മുല്ലപ്പെരിയാറിലെ ജലം തുറന്നുവിട്ടതല്ല പ്രളയത്തിനു കാരണം

Friday 24 August 2018 3:17 pm IST

ചെന്നൈ:  മുല്ലപ്പെരിയാര്‍ ഡാമിലെ അധികജലം തുറന്നു വിട്ടതാണ്  പ്രളയത്തിന് കാരണമായതെന്ന കേരളാ സര്‍ക്കാരിന്റെ വാദം അടിസ്ഥാാന രഹിതമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഇ. കെ. പളനിസ്വാമി. തമിഴ്‌നാടിനെതിരെയുള്ള കേരളത്തിന്റെ വാദങ്ങള്‍ തെറ്റാണ്. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം തുറന്നു വിട്ടതാണ് പ്രളയ കാരണമെങ്കില്‍ കേരളം മൊത്തം വെള്ളത്തില്‍ മുങ്ങിയതെങ്ങനെയെന്നാണ്  പളനിസ്വാമി ചോദിച്ചു. 

80 ഡാമുകളില്‍ നിന്നുള്ള വെള്ളം ഒരേ സമയം തുറന്നുവിട്ടതാണ്  കേരളത്തില്‍ പ്രളയമുണ്ടാക്കിയത്. വെള്ളംപൊങ്ങിയതിന്  തൊട്ടുപിറകെയല്ല,  ഒരാഴ്ചയ്ക്ക് ശേഷമാണ് മുല്ലപ്പെരിയാറിലെ ജലം തുറന്നു വിട്ടത്. അതും മൂന്നു ഘട്ടമായി. ജലനിരപ്പ് 139 അടിയായപ്പോഴായിരുന്നു ആദ്യ മുന്നറിയിപ്പ് നല്‍കിയത്. 141അടിയായപ്പോള്‍ രണ്ടാമത്തേയും  142 അടിയായപ്പോള്‍ അവസാന മുന്നറിയിപ്പും നല്‍കി.

ഈ മാസം 31 വരെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരാതെ 139 അടിയായി നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി തമിഴ്‌നാടിനോട് നിര്‍ദേശിച്ചിരുന്നു. ഇതു പരാമര്‍ശിച്ചാണ് പളനിസ്വാമിയുടെ പ്രസ്താവന.  മുല്ലപ്പെരിയാര്‍ ഡാമിലെ സംഭരണിയില്‍ പരമാവധി ശേഷിയിലെത്തും വരെ  വെള്ളം തുറന്നു വിടാതിരുന്നതാണ്  350 ലേറെപ്പേര്‍ക്ക്  ജീവഹാനിയും ആയിരക്കണക്കിന്് കോടി രൂപയുടെ നാശനഷ്ടവുമുണ്ടാക്കിയ പ്രളയത്തിന് കാരണമായതെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.