അവധി ഉപേക്ഷിച്ച് ദുരന്തമുഖത്ത് ശത്രുവിനെ തോല്പിച്ച വീര്യത്തോടെ മേജര്‍ ഹേമന്ദ്‌രാജ്

Saturday 25 August 2018 2:52 am IST
"മേജര്‍ ഹേമന്ദ് രാജ് കുടുംബത്തോടപ്പം "

കോട്ടയം: യുദ്ധത്തില്‍ ശത്രുവിനെ തോല്പിച്ച സന്തോഷമാണ് പ്രളയഭൂമിയില്‍  നിന്ന് മടങ്ങിയെത്തിയ മേജര്‍ ഹേമന്ദ്‌രാജിന്. മഹാപ്രളയത്തില്‍ അകപ്പെട്ട ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഇറങ്ങി പുറപ്പെട്ടത് യാദൃച്ഛികമായാണെങ്കിലും സൈനികന്റെ കടമ എന്താണെന്ന് അദ്ദേഹം സേവനത്തിലൂടെ തെളിയിച്ചു. ഏറ്റുമാനൂര്‍ സ്വദേശിയായ മേജര്‍ ഹേമന്ദ്‌രാജ്  പ്രളയ വാര്‍ത്തയറിഞ്ഞ് അവധി ഉപേക്ഷിച്ചാണ് രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടത്. 

 പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ സൈനിക സേവനം നടത്തുന്ന ഹേമന്ദ്‌രാജ് ഇത്തവണ ഓണാഘോഷത്തിനാണ് നാട്ടിലെത്തിയത്. എന്നാല്‍ അദ്ദേഹം സഞ്ചരിച്ച വിമാനത്തിന് നെടുമ്പാശ്ശേ രി വിമാനത്താവളത്തില്‍ ഇറങ്ങാനായില്ല. പകരം തിരുവനന്തപുരത്താണ് ഇറങ്ങിയത്. പ്രളയത്തെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് മനസ്സിലാക്കിയ അദ്ദേഹം ഒരു പട്ടാളക്കാരന്റെ കടമ നിര്‍വഹിക്കാനുള്ള ആവേശത്തില്‍ തിരുവനന്തപുരത്തെ സൈനിക ആസ്ഥാനവുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് അവിടെ നിന്നു തന്നെ സൈന്യത്തിന്റെ ഹെലികോപ്ടറില്‍ ആലുവയിലെ പ്രളയ ദുരന്തമുഖേത്തേക്ക് അദ്ദേഹം പറന്നെത്തുകയായിരുന്നു.

ആലുവയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുമ്പോഴാണ് ചെങ്ങന്നൂരില്‍ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി അറിയുന്നത്. ചെങ്ങന്നൂരിലെത്തുമ്പോള്‍ വിരമിച്ച സേനാംഗങ്ങളും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന ് ആയിരങ്ങളെ രക്ഷിക്കാനുള്ള തീവ്രശ്രമം നടത്തുന്ന കാഴ്ചയാണ് കണ്ടത്. സേവാഭാരതിയുടെ ചെറുപ്പക്കാരും ഉണ്ടായിരുന്നു. കുത്തിയൊഴുകുന്ന പമ്പയുടെ കരകളില്‍ നിന്ന് വയോധികരെയും രോഗികളെയും കുട്ടികളെയും സ്ത്രീകളെയും രക്ഷിക്കുന്ന രംഗം അത്യന്തം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

ആദ്യം മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളിലായിരുന്നു രക്ഷാപ്രവര്‍ത്തനം. പിന്നീട് കരസേനയുടെ ബോട്ടുകള്‍ എത്തി. ദിവസേന 15,000 പേരുടെ ജീവനാണ് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ രക്ഷിക്കാനായത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ തുറന്ന കണ്‍ട്രോള്‍ റൂമിന്റെ നിയന്ത്രണം ഹേമന്ദ്‌രാജിനായിരുന്നു. മലയാളിയായിരുന്നതിനാല്‍ നാട്ടുകാരുമായുള്ള ആശയവിനിമയം കൂടുതല്‍ എളുപ്പമായി. മൂന്നു ദിവസം ആഹാരവും വെള്ളവുമില്ലാതെ കഴിഞ്ഞിരുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുമ്പോഴുണ്ടാകുന്ന അനുഭവം ഒരിക്കലും മറക്കാനാവത്തതാണെന്ന് അദ്ദേഹം പറയുന്നു.  

നാഷണല്‍ ഡിഫന്‍സ് അക്കാദമി, മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം വിവിധയിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു. ജമ്മുകാശ്മീര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും രാഷ്ട്രപതി ഭവന്റെ ആര്‍മി ജനറല്‍, നാഷണല്‍ ഡിഫന്‍സ് അക്കാദമി ഇന്‍സ്ട്രക്ടര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.  ഏറ്റുമാനൂര്‍ തവളക്കുഴി മുത്തുച്ചിപ്പിയില്‍ വിരമിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ ടി.കെ. രാജപ്പന്റെയും മെഡിക്കല്‍ കോളേജില്‍ നിന്ന് വിരമിച്ച നഴ്‌സിങ് സൂപ്രണ്ട് ലതികാഭായിയുടെയും മകനാണ് മേജര്‍ ഹേമന്ദ്‌രാജ്. ഭാര്യ: ഡോ. തീര്‍ഥ  ഹേമന്ദ് ദന്തല്‍ ക്ലിനിക്ക് നടത്തുകയാണ്.  മകന്‍ അയന്‍. 

കുടമാളൂര്‍ രാധാകൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.