കുടകിലെ ഓറഞ്ച് തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഇത്തവണ പൂക്കില്ല

Saturday 25 August 2018 2:37 am IST

കാസര്‍കോട്: മഴസംഹാര താണ്ഡവമാടിയതോടെ കര്‍ണാടകയിലെ കുടക് മലമടക്കുകള്‍ക്കിടയിലെ ഓറഞ്ച് തോട്ടങ്ങളില്‍ ഇത്തവണ മധുരം വിളയില്ല. കാപ്പിത്തോട്ടങ്ങളില്‍ കാപ്പിപ്പൂവിന്റെ സുഗന്ധവുമുണ്ടാകില്ല. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ അവയെല്ലാം നിലംപതിച്ചു. കുടകിനെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് മധുരം കൊണ്ടും സുഗന്ധം കൊണ്ടും സമ്പന്നമാക്കിയ പ്രധാന കാര്‍ഷിക വിളകളായ ഓറഞ്ച്, കാപ്പി കൃഷികള്‍ക്ക് മഴ ഏറെ നാശനഷ്ടമാണുണ്ടാക്കിയത്.

ഓര്‍മയില്‍പ്പോലും ശേഷിക്കാത്തവിധം നാരങ്ങത്തോട്ടങ്ങള്‍ ഒഴുക്കിക്കളഞ്ഞ മഴ കാപ്പിത്തോട്ടങ്ങളില്‍ വരുത്തിയത് അതിനേക്കാളേറെ നാശനഷ്ടങ്ങളാണ്. പാടങ്ങള്‍ നോക്കെത്താദൂരം കലങ്ങിപ്പരന്നു കിടക്കുകയാണ്. കേരളത്തെ പ്രളയക്കെടുതിയിലേക്ക് എടുത്തെറിഞ്ഞ ദുരന്തം വയനാട്ടില്‍ ആരംഭിച്ചപ്പോള്‍ തന്നെ കുടകും കെടുതികളിലേക്ക് നീങ്ങിയിരുന്നു.

കുടകില്‍ ഒഴുകുന്ന കാവേരി നദി കനത്ത മഴയെ തുടര്‍ന്ന് കരകവിഞ്ഞു. കുടക് വനങ്ങളില്‍ ഉരുള്‍പൊട്ടി. ഇതോടെ ദക്ഷിണ കന്നഡ ജില്ലയിലെ കുടകിലും മടിക്കേരിയിലും പ്രളയകെടുതി രൂക്ഷമായി.  മഴ തകര്‍ത്ത ഓറഞ്ച് തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും മറ്റ് കാര്‍ഷിക വിളകള്‍ നിറഞ്ഞപാടങ്ങളും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഹെലിക്കോപറ്ററില്‍ സന്ദര്‍ശിച്ചു.

പ്രളയത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും വീട് നഷ്ടപ്പെട്ടവര്‍ക്ക് 2.5 ലക്ഷം രൂപ വീതവും മുഖ്യമന്ത്രി അടിയന്തര ദുരിതാശ്വാസം പ്രഖ്യാപിച്ചിട്ടുണ്ട്. 850 വീടുകളാണ് തകര്‍ന്നത്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന ആശങ്ക രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഏജന്‍സികള്‍ പങ്കുവെക്കുന്നുമുണ്ട്. പ്രതികൂല സാഹചര്യങ്ങള്‍ കാരണം എത്തിപ്പെടാന്‍ കഴിയാത്ത ഉള്‍പ്രദേശങ്ങളിലെ സ്ഥിതി സംബന്ധിച്ചാണ് ആശങ്ക. നാലായിരത്തോളം പേരെയാണ് ഇതിനകം രക്ഷപ്പെടുത്തി 17 ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിച്ചത്.

മൈസൂര്‍- മടിക്കേരി, മൈസൂര്‍- മംഗളൂരു റോഡുകളില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. റവന്യൂ, പൊതുമരാമത്ത് വകുപ്പുകള്‍ ശേഖരിച്ച കണക്ക് പ്രകാരം 7500 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. കാര്‍ഷിക മേഖലയിലെ നഷ്ടം കൂടി കണക്കാക്കുമ്പോള്‍ 15000 കോടി വരുമെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു. മംഗലാപുരം, ബെംഗളൂരു നഗരങ്ങളിലേക്കുള്ള ഗതാഗതം ഇല്ലാതായത് മടിക്കേരിയിലെ വ്യാപാരമേഖലയെ ഒരുപരിധിവരെ തകര്‍ത്തിരിക്കുകയാണ്.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.