പ്രധാനമന്ത്രിയുടെ സുഹൃത്ത്

Saturday 25 August 2018 2:42 am IST
" പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അത്താനാസിയോസ്"

ചെങ്ങന്നൂര്‍: ഇന്നലെ അന്തരിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തയും ചെങ്ങന്നൂര്‍ ഭദ്രാസന അധിപനുമായിരുന്ന തോമസ് മാര്‍ അത്താനാസിയോസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. ഗുജറാത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ അദ്ദേഹം അവിടെ നിരവധി വിദ്യാലയങ്ങള്‍ തുടങ്ങി. മനുഷ്യന് ഭക്ഷണവും വെള്ളവുമെന്നപോലെ വിദ്യാഭ്യാസവും പരമപ്രധാനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം അദ്ദേഹം വിനിയോഗിച്ചു.

 ഗുജറാത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനായി അന്ന് മുഖ്യമന്ത്രിയായ നരേന്ദ്രമോദിയെ സമീപിച്ചപ്പോള്‍ ഉളള അനുഭവം അദ്ദേഹം  എല്ലാ പൊതു വേദികളിലും പറയുമായിരുന്നു. ഗുജറാത്തില്‍ സ്‌ക്കൂള്‍ തുടങ്ങാന്‍ അനുമതി തേടി ചെന്ന സമയത്ത് മുന്‍കൂട്ടി അനുവാദവില്ലാതെ മോദിയെ കാണാന്‍ സാധിച്ചതും അനുമതി അടക്കമുളള കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ഇടപെടല്‍കൊണ്ട് സമയബന്ധിതമായി ലഭിച്ചതും അദ്ദേഹം ഓര്‍മിക്കുമായിരുന്നു. ഗുജറാത്തിലെ പിന്നാക്ക വിഭാഗക്കാര്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

മോദി പ്രധാനമന്ത്രിയായപ്പോഴും പഴയകാല അടുപ്പം കാത്തുസൂക്ഷിക്കുവാനും അദ്ദേഹത്തെ നേരിട്ട് ഫോണില്‍ വിളിക്കുവാനുളള സ്വാതന്ത്രവും അത്താനാസിയോസിന് ഉണ്ടായിരുന്നു. അതേ സമയം കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളുമായും അദ്ദേഹം വ്യക്തിബന്ധം പുലര്‍ത്തിയിരുന്നു. എല്ലാ നേതാക്കന്മാരോടും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെപ്പറ്റിയും പാഠ്യപദ്ധതിയില്‍ വരുത്തേണ്ട കാലോചിതമായ പരിഷ്‌ക്കാരങ്ങളെപ്പറ്റിയും അദ്ദേഹം തന്റേതായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഗുജറാത്തിന്റെ ഗ്രാമീണ മനസ്സിനെ തൊട്ടറിഞ്ഞതും അവരുടെ ഉന്നമനത്തിനും ഉതകുന്ന പദ്ധതികള്‍ തയാറാക്കിയതും അത് പ്രാവര്‍ത്തകമാക്കാന്‍ ഭരണാധികാരി എന്ന നിലയില്‍ മോദിയുമായി നടത്തിയ കൂടിക്കാഴ്ചകളുമാണ് ഇവര്‍ തമ്മില്‍ അടുത്ത സൗഹൃദത്തിന് കാരണമായിത്തീര്‍ന്നത്.

ചെങ്ങന്നൂരില്‍ പുത്തന്‍കാവിലെ പ്രശസ്തമായ കിഴക്കേ തലയ്ക്കല്‍ കുടുംബത്തില്‍ പരേതരായ കെ.റ്റി.തോമസിന്റെയും ഏലിയാമ്മയുടേയും  പുത്രനായി 1938ഏപ്രില്‍ 3ന് ആയിരുന്നു ജനനം. വൈദികനായി ഉത്തരേന്ത്യയിലെ വിവിധ ഇടവകകളില്‍ സേവനം അനുഷ്ടിച്ചു. 

ചെങ്ങന്നൂരിലെ ഭദ്രാസനത്തിലെ പള്ളികളും രൂപകല്‍പ്പന ചെയ്തിട്ടുള്ളത് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. ഭാരതീയ സങ്കല്‍പ്പത്തിലുള്ള ആരാധനാലയങ്ങള്‍ ഓര്‍ത്തഡോക്സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനത്തില്‍ ആണ് നിര്‍മ്മിച്ച് വന്നിരുന്നത്. 

ആലപ്പുഴയിലെ പ്രഥമിക വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം എം.ടി. സെമിനാരി സ്‌കൂള്‍, സിഎംഎസ് കോളേജ്, എസ്.ബി കോളേജ് ചങ്ങനാശ്ശേരി, ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജ്, കൊല്‍ക്കത്ത സെരാംപോര്‍ കേളേജ്, ബറോഡ എംഎസ് യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. പിന്നീട് പൗരോഹിത്യത്തിലേക്ക് തിരിഞ്ഞു. 1985ല്‍ ചെങ്ങന്നൂര്‍ ഭദ്രാസനം രൂപീകരിച്ചത് മുതല്‍ ഇദ്ദേഹമാണ് ഭദ്രാസനാധിപന്‍. ഓര്‍ത്തഡോക്‌സ് സഭാ സിനഡ് സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

എം.എസ്. സനല്‍കുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.