കൈത്തറി മേഖലയ്ക്ക് കനത്ത തിരിച്ചടി; വിറ്റുവരവില്‍ വന്‍ ഇടിവ്

Saturday 25 August 2018 2:39 am IST

കണ്ണൂര്‍: പ്രകൃതി ദുരന്തം ഓണാഘോഷത്തിന്റെ പൊലിമ കുറയ്ക്കുകയും സംസ്ഥാനത്തെ ഭൂരിഭാഗം കുടുംബങ്ങളും ആഘോഷങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തത് കൈത്തറി മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. തറികളുടെ നാടെന്ന് പേരുകേട്ട കണ്ണൂരിലെ കൈത്തറി സംഘങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഭീമമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഉത്സവ സീസണുകളിലെ കച്ചവടത്തിലൂടെയാണ് ഒട്ടുമിക്ക സംഘങ്ങളും ഓരോ വര്‍ഷവും മുന്നോട്ടു പോയിരുന്നത്. പുതിയ സാഹചര്യത്തില്‍ വരും നാളുകളില്‍ തൊഴിലാളികളും സംഘങ്ങളും ഏറെ ബുദ്ധിമുട്ടും.

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളായ ഹാന്‍ടെക്‌സ്, ഹാന്‍ഡ്‌ലൂം സ്ഥാപനങ്ങള്‍ക്ക് ഓണക്കച്ചവടത്തിലുണ്ടായ കുറവ് പ്രതിസന്ധിക്ക് കാരണമാകും. ഓണാഘോഷത്തിന്റെ വരവ് മുന്‍കൂട്ടി കണ്ട് ഒട്ടുമിക്ക സംഘങ്ങളും പതിവില്‍ നിന്നും കൂടുതല്‍ നിര്‍മാണം നടത്തുകയും സ്റ്റോക്ക് ചെയ്യുകയുമുണ്ടായി. കേരളത്തിലങ്ങോളമിങ്ങോളം ഓണ വിപണിയില്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ കൈത്തറി സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാറുണ്ട്. വെളളപൊക്കം കാരണം ഇവിടങ്ങളിലൊന്നും വില്‍പ്പന നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. 

കണ്ണൂരില്‍ സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ ഓണം-വിഷു ആഘോഷങ്ങളുടെ ഭാഗമായി വര്‍ഷം തോറും കൈത്തറി മേളകള്‍ സംഘടിപ്പിക്കാറുണ്ട്. ഇത്തവണയും കണ്ണൂര്‍ പോലീസ് മൈതാനിയില്‍ ആഗസ്റ്റ് ആദ്യവാരം തന്നെ മേള ആരംഭിച്ചിരുന്നു. 47 കൈത്തറി സംഘങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് കൈത്തറി സംഘങ്ങളുടെ കോഡിനേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ തവണ അഞ്ചരക്കോടിയിലധികം വിറ്റുവരവുണ്ടായിരുന്ന മേളയില്‍ ഇത്തവണ ഇന്നലെവരെ മൂന്നരക്കോടി രൂപയുടെ വിറ്റുവരവ് മാത്രമാണ് നടന്നത്. 

എട്ടരക്കോടി രൂപയുടെ വരുമാനമാണ് ഇത്തവണ മേളയിലൂടെ പ്രതീക്ഷിച്ചതെങ്കിലും മേള അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ നാലുകോടി വരുമാനം തികഞ്ഞാല്‍ ഭാഗ്യമെന്നതാണ് സ്ഥിതി. മേള ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടുവെങ്കിലും കഴിഞ്ഞ രണ്ടു ദിവസം മാത്രമാണ് വിപണിയില്‍ അല്‍പ്പം തിരക്ക് അനുഭവപ്പെട്ടതെന്ന് കൈത്തറി സഹകരണ സംഘം ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.