മഹാ വിപത്തില്‍ ഒപ്പം നിന്ന്; വ്യാജപ്രചാരണങ്ങളുടെ മുന ഒടിച്ചും മാധ്യമങ്ങളെ തിരുത്തിയും സമൂഹമാധ്യമങ്ങള്‍

Saturday 25 August 2018 2:53 am IST

തിരുവനന്തപുരം: പ്രളയത്തില്‍ നിരവധി ജീവനുകളെ രക്ഷിച്ചും തെറ്റായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളെ തിരുത്തിയും കാണാത്ത കാഴ്ച്ചകളും സത്യങ്ങളും  നേര്‍ക്കാഴ്ചയായി എത്തിച്ചുമാണ് സമൂഹമാധ്യമങ്ങള്‍ കേരളത്തിലുണ്ടായ മഹാ വിപത്തിനെ സമീപിച്ചത്. ദുരിതാശ്വാസത്തിനായി  കോടിക്കണക്കിന് രൂപയും ഇതുവഴി സമാഹരിക്കാനായി. 

സമൂഹമാധ്യമങ്ങളില്‍ സാധാരണ വിമര്‍ശന ബുദ്ധിയോടെയുള്ള ട്രോളുകള്‍ക്കാണ് കൂടുതല്‍ പ്രചാരണം ലഭിക്കാറ്. എന്നാല്‍ മൊബൈല്‍ ചാര്‍ജ് തീര്‍ന്നാല്‍ എന്തു ചെയ്യാം, വെള്ളം കയറിയാല്‍ രക്ഷിക്കാന്‍ ആരെ ബന്ധപ്പെടാം, സഹായം വേണ്ടവര്‍ ലൊക്കേഷന്‍ എങ്ങനെ മാര്‍ക്ക്‌ചെയ്യാം, വെള്ളമിറങ്ങിയ പ്രദേശങ്ങളില്‍ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണം തുടങ്ങിയ അറിവുകള്‍ പകരുന്ന ട്രോളുകളാണ് കൂടുതലും പ്രചരിച്ചത്.

പ്രളയത്തില്‍ സഹായകരമായ പ്രവര്‍ത്തനങ്ങളില്‍ ലോകമെങ്ങുമുള്ള ജനത ഒരേ മനസ്സോടെ കര്‍മനിരതരായപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെയും സൈന്യത്തേയും സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സേവാഭാരതിയെയും വിമര്‍ശിക്കാനായിരുന്നു ഒരു വിഭാഗം മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ശ്രമിച്ചത്. അവര്‍ പടച്ചു വിട്ട വിവരക്കേടുകള്‍ക്ക് സമൂഹമാധ്യമങ്ങള്‍ അതേ നാണയത്തില്‍  മറുപടിയും നല്‍കി.

യുഎഇ സര്‍ക്കാര്‍ 700 കോടി നല്‍കുമെന്നും കേന്ദ്രം അതിന് തടസ്സം നില്‍ക്കുകയാണെന്നുമുള്ള വ്യാജ വാര്‍ത്ത സംസ്ഥാന സര്‍ക്കാരും കേരളത്തിലെ പ്രമുഖ ദൃശ്യ-പത്ര മാധ്യമങ്ങളും ഏറ്റെടുത്ത് വിവാദമുണ്ടാക്കാന്‍ ശ്രമിച്ചു. എന്നാല്‍ യുഎഇ ഭരണാധികാരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വ്യാജമാണെന്ന് സമൂഹമാധ്യങ്ങള്‍ തെളിവുകള്‍ നിരത്തിയതോടെ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത തെറ്റാണെന്ന് തിരുത്തേണ്ടി വന്നു.

സന്നദ്ധ സംഘടനകള്‍  നടത്തുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ പിടിച്ചെടുക്കാന്‍ വന്ന ഇടത് സഖാക്കളെ ജനം കൈകാര്യം ചെയ്യുന്നതും ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാന്‍  ശ്രമിച്ച ഇടത് നേതാക്കളെ ദുരിത ബാധിതര്‍ തടയുന്നതും ബക്കറ്റ് പിരിവിന് ഇറങ്ങിയവരെ ജനം ഓടിക്കുന്നതും  സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യമായി. കര്‍ത്തവ്യം നിര്‍വ്വഹിക്കാത്തവരെ കണക്കിന് പരിഹസിച്ചു. പ്രളയം നടക്കുമ്പോള്‍ ജര്‍മ്മനിക്കും ഇറ്റലിയിലും പോയ മന്ത്രിയും എംഎല്‍എയും, സ്വകാര്യ ചാനല്‍പരിപാടിയില്‍ ഉല്ലസിക്കാന്‍ പോയ സിനിമാ താരം മുകേഷ് എംഎല്‍എ, വൈദ്യുത ചാര്‍ജ് കൂട്ടിയ മന്ത്രി എംഎം. മണി, അനവസരത്തിലെ ബക്കറ്റ് പിരിവിന് ഇറങ്ങിയ ഇടത് സഖാക്കള്‍, ബോട്ട് കളിച്ച കുഞ്ഞാലിക്കുട്ടി, മുഖം കൊടുക്കാതെ, പ്രതികരിക്കാതെ ഒളിച്ചു നടന്ന സാംസ്‌കാരിക നായകര്‍ തുടങ്ങിയവരേയും കണക്കിന് വിമര്‍ശിക്കാന്‍ സമൂഹമാധ്യമങ്ങള്‍ മടികാണിച്ചില്ല.

എസ്.ജെ. ഭൃഗുരാമന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.