സഹജീവി സ്നേഹത്തിൻ്റെ പൂക്കളം ഒരുക്കിയ ഓണം

Saturday 25 August 2018 3:05 am IST
പരസ്പരം അറിയാതെയും, മുഖമില്ലാതെയും, ഞാനിത് ചെയ്തേയെന്നു സ്വയം പൊക്കി പറയാതെയും സഹ ജീവികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച സുമനസ്സുകളുടെ പൂക്കളമാണ് ഈ ഓണക്കാലത്തെ സവിശേഷത.

മഹാ പ്രളയ കാലത്താണ് ഇക്കുറി ഓണം വന്നെത്തുന്നത്. കെടുതി അടിച്ചേല്‍പ്പിച്ച വറുതിയില്‍ ഒരു ഉത്സവം. ഗൃഹാതുരത്വത്തോടെ മലയാളികള്‍ ഓണമുണ്ണാന്‍ വരുന്ന നാളുകളിലാണ് പ്രകൃതി ആഞ്ഞടിച്ചത്. കുത്തി ഒഴുകിയ ജലം മലയാളിയുടെ മേല്‍ ചാരിയിട്ടുള്ള ചില ദുഷ്പേരുകളുടെ കറ മാറ്റിയെടുത്തിട്ടുണ്ട്. അപകടത്തില്‍ പെട്ട് ചോര വാര്‍ന്നൊഴുകി റോഡില്‍ കിടക്കുന്നയാളെ തിരിഞ്ഞു നോക്കില്ലെന്ന പഴി കേട്ടിട്ടുള്ള ഈ സമൂഹം തന്നെയാണ് കൈ മെയ് മറന്ന് രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയത്. 

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണപ്പൊതിയും വസ്ത്രവും ശേഖരിക്കാനുള്ള കൂട്ടായ്മകള്‍ ഒരുക്കിയത്. പരസ്പരം അറിയാതെയും, മുഖമില്ലാതെയും, ഞാനിത് ചെയ്തേയെന്നു സ്വയം പൊക്കി പറയാതെയും സഹ ജീവികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച സുമനസ്സുകളുടെ പൂക്കളമാണ് ഈ ഓണക്കാലത്തെ സവിശേഷത. പരക്ലേശ വിവേകത്തിന്റെയും, തദാനുഭൂതിയുടെയും ഉത്സവമാണ് പ്രളയ കെടുതിയുടെ കയ്പ്പിനിടയിലും ഊറുന്ന മധുരം. ഒരു പുത്തന്‍ സംസ്‌കാരത്തിന്റെ തുടക്കമാകേണ്ട നല്ല നടപ്പുകള്‍ ഈ ദുരന്ത കാലത്തു മുള പൊട്ടിയിട്ടുണ്ട്. 

അത് വളര്‍ന്നു പന്തലിക്കട്ടെ. വലിയ പ്രതീക്ഷ നല്‍കും വിധമാണ് കേരളത്തിലെ യുവത്വം പ്രതികരിച്ചത്. തല കുനിക്കാം അവരുടെ മുന്‍പില്‍. പ്രകൃതിയെ പരിപാലിക്കേണ്ടതിനെ ആവശ്യകതയെക്കുറിച്ച് ഈ ദുരന്തം നല്‍കുന്ന പാഠങ്ങള്‍ ഈ ചെറുപ്പക്കാര്‍ മനസ്സിലേറ്റണമെന്നും പ്രാര്‍ത്ഥന.

മാലോകര്‍ ഒന്നായ നാളുകള്‍

പ്രളയം മറ്റൊരു അര്‍ത്ഥത്തില്‍ മാലോകരെല്ലാം ഒന്ന് പോലെയെന്ന അവസ്ഥയില്‍ മലയാളിയെ എത്തിച്ചു. മഹാ ദുരന്തങ്ങള്‍ അപരിചിതമായ ഒരു സമൂഹത്തിലേക്കാണ് ജലം ഭ്രാന്തമായി ഒഴുകിയത്. ഉരുളുകള്‍ പൊട്ടിയത്. കാണെക്കാണെ ജലം ഉയരുന്നു. വീട് മുങ്ങുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാത്ത അവസ്ഥ. 

സ്വകാര്യത ഏറെ ഇഷ്ടപ്പെടുന്ന ആളുകള്‍ വ്യക്തിപരമായ സൗകര്യങ്ങള്‍ വെടിഞ്ഞു ഉടുതുണി മാത്രം അണിഞ്ഞു സ്വകാര്യത ഇല്ലാത്ത പൊതു ഇടത്തിലേക്ക് ജീവ രക്ഷാര്‍ഥം ചേക്കേറാന്‍ നിര്‍ബന്ധിതരായി. ഒരു പ്രകൃതി ദുരന്ത സാഹചര്യത്തിന്റെ പേരിലുള്ള ആകുലതയാണ് അവരെ ഒന്നായി കോര്‍ത്തിണക്കിയത്. ഒരേ ദുഃഖം പേറുന്നവര്‍. അവര്‍ പരസ്പരം വിഷമം പങ്കു വച്ച് ആശ്വാസം തേടി. ജാതി, മത, വര്‍ഗ്ഗ, സാമ്പത്തിക, സാമൂഹിക വ്യത്യാസങ്ങള്‍ അപ്രസക്തം. എല്ലാവരും ഒരു പോലെ. ആരു നടത്തുന്ന ക്യാമ്പെന്ന് നോക്കിയില്ല. ആരു അയയ്ക്കുന്ന ഭക്ഷണ പൊതിയെന്ന് അന്വേഷിച്ചില്ല. രക്ഷിക്കാന്‍ വന്നവരുടെ ജാതി ആരും ചോദിച്ചില്ല. 

രക്ഷപ്പെട്ടവര്‍ ഏതു വര്‍ഗ്ഗമെന്ന് അവരും തിരക്കിയില്ല. ദുരിതം അനുഭവിക്കുന്ന മനുഷ്യരെന്ന ഒറ്റ മതം. പാറി പറന്നത് മാനവികതയുടെ കൊടികള്‍ മാത്രം. ആപത്തു കാലത്തെ ഈ നീതി ശാസ്ത്രം മറ്റു കാലങ്ങളിലേക്കും പടര്‍ന്നു കയറട്ടെയെന്നത് ഈ ഓണക്കാലത്തെ പ്രതീക്ഷ.

 ഉള്‍ക്കരുത്ത് ഉണര്‍ത്താന്‍ ഈ ഓണം

പേടി സ്വപ്‌നങ്ങളില്‍ പോലും കാണാത്ത പ്രകൃതി ദുരന്തം മനസ്സുകളെ ഉലച്ചിട്ടുണ്ട്. എല്ലാ മാനസിക വെല്ലുവിളികളും പ്രതിസന്ധികളും ഉള്‍കരുത്തു കൂട്ടാനുള്ള പാഠങ്ങള്‍ നല്‍കുന്ന അവസരങ്ങളാണ്. അതിനെ അങ്ങനെ പ്രയോജനപ്പെടുത്തുവാനുള്ള സാഹചര്യം ഒരുങ്ങണം. ഭൂരിപക്ഷവും  ആധിയുടെ മുള്‍മുനയില്‍ പോയവരാണ്. 

ദശ ലക്ഷത്തിലധികം പേര്‍ ക്യാമ്പുകളില്‍ അഭയം തേടി. മറ്റുള്ളവരുടെ വീടുകളില്‍ താമസിച്ചവര്‍ എത്രയെന്ന് അറിയില്ല. പലരും പെട്ടുന്നുണ്ടായ ഭീതിയില്‍ നിന്ന് കര കയറിട്ടുണ്ടാകണം. എങ്കിലും നല്ലൊരു ശതമാനം ഈ ഓണക്കാലത്തു ജീവിതത്തെ കുറിച്ചുള്ള അനിശ്ചിത്വത്തിന്റെ പിടിയിലാകും. ആമോദത്തോടെ വസിക്കുന്ന കാലമാകില്ല. അസ്വസ്ഥതയുടെ ലക്ഷണങ്ങള്‍ ഉള്ളവരെ തിരിച്ചറിയണം. ദുരന്തത്തെ കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള ഓര്‍മ്മകള്‍, നഷ്ടങ്ങളുടെ കണക്കു ഓര്‍ക്കുമ്പോഴുള്ള നിസ്സഹായതയും വിഷാദവും, നിയന്ത്രിക്കാനാവാത്ത ആധി, ചെറു ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ പോലും ഉണ്ടാകുന്ന ഞെട്ടല്‍, പ്രളയത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ സൃഷ്ടിക്കുന്ന വേവലാതി, സ്വയം കുറ്റപ്പെടുത്തല്‍, ശ്രദ്ധക്കുറവ്, ചിന്തിക്കാന്‍ പറ്റായ്ക, തളര്‍ച്ച, ആത്മ വിശ്വാസം നഷ്ടമാകല്‍, ഉറക്കമില്ലായ്മ, ആത്മഹത്യാ ചിന്തകള്‍- ഇങ്ങനെ വിവിധ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത് സൂചനയാണ്. 

ഇത് സ്വാഭാവികമാണെന്നും അതിജീവിക്കേണ്ടത് തുടര്‍ജീവിതത്തിനു അനിവാര്യമാണെന്നും ബോധ്യപ്പെടുത്തണം. അതിജീവിക്കാന്‍ സഹായിക്കണം. അതും ഓണക്കാലത്തെ ദൗത്യമാകുന്നു. ഉത്രാട പാച്ചിലും മറ്റും ഇവര്‍ക്ക് വേണ്ട തുണിയും ഭക്ഷണവും പാര്‍പ്പിടവുമൊക്കെ ഒരുക്കാനുള്ളതായിരുന്നു. അവരുടെ അതിജീവനത്തിനുള്ള വക ഒരുക്കുന്നതാകണം ഓണ സദ്യ.

 പാര്‍പ്പിടമില്ലാത്ത ഓണം

കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനായി അപകടകരമായ ഒഴുക്കിനെ മറി കടന്നു ചെന്നവരോട് വീട് വിട്ടിറങ്ങില്ലെന്നു മുങ്ങി കൊണ്ടിരിക്കുന്ന ഭവനത്തില്‍ നിന്ന് വാശി പിടിച്ചവര്‍ ഒരു ദുരന്ത കാഴ്ചയായിരുന്നു. വെള്ളമിറങ്ങും വരെ വീട്ടില്‍ തന്നെയെന്നും, ഭക്ഷണം എത്തിച്ചു തരണമെന്നും ആവശ്യം. ടെലിവിഷന്‍ സെറ്റ് മുകളില്‍ എത്തിച്ചു തരാന്‍ പറഞ്ഞ വയോധികയെയും കണ്ടു. 

സമ്പാദിച്ചതും, കടമെടുത്തതും ചേര്‍ത്ത് വീടുണ്ടാക്കുകയും, അതില്‍ ഗൃഹോപകരണങ്ങള്‍ നിറയ്ക്കുകയും ചെയ്യുന്ന മലയാളിക്ക് സ്വന്തം പാര്‍പ്പിടത്തോടുള്ള ബന്ധത്തിന്റെ പ്രതീകമാണ് ഈ കാഴ്ചകള്‍. ഇതൊക്കെ വെള്ളം കയറി ഉപയോഗ ശൂന്യമാകുമ്പോള്‍ മലയാളിക്ക് പ്രിയപ്പെട്ടവര്‍ മരണത്തിലൂടെ വേര്‍പെട്ടു പോകുമ്പോഴുള്ളതിനു സമാനമായ വിഷാദം ഉണ്ടാകാനിടയുണ്ട്. വരും നാളുകളില്‍ ഇത് കൊണ്ട് വരാനിടയുള്ള വ്യഥകളുടെ ചൂണ്ടു പലകയാണ് ആ കാഴ്ചകള്‍. സാമൂഹികവും സാമ്പത്തികവുമായ പിന്തുണകളിലൂടെ അര്‍ത്ഥപൂര്‍ണ്ണമായ പുനരധിവാസം ഉണ്ടായില്ലെങ്കില്‍ ഈ വിഷാദത്തെപ്പറ്റി അടുത്ത ഓണക്കാലത്തും പറയേണ്ടി വരും. 

മേല്‍ക്കൂരയ്ക്ക് കീഴിലുള്ളവര്‍ തമ്മില്‍ ആത്മ ബന്ധം ഉണ്ടാക്കുന്നതില്‍ ജാഗ്രതക്കുറവുള്ളവരും സ്വന്തം പാര്‍പ്പിടത്തെ വികാരപരമായിട്ടാണ് കാണുന്നത്. ഈ നഷ്ട ബോധത്തില്‍ നിന്ന് ആത്മഹത്യാ ചിന്തകള്‍ പോലും ഉണ്ടായേക്കാം. സ്ഥലം പോലും ഒലിച്ചു പോയവരും, വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവരും, കൃഷി പോയവരും, ജീവനോപാധികള്‍ പോയവരുമൊക്കെ ഈ ഓണക്കാലത്തു ആശങ്ക ഉണര്‍ത്തുന്നു. അതിജീവനത്തിനുള്ള വഴികള്‍ ഒരുക്കന്നതില്‍ കേരള മാതൃക ഉണ്ടാക്കാന്‍ ആകുമോ?

 പ്രളയകാലത്തെ കള്ളവും പൊളിവചനവും

മാവേലി നാട് വാണ കാലത്തു കള്ളവുമില്ല, പൊളി വചനവുമില്ലെന്നാണ് പഴമ്പാട്ടിലെ വരികള്‍. പ്രളയ കാലത്തു പൊളി വചനങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ വിലസിയവരുണ്ട്. സ്ത്രീകളുടെ സാനിറ്ററി നാപ്കിന്‍ ക്ഷാമത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ ഗര്‍ഭ നിരോധന ഉറകളെ കുറിച്ച് അശ്ലീലം കലര്‍ന്ന കമന്റ് എഴുതിയ വഷളനെ കണ്ടു. 

അണക്കെട്ട് പൊട്ടിയെന്ന വ്യാജ പോസ്റ്റിട്ടു ഭീതി പടര്‍ത്തിയവരുണ്ട്. പൊളി വചനങ്ങള്‍ ഡിജിറ്റല്‍ ചിറകില്‍ നിമിഷ നേരം കൊണ്ട് വെള്ളപ്പൊക്കത്തെക്കാള്‍ വേഗതയില്‍ കുത്തി ഒഴുകി. പൊതു സമൂഹത്തില്‍ ആശങ്കയുടെ ഉരുള്‍ പൊട്ടി പുഴയുടെ ക്രൗര്യം സെല്‍ഫിയില്‍ പകര്‍ത്തി ഷൈന്‍ ചെയ്യാന്‍ പോയവരുമുണ്ട്. തിന്മകള്‍ നിറഞ്ഞ മനസ്സുള്ളവര്‍ പുര കത്തുന്ന നേരത്തും ഇത്തരം വൃത്തികേടുകള്‍ കാട്ടും. പക്ഷെ പ്രളയ കാലത്തു ഇവരോട് തീവ്രമായ രോഷം ഉണ്ടായിയെന്നത് നല്ല കാര്യം. 

അത് മലയാളിക്കില്ലാത്ത പുതിയൊരു സോഷ്യല്‍ മീഡിയ അച്ചടക്കത്തിന് വഴി തെളിച്ചാല്‍ നല്ലത്. അത്യാവശ്യ സാധനങ്ങള്‍ക്ക് വില കൂട്ടി ലാഭം കൊയ്യാന്‍ ഇറങ്ങിയ കള്ളന്മാരെയും ചതിയന്മാരെയും ഇടയ്ക്കു കണ്ടു. പക്ഷെ ജനകീയ ഇടപെടലുകള്‍ അതി വേഗമായിരുന്നു. അതും പ്രളയകാലത്തെ മലയാളി ഭാവത്തിലെ നല്ല മാറ്റം.

 ആരാണ് ഈ ഓണക്കാലത്തെ മാവേലി?

ആരാണ് ഈ ഓണക്കാലത്തെ മാവേലി?. അര്‍പ്പണ മനോഭാവത്തോടെ ജീവന്‍ രക്ഷക്കായി ഇറങ്ങിയ മത്സ്യ തൊഴിലാളികള്‍ മുതല്‍ രക്ഷാ പ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസത്തിലുമൊക്കെ ശക്തിയായവര്‍ വരെ മാവേലികളാണ്. അപകടവും ആധിയുമൊക്കെ ഉണ്ടെങ്കിലും കഴിയുന്നത്ര ആമോദം പകരാന്‍ വന്നവര്‍. പുനര്‍ നിര്‍മ്മാണത്തിനായി പണമയയ്ക്കുന്നവര്‍. 

ഒരു വീഡിയോ ചിത്രം ഓര്‍ക്കുക. രക്ഷാ പ്രവര്‍ത്തനത്തിനുള്ള ഒരു വ്യക്തി വെള്ളത്തില്‍ കുനിഞ്ഞു മുതുകില്‍ ചവിട്ടി വള്ളത്തില്‍ കയറാന്‍ സഹായിക്കുന്നു. വരും കാലങ്ങളില്‍ ഉണ്ടാകേണ്ട സാമൂഹിക പിന്തുണയുടെ പ്രതീകമാണിയാള്‍. ജീവിതത്തിലേക്ക് കയറി പോകാന്‍ ചിലര്‍ക്ക് കൈകള്‍ കൊടുക്കണം മറ്റു ചിലര്‍ക്ക് ചുമലുകള്‍ വേണം. ചിലപ്പോള്‍ മുതുകുകള്‍ വേണം. അത് വൈകാരിക പിന്തുണയ്ക്കാകാം. വീടും ജീവിതവും വീണ്ടെടുക്കാനുള്ള അത്താണി ആയിട്ടാകാം. 

വേണ്ട നേരത്തു വേണ്ട അറിവുകള്‍ കൊടുത്തു മാര്‍ഗ്ഗ നിര്‍ദ്ദേശം കൊടുക്കലാകാം, ചുവപ്പു നാടകള്‍ ഇല്ലാതെ ആശ്വാസങ്ങള്‍ ലഭ്യമാക്കുന്നതാകാം, ഒപ്പം ഉണ്ടെന്ന വിചാരമുണ്ടാക്കുന്ന കൂട്ടായ്മകളുമാകാം. ഇതൊക്കെയാണ് മാവേലി. അങ്ങനെയൊരു മാവേലി മന്നന്റെ ഭാവങ്ങള്‍ ഇപ്പോള്‍ കേരളീയ പൊതു സമൂഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ മാവേലി ഓണം കഴിഞ്ഞു പോകരുത്. പ്രളയ കെടുതിയില്‍ പെട്ട എല്ലാവരും ആമോദത്തോടെ വസിക്കുന്ന കാലം വരെ മാവേലി ഉണ്ടാകണം. ഈ നന്മകള്‍ നില നില്‍ക്കണം.

ഡോ. സി. ജെ. ജോണ്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.