ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങള്‍ കടത്തുന്നതിനിടെ സര്‍ക്കാര്‍ ജീവനക്കാര്‍ പിടിയില്‍

Saturday 25 August 2018 2:38 am IST

കല്‍പ്പറ്റ: ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങള്‍ കടത്തുന്നതിനിടെ സര്‍ക്കാര്‍ ജീവനക്കാര്‍ പിടിയില്‍. പനമരം വില്ലേജ് ഓഫീസിലെ സ്‌പെഷല്‍ വില്ലേജ് ഓഫീസറായ  എം.പി ദിനേശന്‍, വില്ലേജ് അസിസ്റ്റന്റ് സിനീഷ് തോമസ്  എന്നിവരെയാണ് പനമരം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. 

മാനന്തവാടി തഹസില്‍ദാരുടെ പരാതി പ്രകാരമാണ് അറസ്റ്റ്. ഇന്നലെ  പുലര്‍ച്ചെ കാറുകളില്‍  സാധനങ്ങള്‍ കടത്താന്‍ ശ്രമിക്കവെ അന്തേവാസികള്‍ തടഞ്ഞ് തഹസില്‍ദാറെ വിളിക്കുകയായിരുന്നു. ക്യാമ്പിലേക്ക് കൊണ്ടുവന്ന  സ്ത്രീകളുടെ അടിവസ്ത്രങ്ങളടക്കമുള്ളവ കടത്തിക്കൊണ്ട് പോകാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്. 

ഇരുവര്‍ക്കുമെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മോഷണം നടത്തുന്നതിനെതിരെയുള്ള വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഏഴ്‌വര്‍ഷം തടവും, ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇന്നലെ രാത്രി ഇരുവരുടേയും കാറുകളില്‍ സാധനങ്ങള്‍ കയറ്റിവയ്ക്കുന്നത് ക്യാമ്പ് അന്തേവാസികള്‍ കണ്ടിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെയോടെ കാറുമെടുത്ത് പോകാന്‍ നേരം അന്തേവാസികള്‍ ഇവരെ തടഞ്ഞു. എന്നാല്‍ വേറെ സ്ഥലങ്ങളില്‍ വിതരണത്തിനായി കൊണ്ടു പോകുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഉദ്യോഗസ്ഥരെ തടഞ്ഞ  അന്തേവാസികള്‍ തഹസില്‍ദാരെ വിവരമറിയിച്ചു. തഹസില്‍ദാരുടെ പരാതി പ്രകാരം പനമരം പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ജില്ലയില്‍ പലയിടത്തുനിന്നും ഇത്തരത്തില്‍ പരാതി ഉയര്‍ന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.