മാരക രോഗങ്ങള്‍ പടരാതിരിക്കാന്‍ മുന്‍കരുതല്‍ വേണം: ഐഎംഎ

Saturday 25 August 2018 2:38 am IST

തിരുവനന്തപുരം: പ്രളയക്കെടുതിക്ക് ശേഷം മൃഗങ്ങളുടെ ശവശരീരങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുന്നുകൂടുന്നത് കാരണം സംസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഐഎംഎയുടെ ഉന്നത മെഡിക്കല്‍ ടീം വിലയിരുത്തി. മൃഗങ്ങളുടെ ശവശരീരങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ മാലിന്യങ്ങളും ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കുന്നതിന് അടിയന്തര പ്രാധാന്യം നല്‍കുകയും, ആരോഗ്യ വകുപ്പും തദ്ദേശ സ്ഥപനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും കൂടിയാലോചിച്ച് ഈ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുകയും വേണമെന്ന് ഐഎംഎ വിലയിരുത്തി.

ആശുപത്രി  മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്ന ഐഎംഎയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കാരണവശാലും തടസ്സം വരുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ട ഘട്ടമാണ് ഇതെന്ന്  ഐഎംഎ ചൂണ്ടിക്കാട്ടി.  ആശുപത്രി മാലിന്യ സംസ്‌കരണം തടസപ്പെട്ടാല്‍ പകര്‍ച്ചവ്യാധികളുടെ സാധ്യത വന്‍തോതില്‍ വര്‍ധിക്കാനുമിടയാകും. അത് തടയാനുള്ള സമഗ്രമായ നടപടിയും സ്വീകരിക്കും.

ലോകാരോഗ്യ സംഘടനയുടേയും, യൂണിസെഫിന്റേയും, വിദഗ്ധ അംഗങ്ങളുമായി ഇത് സംബന്ധിച്ച് ഐഎംഎ ചര്‍ച്ച നടത്തി. കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രളയബാധിതരുടെ മാനസിക ആരോഗ്യം വിലയിരുത്തുവാനും. അവര്‍ക്ക് ആവശ്യമായ ചികിത്സ, കൗണ്‍സലിങ് എന്നിവ നല്‍കുവാനും, കേരളത്തിലെ 14 ജില്ലകളിലും മാനസിക ആരോഗ്യ വിദഗ്ധര്‍ അടങ്ങിയ സമിതി രൂപീകരിക്കും. സംസ്ഥാനത്തെ പ്രളയബാധിത ക്യാമ്പുകളില്‍ നിന്നുള്ള ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ഐഎംഎ യുടെ ഇമേജ് പദ്ധതി വഴി സൗജന്യമായി നിര്‍മാജനം ചെയ്യാനും തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.