കേരളത്തിന് കൂടുതല്‍ കേന്ദ്രസഹായം: നിതിന്‍ ഗഡ്കരി

Friday 24 August 2018 11:32 am IST
പ്രളയക്കെടുതിയില്‍ നശിച്ചു പോയ റോഡുകള്‍ക്കും പാലങ്ങള്‍ക്കും ധനസഹായം നല്‍കും.

കോഴിക്കോട്: പ്രളയദുരന്തം നേരിടാന്‍ കേരളം ആവശ്യപ്പെട്ട തുക  കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന്  കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേരളം ആവശ്യപ്പെട്ടത്  13,000 കോടിയാണ് ഇതിലേറെ നല്‍കുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

പ്രളയക്കെടുതിയില്‍ നശിച്ചു പോയ റോഡുകള്‍ക്കും പാലങ്ങള്‍ക്കും ധനസഹായം നല്‍കും.ആവശ്യപ്പെട്ട സഹായത്തിന്റെ 70 ശതമാനം (13,800 കോടി) റോഡിനും പാലത്തിനും വേണ്ടി ചിലവഴിക്കും. റോഡും പാലവും ദേശീയ പാതാ അതോറിറ്റിയെകൊണ്ട് നിര്‍മിക്കാമെന്ന് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. വൈദ്യുതി, കൃഷി, വീട് തുടങ്ങിയ നാശനഷ്ടങ്ങള്‍ക്കായി കണക്കാക്കിയത് 3,712 കോടിയാണ്. വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാന്‍ കേരളത്തെ സഹായിക്കാന്‍ എന്‍ടിപിസി, പിജിസിഐഎല്‍ തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ ഭവന പദ്ധതിയില്‍ മുന്‍ഗണനാക്രമത്തില്‍ വീടുകള്‍ അനുവദിക്കാനും തീരുമാനിച്ചിരുന്നു. കര്‍ഷകര്‍ക്ക് കൃഷി പുനരാരംഭിക്കാന്‍ മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ പ്രകാരം സഹായം നല്‍കാനും തീരുമാനിച്ചു. പ്രളയത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും  ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്നു നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഭക്ഷ്യധാന്യങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ ആവശ്യപ്പെടുന്ന മുറയ്ക്കു ലഭ്യമാക്കാമെന്ന ഉറപ്പും നല്‍കിയിരുന്നു.

പേമാരിയില്‍ 357 പേര്‍ മരിച്ചു. 40,000 ഹെക്ടറിലധികം കൃഷി നശിച്ചു. ആയിരത്തോളം വീടുകള്‍ പൂര്‍ണമായും 26,000 ത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 3,026 ക്യാമ്പുകളിലായി 3,53,000 പേരുണ്ട്. 46,000ത്തിലധികം കന്നുകാലികളും രണ്ടു ലക്ഷത്തിലധികം കോഴി-താറാവുകളും ചത്തു. 16,000 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകളും 82,000 കിലോമീറ്റര്‍ പ്രാദേശിക റോഡുകളും 134 പാലങ്ങളും തകര്‍ന്നു. റോഡു തകര്‍ന്ന നഷ്ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ്- ഇതാണ് പ്രധാനമന്ത്രിയുടെ മുന്നില്‍ വച്ച കണക്ക്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.