കുതിരാന്‍ തുരങ്കത്തിലൂടെ വാഹന സര്‍വീസ് തുടങ്ങി

Saturday 25 August 2018 2:40 am IST

തൃശൂര്‍ :   കുതിരാന്‍ തുരങ്കത്തിലൂടെ അത്യാവശ്യ വാഹനങ്ങളുടെ സര്‍വീസ് തുടങ്ങി.  ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധന സാമഗ്രികളും മറ്റ് അവശ്യസാധനങ്ങളും കൊണ്ടുപോകുന്നവാഹനങ്ങളെ മാത്രമാണ് ഇന്നലെ രാവിലെ മുതല്‍ കടത്തിവിട്ടു തുടങ്ങിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച കുതിരാനിലെ ഒന്നാമത്തെ തുരങ്കത്തിലൂടെയാണ് വാഹനങ്ങള്‍ കടത്തിവിട്ടുകൊണ്ടിരിക്കുന്നത്.

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി പോകുന്ന വാഹനങ്ങള്‍ക്കും, ആംബുലന്‍സ്, പോലീസ്, ഫയര്‍ഫോഴ്സ്  വാഹനങ്ങള്‍ക്കും മാത്രമായിരിക്കും ഇപ്പോള്‍ പ്രവേശനം. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരെ കനത്ത പോലീസ് നിയന്ത്രണത്തിലാണ് തുരങ്കത്തിലൂടെ വാഹനങ്ങളെ കടത്തിവിടുക. 

തുരങ്കത്തിനുള്ളില്‍ 20 കിലോമീറ്റര്‍ വേഗതയില്‍ മാത്രമെ വാഹനങ്ങള്‍ ഓടിക്കാന്‍ പാടുള്ളൂവെന്ന നിയന്ത്രണമുണ്ട്.  തുരങ്കത്തിനുള്ളില്‍ വെളിച്ച സംവിധാനമില്ല. വാഹനങ്ങളുടെ ലൈറ്റ് മാത്രമാണുള്ളത്. നിലവിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമായ ശേഷം ഗതാഗതം നിര്‍ത്തും. തുരങ്കുമുഖത്ത് ഇടിഞ്ഞു കിടക്കുന്ന മണ്ണ് നിര്‍മാണകമ്പനി നീക്കം ചെയ്യുകയാണ്. തുരങ്കം ഗതാഗതത്തിനായി ഭാഗികമായി തുറന്നുകൊടുത്തതോടെ കുതിരാനിലെ  വാഹനങ്ങളുടെ തിരക്കും നീണ്ട നിരയും കുറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.