ഈ മനോദു:ഖത്തെ നാം അതിജീവിക്കും; പക്ഷേ

Saturday 25 August 2018 3:00 am IST
കാണം വിറ്റും ഓണമുണ്ടു ശീലമുള്ള മലയാളിക്ക് ഇക്കുറി വില്‍ക്കാന്‍ കാണം പോലുമില്ലാത്ത സ്ഥിതി... പ്രളയ ദുരിതത്തില്‍ അകപ്പെട്ടു പോയ മലയാളി പൂവിളികളും ആരവങ്ങളും ആര്‍പ്പുവിളികളും ഒന്നുമില്ലാതെയാണ് ഇക്കുറി മാവേലിമന്നനെ വരവേല്‍ക്കുന്നത്. എന്നാല്‍ സഹ ജീവികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച സുമനസ്സുകളുടെ പൂക്കളമാണ് ഈ ഓണക്കാലത്തെ ഏറ്റവും വലിയ സവിശേഷത. ദുരിതം വിതച്ചെങ്കിലും ഈ മഹാപ്രളയം മുമ്പൊന്നുമില്ലാത്ത തരത്തില്‍ ശക്തമായി മലയാളിയുടെ മനസ്സുകളെ ഒരുമിപ്പിച്ചിരിക്കുന്നു. എല്ലാം നഷ്ടമായവര്‍ ജീവിതതാളം വീണ്ടെടുക്കുവാന്‍ ശ്രമിക്കുകയാണ്.

പ്രളയദുരന്തത്തില്‍പ്പെട്ട് മഹാബലിയുടെ നാട് ദുഃഖിക്കുകയാണിന്ന്. ഇങ്ങനെയൊരു കേരളമാണോ നമുക്കാവശ്യമെന്ന ചിന്തയ്ക്കാണ് ഇപ്പോള്‍ പ്രസക്തി. ഓണാഘോഷങ്ങള്‍ മാറ്റിവച്ച് നമ്മളെല്ലാവരും പ്രളയബാധിതര്‍ക്കൊപ്പം ചേരുമ്പോള്‍ വന്ന വഴിയെകുറിച്ചുള്ള ചിന്ത അത്യാവശ്യമാണ്. 

പ്രളയ ശേഷം ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം പറയുക വളരെ ദുഷ്‌കരമാണ്. കാരണം നമുക്ക് ഇത്തിരി സ്ഥലമേ ഉള്ളു. മലനാട്, ഇടനാട്, കടല്‍ത്തീരം എന്നീ മൂന്നായി അത് വിഭജിക്കപ്പെട്ടിരിക്കുന്നു. മലകള്‍ക്കും തീരത്തിനും ഇടയിലുള്ള ചെറിയ നാട്. ജനസംഖ്യയോ വളരെക്കൂടുതലും. ഇത്തിരിപ്പോന്ന ഈ സ്ഥലത്താണ് ഇത്രയധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കേണ്ടത്. ഇതുവരെ എല്ലാ പ്രകൃതി നിയമങ്ങളെയും ലംഘിച്ചുകൊണ്ടാണ് നാം ജീവിച്ചത്. അതിനിയും തുടര്‍ന്നാല്‍ കൂടുതല്‍ ആപത്തുകള്‍ കാത്തു നില്‍ക്കുന്നു. ഇപ്പോള്‍ വന്നതിലും ഭീകരമായിരിക്കും വരാനിരിക്കുന്നതെന്ന തിരിച്ചറിവുണ്ടാകണം. 

മലകള്‍ നിറയെ ക്വാറികള്‍. എവിടെ പാറയുണ്ടോ അവിടെയെല്ലാം ക്വാറികള്‍. ക്വാറികളുടെ ദൂരപരിധി 50 മീറ്ററാക്കി കുറച്ച് നമ്മള്‍ പാറപൊട്ടിക്കുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കിയിരിക്കുന്നു. സഹ്യപര്‍വ്വതം ക്ഷയിച്ചുകൊണ്ടേയിരിക്കുകയാണ്. കുന്നുകള്‍ ഇടിച്ചു നിരത്തി വന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നു. കുന്നിടിച്ച മണ്ണുകൊണ്ട് തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നു. കടല്‍തീരങ്ങള്‍ കയ്യേറ്റക്കാര്‍ക്കും കുത്തകകള്‍ക്കും തീറുനല്‍കിയിരിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്കു പോലും താമസിക്കാനിവിടെ സ്ഥലമില്ലാതായി. വിനോദസഞ്ചാരത്തിന്റെ പേരില്‍ മലകളെയും കാടുകളെയും കയ്യേറ്റ ഭൂമിയാക്കിയ വന്‍കിടക്കാര്‍ കടലിനെയും വെറുതെ വിടുന്നില്ല. കടലും നദിയും കാടും കുന്നും എല്ലാം കയ്യേറിയിരിക്കുന്നു. 

മണ്ണിനെ കോണ്‍ക്രീറ്റിട്ട് നിരത്തി ശ്വാസം മുട്ടിക്കുന്നു. മണ്ണില്‍ ചവിട്ടി നടക്കാന്‍ മലയാളി മടിക്കുന്നു. വീട്ടുമുറ്റങ്ങളില്ലാതായി. മഴപെയ്ത് വെള്ളം ഭൂമിയിലേക്കിറങ്ങാതായിരിക്കുന്നു. ഭൂമിയുടെ സ്വാഭാവിക രീതിക്ക് ഇണങ്ങാത്ത നിര്‍മ്മിതികളും കൃഷിരീതിയും ഭൂമിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്നു. ഇതിനെല്ലാം മാറ്റമുണ്ടാകാന്‍ മലയാളിയുടെ ജീവിത ശൈലിയില്‍ മാറ്റം വരുത്തണം. അത്തരത്തിലൊരു മാറ്റം മലയാളിക്ക് എളുപ്പമാണെന്ന് എനിക്ക് തോന്നുന്നില്ല. അതാണ് എന്നെ കൂടുതല്‍ ഭയപ്പെടുത്തുന്നത്.

ഏറ്റവും കൂടുതല്‍ അണക്കെട്ടുകളുള്ളത് നമ്മുടെ കൊച്ചു കേരളത്തിലാണ്. നദികളുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയുള്ള ചൂഷണം. എല്ലാം അധികമാകുമ്പോള്‍ തിരിച്ചടികളുണ്ടാകുന്നു. അതിരപ്പള്ളിയില്‍ അണക്കെട്ടുണ്ടായിരുന്നെങ്കില്‍ ഇത്രയധികം ദുരന്തമുണ്ടാകില്ലെന്ന ഉദ്യോഗസ്ഥ പ്രഭുവിന്റെ വാദം കേട്ടപ്പോള്‍ പ്രതിഷേധത്തെക്കാളധികം ലജ്ജയാണുണ്ടായത്.

നദികളെയെല്ലാം നമ്മള്‍ അപമാനിക്കുകയാണ്. നദികളും കടലും മനുഷ്യന്റെ കുപ്പത്തൊട്ടികളായി. എല്ലാം മാലിന്യവാഹിനികളായി. പ്രളയത്തിനു ശേഷം നദീതീരങ്ങളില്‍ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ ഇപ്പോള്‍ വീണ്ടും നദിയിലേക്കു തന്നെ നിക്ഷേപിക്കുന്ന കാഴ്ചകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടു. ഇത്രയൊക്കെയായിട്ടും നമുക്ക് പഠിക്കാനാകുന്നില്ല.

ഇതിനൊക്കെ പരിഹാരമുണ്ടോ? എനിക്കു തോന്നുന്നില്ല. മലഞ്ചരിവുകളില്‍ വീട്‌വച്ച് താമസിച്ചവരില്‍ അധികം പേരുടെയും വീടുകള്‍ ഉരുള്‍ പൊട്ടലില്‍ തകര്‍ന്നു. എത്രയോ ജീവനുകളാണ് നഷ്ടപ്പെട്ടത്. അവര്‍ക്കിനിയും മലഞ്ചരിവുകളില്‍ താമസിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കുമോ? നല്‍കാന്‍ പാടില്ല. അവരെ വേറെ സ്ഥലത്തു താമസിപ്പിക്കുകയാണ് വേണ്ടത്.

 മാധവ് ഗാഡ്ഗില്‍ കമ്മിറ്റി ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയിരുന്നത് ഓര്‍ക്കുക. പരിസ്ഥിതി ലോല മേഖലകളില്‍ ഇനിയും കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും പാറപൊട്ടിക്കാനും വനങ്ങള്‍ വെട്ടിത്തെളിക്കാനും അനുവദിക്കരുത്. അവിടെ താമസിച്ചിരുന്നവര്‍ക്ക് പകരം സ്ഥലം കണ്ടെത്തി നല്‍കണം. പകരം സ്ഥലമെവിടെ? എന്ന ചോദ്യമുയരും. അതിന് ഭരണ വര്‍ഗ്ഗമാണ് ഉത്തരം കണ്ടെത്തേണ്ടത്. പുതിയ സ്ഥലത്ത് കൃഷി ചെയ്ത് ജീവിക്കാനുള്ള സാഹചര്യമൊരുക്കണം. അതിദുഷ്‌കരമായ ഇത്തരം പ്രയത്‌നങ്ങളാണ് ഇനി സര്‍ക്കാരിനു മുന്നിലുള്ളത്. പ്രകൃതിയുടെ തിരിച്ചടിക്കാലമാണിപ്പോള്‍. തിരിച്ചടികള്‍ പ്രകൃതിയില്‍ നിന്നുണ്ടാകുമ്പോള്‍ സര്‍വ്വതും നഷ്ടപ്പെടുന്നതാണ് ഫലം. 

ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ കെടുതിയില്‍ നിന്ന് കരകയറാനാകൂ. ഈ പ്രളയകാലത്ത് മലയാളിക്കുണ്ടായ ഒത്തൊരുമ വളരെ അഭിമാനത്തോടെയാണ് കണ്ടുനിന്നത്. അണ്ണാന്‍ കുഞ്ഞിനെ പോലെ എല്ലാവരും അവനവന്റെ പങ്ക് നിര്‍വ്വഹിക്കുന്നത് കണ്ടു. പട്ടാളക്കാര്‍ക്കൊപ്പമോ മുന്നിലോ നിന്ന് പ്രളയജലത്തോട് പൊരുതി അനേകം ജീവനുകള്‍ രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ ധൈര്യവും സഹജീവികളോടുള്ള കരുണയും അഭിമാനത്തോടെയാണ് ഇക്കാലത്ത് മലയാളിക്ക് കാണാനായത്. എല്ലാ ഭേദവിചാരങ്ങളെയും മാറ്റിവച്ചാണ് നാട്ടുകാരൊന്നടങ്കം രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. എല്ലാവരും ഒരു മനസ്സോടെ പ്രയത്‌നിച്ച ഒരു കാലം ഇതിനുമുമ്പ് ഉണ്ടായിട്ടേയില്ല. 

ഈശ്വരനില്‍ വിശ്വാസമര്‍പ്പിച്ച് നമുക്ക് മുന്നോട്ടുപോകണം. കേരളം ഈ മനോദുഃഖത്തെ അതിജീവിക്കുക തന്നെ ചെയ്യും. പക്ഷേ, മലയാളി ഈ ദുരന്തത്തില്‍ നിന്ന് ഒട്ടേറെ പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. പ്രകൃതിയെ ചൂഷണം ചെയ്ത്, വെട്ടിപ്പിടിച്ച്, നേട്ടങ്ങളുണ്ടാക്കാനുള്ള വ്യഗ്രത നമുക്ക് ഉപേക്ഷിക്കാം. പ്രകൃതിക്കിണങ്ങിയ, പ്രകൃതിയെ സ്‌നേഹിക്കുന്ന ജീവിതമാണ് വേണ്ടത്. 

ദുരന്തകാലത്തെ ഓണമാണിന്ന്. ആഘോഷങ്ങള്‍ക്കിപ്പോള്‍ പ്രസക്തിയില്ല. കരഞ്ഞുകൊണ്ടിരിക്കാനുള്ള നേരവുമല്ല. എന്നാല്‍ നമ്മള്‍ ചെയ്ത തെറ്റുകള്‍ മറക്കാതിരിന്നുകൂട. പ്രകൃതിയെ ക്ഷോഭിപ്പിക്കുന്ന തെറ്റുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഈ തിരുവോണ നാളില്‍ പ്രതിജ്ഞയെടുക്കാം. ദുരിതമനുഭവിക്കുന്ന മലയാളി മനസ്സിനൊപ്പമാണ് ഞാനും. 

സുഗതകുമാരി

(തയ്യാറാക്കിയത് ആര്‍. പ്രദീപ്)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.