700 കോടി പിണറായിയുടെ ഭാവനാസൃഷ്ടി

Friday 24 August 2018 1:51 am IST
യുഎഇ സര്‍ക്കാര്‍ നേരിട്ട് പണം നല്‍കുന്നുവെന്ന തരത്തില്‍ മുഖ്യമന്ത്രിയും സിപിഎം കേന്ദ്രങ്ങളും പ്രചരിപ്പിച്ച വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമായിട്ടും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ തര്‍ക്കങ്ങള്‍ പാടില്ലെന്ന് മാത്രമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ന്യൂദല്‍ഹി: യുഎഇ സര്‍ക്കാര്‍ എഴുനൂറു കോടി രൂപ കേരളത്തിന് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഭാവനാസൃഷ്ടി മാത്രം. സാമ്പത്തിക സഹായമായി 700 കോടി രൂപ കേരളത്തിന് നേരിട്ട് നല്‍കുമെന്ന് യുഎഇ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ ഔദ്യോഗികമായി  അറിയിച്ചിട്ടില്ല. 700 കോടി രൂപ ലഭിക്കുമെന്ന് അറിയിച്ചത് വ്യവസായി എം.എ. യൂസഫലി ആണെന്ന് പറഞ്ഞ് കുറ്റം മുഴുവന്‍ യൂസഫലിയുടെ മേല്‍ ചാരാനാണ് സിപിഎം ശ്രമം. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കരുതലില്ലാതെ മുഖ്യമന്ത്രി പിണറായി നടത്തിയ പ്രസ്താവനയാണ് വിവാദമായത്. 

യുഎഇ സര്‍ക്കാര്‍ നേരിട്ട് പണം നല്‍കുന്നുവെന്ന തരത്തില്‍ മുഖ്യമന്ത്രിയും സിപിഎം കേന്ദ്രങ്ങളും പ്രചരിപ്പിച്ച വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമായിട്ടും  പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ തര്‍ക്കങ്ങള്‍ പാടില്ലെന്ന് മാത്രമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്രാനുമതിയില്ലെങ്കില്‍ യുഎഇയില്‍ നിന്ന് 700 കോടി രൂപ ലുലു ഗ്രൂപ്പ് കേരളത്തിന് എത്തിച്ചു നല്‍കുമെന്ന സിപിഎം പ്രവര്‍ത്തകരുടെ സോഷ്യല്‍മീഡിയ പ്രചാരണവും പൊളിഞ്ഞു. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.

കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച വാര്‍ത്ത വന്നയുടന്‍ തന്നെ യുഎഇ ഉപസൈന്യാധിപനും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ ബന്ധപ്പെട്ട് യുഎഇയുടെ പിന്തുണ അറിയിച്ചിരുന്നു. ജീവകാരുണ്യ സംഘടനകള്‍ വഴി ദുരിതാശ്വാസ സഹായങ്ങള്‍ നല്‍കാമെന്നും അടിയന്തര സഹായങ്ങള്‍ നല്‍കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും യുഎഇ ഭരണാധികാരി അറിയിച്ചു. ഇതിന് പ്രധാനമന്ത്രി മോദി നന്ദി രേഖപ്പെടുത്തി ട്വീറ്റും ചെയ്തിരുന്നു. എന്നാല്‍ പിറ്റേദിവസം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ യുഎഇ 700 കോടി രൂപ കേരളത്തിന് നല്‍കുമെന്ന് അറിയിച്ചതായി മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. 

വിദേശകാര്യ നയതന്ത്ര വിഷയങ്ങളില്‍ പാലിക്കേണ്ട മര്യാദ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. യുഎഇയോ കേന്ദ്രസര്‍ക്കാരോ പറയാത്ത ഒരു തുക മുഖ്യമന്ത്രി എങ്ങനെ പറഞ്ഞു എന്നതാണ്  സംശയം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന തരത്തിലേക്ക് വിഷയം വളര്‍ത്താനുള്ള ശ്രമങ്ങളും ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായി. യുഎഇ പ്രഖ്യാപിക്കാത്ത 700 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചെന്ന തരത്തില്‍ കേന്ദ്രത്തിനെതിരെ ഒരു വിഭാഗം മാധ്യമങ്ങളും സാമൂഹമാധ്യമങ്ങളും പ്രചാരണം നടത്തിയതും മുഖ്യമന്ത്രിയുടെ നടപടിയുടെ ഭാഗമായാണ്. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടെങ്കിലും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വേളയില്‍ പ്രതികരണത്തിനില്ലെന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചത്. 

യുഎഇ രാജാവിന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അതില്‍ 700 കോടി രൂപ കേരളത്തിന് നല്‍കുമെന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചതടക്കം ഗൂഢാലോചനകളും ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. വിദേശ സാമ്പത്തിക സഹായം നേരിട്ട് സ്വീകരിക്കില്ലെന്ന കേന്ദ്രനയം നിലവിലുള്ളതിനാല്‍ ഇത്തരം വാര്‍ത്ത പ്രചരിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയാനാണ് വ്യാജ പ്രചാരകര്‍ ലക്ഷ്യമിട്ടതെന്ന് വ്യക്തം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.