുള്ള പ്രാഥമിക ചികിത്സയും നല്‍കി. പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണമാണ് ജീവഹാനി കുറയാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിആര്‍എഫിന്റെ കേരളത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏറ്റവും സാഹസികമായത് രണ്ട് ദിവസമായി വീട്ടില്‍ കുടുങ്ങിയ മൃതദേഹം പള്ളിയിലെത്തിച്ചതാണ്. പെരിയാറും ചാലക്കുടി പുഴയും ഒന്നിച്ചൊഴുകിയ മേഖലകളിലൂടെ സഞ്ചരിച്ചാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ റോഡില്‍ നിന്ന് പന്ത്രണ്ടടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയിരുന്നതായും ജി.വിജയന്‍ പറഞ്ഞു.

മലയാളികളായ എന്‍.പി. ബിജു, ടി.എം. ഷൈജു, മഹാരാഷ്ട്ര സ്വദേശി ഉത്തംറാവു എന്നിവരാണ് ഡെപ്യൂട്ടി കമാണ്ടന്റ് ജി. വിജയനൊപ്പം മൃതദേഹം പള്ളിയിലെത്തിക്കുന്നതിനുള്ള ദൗത്യത്തില്‍ പങ്കെടുത്തത്. ഇവരെ ഡയറക്ടര്‍ ജനറലിന്റെ റിവാര്‍ഡിനായി ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.