പ്രളയം: കേന്ദ്രം സഹായിച്ചു, ഒരു മടിയുമില്ലാതെ

Saturday 25 August 2018 2:46 am IST

ന്യൂദല്‍ഹി: കേരളത്തില്‍ അടുത്തിടെയുണ്ടായ പ്രളയത്തിനെ നേരിടുന്നതിനായി ഒരു മടിയുമില്ലാതെ സ്വീകരിച്ച നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്രൈസിസ് മാനേജ്‌മെന്റ് യോഗത്തിനു ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇതുവരെ സ്വീകരിച്ച നടപടികള്‍ അക്കമിട്ടു വിശദമാക്കിയത്. കേന്ദ്രം ഇപ്പോള്‍ അനുവദിച്ചിട്ടുള്ള 600 കോടി ആദ്യഗഡു സഹായം മാത്രമാണ്. നിലവിലുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഡിആര്‍എഫില്‍ നിന്നു കൂടുതല്‍ ഫണ്ടുകള്‍ നല്‍കും.

എല്ലാ ദിവസവും പ്രധാനമന്ത്രി നിരീക്ഷിക്കുന്നു

കേരളത്തിലെ പ്രളയക്കെടുതിക്കു ശേഷമുള്ള സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിരന്തരം നിരീക്ഷിക്കുന്നു. ഈ മാസം 17നും 18നും പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തില്‍ കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ദേശീയ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. അവര്‍ യോഗം ചേര്‍ന്ന് നിരന്തരമായി രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്തു. പ്രതിരോധ സേനകള്‍, എന്‍ഡിആര്‍എഫ്, എന്‍ഡിഎംഎ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരും  മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും യോഗത്തില്‍ സംബന്ധിച്ചു. കേരള ചീഫ് സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചര്‍ച്ചകളില്‍ പങ്കെടുത്തു.

സുരക്ഷാ പ്രവര്‍ത്തനങ്ങളും വിഭവസമാഹരണവും

കേന്ദ്രം വലിയതോതില്‍ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും ആരംഭിച്ചു. 40 ഹെലികോപ്റ്ററുകള്‍, 31 വിമാനങ്ങള്‍, രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി 182 ടീമുകള്‍, പ്രതിരോധസേനകളുടെ 18 മെഡിക്കല്‍ ടീമുകള്‍, എന്‍ഡിആര്‍എഫിന്റെ 58 ടീമുകള്‍, സിഎപിഎഫിന്റെ ഏഴു കമ്പനി എന്നിവയോടൊപ്പം 500 ബോട്ടുകളും. 60,000 ലധികം മനുഷ്യജീവനുകളെ രക്ഷിച്ച് ദുരിതാശ്വക്യാമ്പുകളില്‍ എത്തിച്ചു. വിമാനങ്ങളും ഹെലികോപ്റ്ററുകളും 1,168 പറക്കല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ 1,286 ടണ്‍ ഭാരവും 3,332 രക്ഷകരെ വഹിച്ചുകൊണ്ട് വേഗത്തിലുള്ള 1084 യാത്രകള്‍ നടത്തി. നാവിക സേനയുടെയും തീരസംരക്ഷണസേനയുടെയും കപ്പലുകളെ കേരളത്തിലേക്ക് ദുരിതാശ്വാസ സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് നിയോഗിച്ചു. തിരച്ചിലും സുരക്ഷാ പ്രവര്‍ത്തനങ്ങളും വിഭവസമാഹരണവും നടത്തിയതിന്  മാത്രം കേന്ദ്ര സര്‍ക്കാരിന് നൂറുക്കണക്കിന് കോടി രൂപ ചെലവായിട്ടുണ്ട്.

അധിക സഹായം ഉടന്‍

പ്രളയത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും കാര്യത്തില്‍ കേരളം നിവേദനം സമര്‍പ്പിച്ച ഉടന്‍  കേന്ദ്ര അന്തര്‍ മന്ത്രാലയ സംഘം (ഐഎംസിടി) രൂപീകരിച്ചു. അവര്‍ ആഗസ്റ്റ് ഏഴു മുതല്‍ 12 വരെ സംസ്ഥാനത്ത് ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തി. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും  ആഭ്യന്തരമന്ത്രി  രാജ്നാഥ് സിംഗും കേരളം സന്ദര്‍ശിച്ചു. വീണ്ടും പ്രളയമുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തിന് പുതിയ നിവേദനം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നുള്ളതുകൊണ്ട് ഐഎംസിടിയുടെ വിലയിരുത്തലോ ഉന്നതല സമിതിയുടെ തീരുമാനമോ ഇല്ലാതെ തന്നെ അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍  600 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തിന്റെ ദുരന്തനിവാരണ ഫണ്ടില്‍ ഇതിനകം തന്നെ ലഭ്യമാക്കിയ 562.45 കോടിക്ക് പുറമെയാണിത്. മരുന്നുകള്‍, ഭക്ഷ്യധാന്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള മറ്റ് അത്യാവശ്യ സാധനങ്ങളും വന്‍തോതില്‍ കേന്ദ്രം ലഭ്യമാക്കി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ചട്ടങ്ങളും നടപടിക്രമങ്ങളും  മാറ്റിവച്ചാണ് ഈ വസ്തുക്കള്‍ വിതരണം ചെയ്തത്. 

വിവിധ പദ്ധതികളിലൂടെ സഹായം

 പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധി(പിഎംഎന്‍ആര്‍എഫ്)യില്‍ നിന്ന് എക്സ് ഗ്രേഷ്യാ പേ മെന്റ്, പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ കേടുപാടുകള്‍പറ്റിയ വീടുകളുടെ നിര്‍മ്മാണം, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ അധികമായി 5.5 കോടി മനുഷ്യദിനങ്ങള്‍, എച്ച്എഐ, എന്‍ടിപിസി, പിജിസിഐഎല്‍ പോലുള്ള ദേശീയ ഏജന്‍സികളോട് ദേശീയപാതകളുടെ അറ്റകുറ്റപണികള്‍ക്ക് സംസ്ഥാനത്തെ സഹായിക്കാനും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനും നിര്‍ദ്ദേശിച്ചതുള്‍പ്പെടെയുള്ളതാണ് ഈ പദ്ധതികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.