വിസ്മയം വിഹാന്‍

Friday 24 August 2018 1:50 am IST

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യ മെഡല്‍ കൊയ്ത്ത് തുടരുന്നു. കൗമാരതാരം ഷാര്‍ദുല്‍ വിഹാന്‍ പുരുഷന്മാരുടെ ഡബിള്‍സ് ട്രാപ്പില്‍ ഇന്നലെ വെള്ളി മെഡല്‍ കരസ്ഥമാക്കി. പതിനഞ്ചുകാരനായ വിഹാന്‍ ഒപ്പത്തിനൊപ്പം പോരാട്ടം കണ്ട ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ഷിന്‍ ഹുന്‍വൂയോട് കീഴടങ്ങി. 

ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്ന ഇന്ത്യയുടെ മൂന്നാമത്തെ കൗമാര താരമാണ് വിഹാന്‍. നേരത്തെ പത്തൊന്‍പതുകാരനായ ലക്ഷയ് ഷെറോണ്‍ പുരുഷന്മാരുടെ ട്രാപ്പില്‍ വെള്ളിയും പതിനാറുകാരനായ സൗരഭ് ചൗധരി പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണവും നേടി.

കഴിഞ്ഞ നവംബറില്‍ നടന്ന ദേശീയ ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഒറ്റ ദിവസം നാലു സ്വര്‍ണമെഡല്‍ നേടിയ താരമാണ് വിഹാന്‍. അന്ന് ലോക ഒന്നാം നമ്പര്‍ ഡബിള്‍ ട്രാപ്പര്‍ അങ്കുര്‍ മിത്തലിനെ ഫൈനലില്‍ 78-76 ന് വിഹാന്‍ പരാജയപ്പെടുത്തി.

മെഡല്‍ നിലയില്‍ ഇന്ത്യ പത്താം സ്ഥാനത്താണ്. നാല് സ്വര്‍ണവും അത്രയും തന്നെ വെള്ളിയും പത്ത് വെങ്കലവും ഉള്‍പ്പെടെ ഇന്ത്യക്ക് ഇപ്പോള്‍ പതിനെട്ട് മെഡലുകളായി. എതിരാളികളെ ബഹുദൂരം പിന്നിലാക്കി ചൈന കുതിക്കുകയാണ്. 55 സ്വര്‍ണം നേടിയ അവര്‍ക്ക് മൊത്തം 116 മെഡല്‍ ലഭിച്ചു. നാല്‍പ്പത് വെള്ളിയും 21 വെങ്കലവും അവര്‍ നേടി.

രണ്ടാം സ്ഥാനത്തുളള ജപ്പാന് 25 സ്വര്‍ണവും 28 വെള്ളിയും 33 വെങ്കലവും കിട്ടി. കൊറിയന്‍ റിപ്പബ്‌ളിക്കാണ് മൂന്നാം സ്ഥാനത്ത്. അവര്‍ക്ക് 15 സ്വര്‍ണവും 20 വെളളിയും 27 വെങ്കലവും ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.