തീവ്രവാദത്തെക്കുറിച്ച് പരാമര്‍ശമില്ല; പ്രസ്താവന പിന്‍വലിക്കണമെന്ന് പാക്കിസ്ഥാന്‍

Friday 24 August 2018 4:02 pm IST

ഇസ്ലാമാബാദ് : തീവ്രവാദികള്‍ക്കെതിരെ  'അന്തിമ നടപടി ' യെടുക്കാന്‍  അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട്  ആവശ്യപ്പെട്ടെന്ന പേരില്‍   സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ  പ്രസ്താവന ഉടന്‍ തിരുത്തണമെന്ന്  പാക്കിസ്ഥാന്‍.

അഫ്ഗാന്‍ സമാധാന ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍  തീവ്രവാദികള്‍ പാക്കിസ്ഥാനില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാന്‍ അന്തിമ നടപടികള്‍  സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഇമ്രാനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍  പോംപിയോ ഉന്നയിച്ചതായി സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് ഹീതര്‍ നൗറേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നു. 

എന്നാല്‍, ഇമ്രാനുമായുള്ള സംഭാഷണത്തില്‍ തീവ്രവാദത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും മറ്റു വിഷയങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ക്കിടെ ഇമ്രാനെ പോംപിയോ അഭിനന്ദിക്കുകയാണുണ്ടായതെന്നും പാക് വിദേശകാര്യാലയ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു.യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ വാസ്തവവിരുദ്ധമായ പ്രസ്താവന തിരുത്തണമെന്നും ഫൈസല്‍ ആവശ്യപ്പെട്ടു.

അടുത്ത മാസം ആദ്യം പോംപിയോ ഇസ്ലാമാബാദ്  സന്ദര്‍ശിച്ച് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി കൂടിക്കാഴ്ച നടത്തുമെന്ന് പാക് മാധ്യമങ്ങള്‍ അടുത്തയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ വിദേശപ്രതിനിധിയായിരിക്കും പോംപിയോ. കള്ളവും തട്ടിപ്പുമല്ലാതെ മറ്റൊന്നും പാക്കിസ്ഥാന്‍ അമേരിക്കയ്ക്ക് നല്‍കുന്നില്ലെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ അന്ധത്തില്‍ അസ്വാരസ്യത്തിന് ഇടയാക്കിയിരുന്നു. 

പാക്കിസ്ഥാന്‍ തീവ്രവാദികള്‍ക്ക് സുരക്ഷിത സ്വര്‍ഗമൊരുക്കുകയാണെന്നും ട്രംപ് ആരോപിച്ചു. പാക്കിസ്ഥാനു നല്‍കുന്ന പ്രതിരോധ സഹായം വെട്ടിക്കുറയ്ക്കാനുള്ള ബില്‍, യുഎസ് കോണ്‍ഗ്രസ് പാസാക്കിയതും അടുത്തയിടെയാണ്.  

അതേസമയം, തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം നടത്തിയ പ്രസംഗത്തില്‍ അമേരിക്കയ്ക്കും പാക്കിസ്ഥാനുമിടയിലെ ബന്ധം ഇരുരാഷ്ട്രങ്ങള്‍ക്കും ഉപകരിക്കുന്ന വിധത്തില്‍ മെച്ചപ്പെടുത്തണമെന്ന് ഇമ്രാന്‍ ഖാന്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.