ഡാമുകളിലെ അപകടം: സ്വീകരിക്കേണ്ടതൊന്നും കേരളം ചെയ്തിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്

Friday 24 August 2018 1:44 am IST

ന്യൂദല്‍ഹി: കേരളത്തിലെ ഡാമുകളില്‍ അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട അടിയന്തര കര്‍മപദ്ധതികള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് യാതൊരു ധാരണയുമില്ലെന്ന് സിഎജി റിപ്പോര്‍ട്ട്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ 2017ലെ റിപ്പോര്‍ട്ടിലാണ് കേരള സര്‍ക്കാരിന്റെ അലംഭാവത്തെ വിമര്‍ശിക്കുന്നത്. പ്രളയമുന്നറിയിപ്പ് കേന്ദ്രം സംസ്ഥാനത്ത് ഇതുവരെ സ്ഥാപിക്കാത്തതിനെയും സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. 

കേരളത്തിലുള്ള 61 വലിയ ഡാമുകളില്‍ അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട അടിയന്തര കര്‍മപദ്ധതികള്‍ സംസ്ഥാനസര്‍ക്കാര്‍ രൂപീകരിക്കാത്തത് വലിയ അപകടമാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഡാം തകരുമ്പോഴോ വന്‍തോതില്‍ വെള്ളം പുറത്തേക്ക് വിടുമ്പോഴോ ജനങ്ങളുടെ ജീവനും സ്വത്തിനും നഷ്ടമുണ്ടാകുന്നത് കുറയ്ക്കാനുള്ള മുന്നൊരുക്കങ്ങളൊന്നും കേരളത്തിലില്ല. ഡാം തകരുമ്പോള്‍ ജലം ഒഴുകാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ വിവരങ്ങള്‍, പ്രളയം ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭൂപടം. അടിയന്തര മുന്നറിയിപ്പ് സംവിധാനം, ജനങ്ങളെ ഒഴിപ്പിക്കുന്ന രീതി തുടങ്ങിയവയിലൊന്നും കേരളത്തിന് യാതൊരു ധാരണയുമില്ല.

രാജ്യത്ത് 226 പ്രളയ മുന്നറിയിപ്പ് കേന്ദ്രങ്ങളുണ്ടെങ്കിലും 44 നദികളും ചെറുതും വലുതുമായ 82 ഡാമുകളുമുള്ള കേരളത്തില്‍ ഒരൊറ്റ പ്രളയ മുന്നറിയിപ്പ് കേന്ദ്രം പോലും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ചില്ല. കേരളത്തിന്റെ മൂന്നിലൊന്നു പ്രദേശവും പ്രളയസാധ്യതയുള്ളവയാണെന്നും സിഎജി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ട് മാസങ്ങളായെങ്കിലും യാതൊരു നടപടികളും ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഡാമുകള്‍ കൂട്ടത്തോടെ തുറന്നുവിട്ടതും മരണസംഖ്യ ഇത്രയധികം ഉയര്‍ന്നതും സംസ്ഥാന സര്‍ക്കാര്‍ സിഎജി റിപ്പോര്‍ട്ട് പരിഗണിക്കാതിരുന്നതുമൂലമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.