ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ടെന്നീസില്‍ പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യത്തിന് വെള്ളി മെഡല്‍ ഉറപ്പായി. സിംഗിള്‍സില്‍ പ്രജ്ഞേഷ് ഗുണേശ്വരനും മെഡല്‍ ഉറപ്പാക്കിയിട്ടുണ്ട്.
ജപ്പാന്റെ ഷോ ഷിമാബുകുറോ- കെയ്റ്റോ ടീമിനെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നതോടെയാണ് ഇന്ത്യന്‍ ടീമിന് വെള്ളി മെഡല്‍ ഉറപ്പായത്്. ഫൈനലില്‍ അവര്‍ ജപ്പാന്റെ യോസുകി-യുയാ ടീമിനെ നേരിടും. ജയിച്ചാല്‍ ഇന്ത്യക്ക് സ്വര്‍ണമെഡല്‍ ലഭിക്കും.
ആവേശകരമായ സെമിയില്‍ ഇന്ത്യന്‍ ടീം ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ജപ്പാനീസ് ടീമിനെ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് 4-6 ന് നഷ്ടമായ ബൊപ്പണ്ണ-ശരണ്‍ ടീം ശക്തമായ തിരിച്ചുവരവിലാണ് ജയം നേടിയത്. രണ്ടാം സെറ്റ് 6-3 നും നിര്‍ണായകമായ മൂന്നാം സെറ്റ് 10-8 നും കരസ്ഥമാക്കി.
പുരുഷന്മാരുടെ സിംഗിള്‍സിന്റെ സെമിയിലെത്തിയതോടെയാണ് പ്രജ്ഞേഷിന് മെഡലുറപ്പായത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് വോണ്‍ സൂണിനെ പരാജയപ്പെടുത്തി സ്കോര്‍ 6-7, 6-4, 7-6.
പ്രതികരിക്കാൻ ഇവിടെ എഴുതുക: