ചെളിയില്‍ മുങ്ങി വീട്

Friday 24 August 2018 1:36 am IST

കൊച്ചി: വെള്ളം ഇറങ്ങി തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങിയവരെ കാത്തിരിക്കുന്നത് ശ്രമകരമായ ശുചീകരണമാണ്. മഹാപ്രളയത്തിന്റെ ശേഷിപ്പുകളായി വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം കെട്ടിക്കിടക്കുന്നത് മാലിന്യങ്ങളും ലോഡ് കണക്കിന് ചെളിയുമാണ്. 

ഡാമുകളില്‍ നിന്നും ഒഴുകിയെത്തിയ കുഴമ്പ് രൂപത്തിലുള്ള ചെളി വെള്ളം വീടുകളിലും പരിസരത്തുമെല്ലാം കെട്ടിക്കിടക്കുകയാണ്. പല പ്രദേശങ്ങളിലും ശുചീകരണ സാമഗ്രികള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ചില ഭാഗങ്ങളില്‍ ലോഷനും ബ്ലീച്ചിങ് പൗഡറും വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ആവശ്യാനുസരണം ഇവ ലഭിക്കാത്തത് ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. 

ജില്ലയില്‍ വീടുകള്‍ ശുചിയാക്കാന്‍ ധാരാളം ശുചികരണ തൊഴിലാളികളെ ലഭിക്കുമെങ്കിലും അമിത തുക ആവശ്യപ്പെടുന്നതിനെത്തുടര്‍ന്ന് പലരും സ്വന്തം നിലയ്ക്കാണ് ശുചീകരണം നടത്തുന്നത്. വീടുകള്‍ മൂന്ന് ദിവസമെങ്കിലും ആവര്‍ത്തിച്ച് കഴുകിയാല്‍ മാത്രമേ ശുചീകരണം പൂര്‍ത്തിയാകു. 

വീട്ടുപകരണങ്ങളിലും ഭിത്തിയിലും ജനാലയിലും വാതിലുകളിലെല്ലാം ചെളി നിറഞ്ഞിരിക്കുകയാണ്. അടുത്തകാലത്തൊന്നും ഉണ്ടാകാത്ത വിധത്തിലുള്ള ദുരിതമാണ് ഇവയെല്ലാം നീക്കം ചെയ്യാന്‍ ജനങ്ങള്‍ അനുഭവിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.