ലാലുവിന്റെ പരോള്‍ കാലാവധി നീട്ടില്ല

Friday 24 August 2018 4:23 pm IST

പട്ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പരോള്‍ കാലാവധി നീട്ടിനല്‍കണമെന്ന അപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. പരോള്‍ കാലാവധി പൂര്‍ത്തിയാവുന്ന ഈ മാസം 30 നുള്ളില്‍ ജയിലിലേക്ക് തിരികെപ്പോകാനും കോടതി ഉത്തരവിട്ടു.

ചികിത്സാ ആവശ്യങ്ങള്‍ക്കായി പരോള്‍ കാലാവധി നീട്ടിനല്‍കണമെന്നായിരുന്നു ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടത്. എന്നാല്‍, അത് നിരസിച്ച കോടതി മതിയായ ചികിത്സ നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുകയായിരുന്നു. ജസ്റ്റിസ് അര്‍പേഷ്‌കുമാര്‍ സിങ് ആണ് ഹര്‍ജി പരിഗണിച്ചത്.

ലാലു പ്രസാദ് യാദവിനു വേണ്ടി ഹാജരായ അഡ്വ.മനു അഭിഷേക് സിംഗ്വി ആണ് കേസ് വാദിച്ചത്. കിഡ്നി സ്റ്റോണ്‍, പ്രോസ്ട്രേറ്റ് വീക്കം എന്നീ അസുഖങ്ങളുളളതിനാല്‍ ചികിത്സയ്ക്കായി പരോള്‍ കാലാവധി നീട്ടണമെന്നാണ് വക്കീല്‍ കോടതിയെ ബോധിപ്പിച്ചത്. 

എന്നാല്‍ മൂന്നുമാസം പരോള്‍ അനുവദിച്ചിട്ടുള്ളതാണെന്നും ഇനിയും കാലാവധി നീട്ടിനല്കേണ്ടതില്ലെന്നും സിബിഐ കൗണ്‍സില്‍ രാജീവ് സിന്‍ഹ വാദിച്ചു. തുടര്‍ചികിത്സ ആവശ്യമാണെങ്കില്‍ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് അദ്ദേഹത്തെ മാറ്റാമെന്നും സിന്‍ഹ അഭിപ്രായപ്പെട്ടു.

ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ കാലിത്തീറ്റ കുംഭകോണത്തിന്റെ പേരിലാണ് ലാലു പ്രസാദ് യാദവിനെ കോടതി ജയില്‍ശിക്ഷയ്ക്ക് വിധിച്ചത്. ഇപ്പോള്‍ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.