നമ്മുടെ പ്രളയജലം

Saturday 25 August 2018 3:02 am IST
കേരളത്തിലെ മണിമേടകളുടെ എണ്ണം കണ്ട്, ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമല്ല, മദ്ധ്യവര്‍ത്തി സമൂഹവും അത്ഭുതപ്പെടുന്നു. എവിടുന്നു വരുന്നു ഇത്രയും പണം! പൊതുവരുമാനവുമായി വ്യക്തികളുടെ ധനാര്‍ജ്ജന സമ്പ്രദായത്തിനു ഒരു ബന്ധവുമില്ല.

മലയാളി തൊഴിലാളികള്‍ക്ക് കിട്ടുന്നത് ഒരമേരിക്കന്‍ തൊഴിലാളിയുടേതിനേക്കാള്‍ കൂടിയ വേതനമാണെന്നു വിദേശ സാമ്പത്തിക വിദഗ്ദ്ധരിലൊരാള്‍ പറയുകയുണ്ടായി. അത് ശരിയാണ്. നാം ഉല്‍പ്പാദിപ്പിക്കുന്ന പ്രവര്‍ത്തന മൂല്യത്തേക്കാള്‍ വലുതാണ് ഒരമേരിക്കന്‍ തൊഴിലാളിയുടെ പ്രവൃത്തി ഫലം. എട്ടുമണിക്കൂര്‍ ജോലിക്കു നാം നിയമേന പ്രതീക്ഷിക്കുന്ന കൂലിയാണ് എട്ടില്‍ നിയമാനുസരണം കുറിച്ചിടുന്നത്. നമ്മുടെ ജീവനക്കാരില്‍ വലിയൊരു വിഭാഗം അവര്‍ നിര്‍വഹിക്കുന്ന പ്രവൃത്തിയുമായി വേതനത്തെ ഇണക്കുമ്പോള്‍ വലിയൊരു വിടവ് കാണിക്കുന്നുണ്ട്. ഇതെങ്ങനെ സംഭവിക്കുന്നു?. ചെലവാക്കുന്ന (വേതനത്തിനു വേണ്ടി) പണത്തിനു തുല്യമായ പ്രവൃത്തി ഫലത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നില്ല. ഈയൊരു വസ്തുത എങ്ങനെ കേരളത്തിന്റെ പ്രളയജലവുമായി ബന്ധപ്പെടുന്നു എന്നു പര്യാലോചിക്കാം.

വന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു അതിന്നകത്തു തന്റെ (തങ്ങളുടെ) കുടുംബത്തെ കുടിയിരുത്തിയാല്‍ സമൂഹ മദ്ധ്യത്തില്‍ ഉന്നത സ്ഥാനം നേടാം എന്നു നമ്മുടെ ആള്‍ക്കാര്‍ ധരിച്ചിട്ടുണ്ട്. കേരളത്തിലെ മണിമേടകളുടെ എണ്ണം കണ്ട്, ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമല്ല, മദ്ധ്യവര്‍ത്തി സമൂഹവും അത്ഭുതപ്പെടുന്നു. എവിടുന്നു വരുന്നു ഇത്രയും പണം! പൊതുവരുമാനവുമായി വ്യക്തികളുടെ ധനാര്‍ജ്ജന സമ്പ്രദായത്തിനു ഒരു ബന്ധവുമില്ല. ഒരു കുടുംബത്തിനു ഒരു വീടല്ല, വേണ്ടത്. എത്ര വരെ ആകാം എന്നതിനും എത്ര വലിപ്പം ആവാം എന്നതിനും നിയമ വ്യവസ്ഥയില്ല. 

അതിന്റെ ഫലം, നമ്മുടെ കുന്നുകളെല്ലാം പിരിഞ്ഞു തകര്‍ന്നു വീടു പണിക്ക് പുറപ്പെട്ടുപോകുന്നു. നമ്മുടെ കാടുകള്‍ തടി വ്യവസായത്തിനു വേണ്ടി ഉന്മൂലനം ചെയ്യപ്പെടുന്നു. ഓരോ കാടും ഇവിടെ നടപ്പാക്കിയിരിക്കുന്ന നീതി തേവരുടെ ആന, സര്‍ക്കാരിന്റെ കാട് വെട്ടിയിറക്കുക, കൊട്ടാരങ്ങള്‍ നിര്‍മ്മിക്കുക, എന്നതാണ്. അതിന്റെ ഫലമായി മണലൂറ്റ് അതിരുകടക്കുമ്പോള്‍ നീരൊഴുക്കുകള്‍ മരിച്ചു വീഴുന്നു. 

മരണശയ്യയിലെ മണല്‍ത്തരി ആഴത്തില്‍ കോരിയെടുത്തു സിമന്റിനൊപ്പം ചേരാന്‍ പോണു. നമ്മുടെ വയലേലകളെല്ലാം ഓരോ ദേശത്തിന്റെയും ഗ്രാമത്തിന്റെയും ജല ശേഖരങ്ങളായിരുന്നുവല്ലോ. ജലത്തിന്റെ മഹത്വമറിഞ്ഞതിനാലാണ് നമ്മുടെ പൂര്‍വ്വികര്‍. നെല്ലിനു വയല്‍ മെത്തകളൊരുക്കിയത്. മഴക്കാലത്ത് നാട്ടി കഴിഞ്ഞാല്‍ വെള്ളം ആവശ്യം കഴിഞ്ഞ് ഓരോ തുള്ളിയും ഭൂമി ആഗിരണം ചെയ്തിട്ടുണ്ടാവും, വരാനുള്ള മഞ്ഞുകാലത്തിനും വേനല്‍ മഴക്കു തൊട്ടുമുമ്പിലെ വരള്‍ച്ചാദുഃഖം ശമിപ്പിക്കാനും വേണ്ടി. വേനല്‍ മഴയോടുകൂടി, രണ്ടാം വിള നെല്ല് മാത്രമല്ല, പയര്‍ വര്‍ഗ്ഗങ്ങളും മുളപൊട്ടി വളര്‍ന്നിരിക്കും. അടുത്ത തലമുറയ്ക്ക് മഹാ വനനിര്‍മ്മിതിയുടെ ആരംഭം കുറിക്കാന്‍ വനങ്ങള്‍ തിമര്‍ത്തു വളരും. ഒരു ഭൂവുടമ ജന്മിക്ക് ഒരു ഭേദപ്പെട്ട വീടും കളവും ഒന്നിച്ചൊരിടത്ത്. വയല്‍പ്പണിക്കാര്‍ക്ക് വയലോരങ്ങളിലും വന സാനുക്കളിലും പ്രകൃതിക്കിണങ്ങിയ ഗൃഹങ്ങള്‍. അവിടെ വീട്ടു മൃഗങ്ങളും പക്ഷികളും ഒപ്പം വളര്‍ന്നു. വരും തലമുറയുടെ മക്കളും.

ഭൂമിയില്‍ വീഴുന്ന സകല ജലവും സ്വയം വഴി കണ്ടെത്തുകയും അവയോടു കൂഞ്ഞു നീര്‍ച്ചാലുകളും ഉപനദികളും കൂടിച്ചേരുകയും ചെയ്തു. ജലത്തിന് എല്ലായിടത്തും മണല്‍ മെത്തയുമുണ്ടായി. ഇന്നത്തെ നീരുറവകളെല്ലാം കിടക്കാനും കളിക്കാനും പറ്റിയ മണല്‍മെത്തയുടെ അഭാവത്തില്‍, വേനല്‍ മുഖം കാണിക്കും മുമ്പെ മരിച്ചുപോകുന്നു. ജനം പെരുത്തപ്പോള്‍ ഗൃഹ നിര്‍മ്മാണത്തിനു വ്യവസ്ഥകള്‍ മാറ്റിയെഴുതേണ്ടതായിരുന്നു, നിയമേന. അതൊരിക്കലും ഉണ്ടായില്ല. റോഡുകളുണ്ടാക്കുമ്പോള്‍ ഏതു ഭരണാധിപന്മാരും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനും സംരക്ഷിക്കാനും ഏര്‍പ്പാടുണ്ടാക്കി. വൃക്ഷച്ചോട്ടില്‍ വഴിവക്കത്ത് തണ്ണീര്‍പ്പന്തലും ജലസ്പര്‍ശവും ഉണ്ടായി. മനുഷ്യസ്പര്‍ശവും. വര്‍ഷം തോറും രണ്ടു കാലവര്‍ഷക്കാറ്റു ഏതാണ്ട് നിയമം പാലിച്ചുകൊണ്ടു തന്നെ ഇന്നും കേരളത്തെ അനുഗ്രഹിക്കുന്നുണ്ട്.

ലോകമെങ്ങും പരിസ്ഥിതി പ്രണയം നാമ്പിടുമ്പോള്‍, നമ്മുടെ സഹോദരങ്ങള്‍ ആദരവോടെ ആദര്‍ശ ചിന്തയോടെ അത് ഉള്‍ക്കൊള്ളുക മാത്രമല്ല, പ്രചരിപ്പിച്ചു നമ്മെ പരിഷ്‌കൃത ചിന്തക്കാരാക്കി മാറ്റുകയും ചെയ്തു. തൊഴിലും വേതനവും കാലോചിതം മാറി വളര്‍ന്നു. മാന്യമായി സമൂഹത്തിന്റെ കൈപിടിച്ചു മുമ്പോട്ടുപോകുന്നു. കേന്ദ്ര സര്‍ക്കാര്‍ തലം മുതല്‍ ഗ്രാമപഞ്ചായത്തുകള്‍ വരെ പരിസ്ഥിതിയാഘോഷം നടക്കുന്നു. ആശയ പ്രചരണത്തിനൊരു കുറവും ഉണ്ടായില്ല. മീഡിയ ബഹുസ്വഭാവത്തില്‍ വളര്‍ന്നു.

പിന്നെ എവിടെയാണ്, 

ആരാണ് പിഴച്ചത് ? 

മനുഷ്യന്‍ തന്നെ. അവനുണ്ടാക്കുന്ന സര്‍ക്കാരുകളും, മനുഷ്യാര്‍ത്തിക്ക് അതിരില്ല. മൃഗങ്ങള്‍ക്ക് ആര്‍ത്തിയില്ല. ആവശ്യം മാത്രമേയുള്ളു. വിശപ്പു മാറാന്‍ മാത്രം ഭക്ഷണം, സംഭരിച്ചുവെക്കേണ്ട. പുതു തലമുറയ്ക്കു വേണ്ടി, വിട്ടുപോന്ന വഴിവക്കത്തുള്ള എല്ലാ ആസ്തികളും വാരിക്കൂട്ടേണ്ടതില്ല. വിശപ്പാറിയാലും ആര്‍ത്തിയോടെ ആഹാരം അകത്താക്കുന്ന ഒരേയൊരു ജീവി മനുഷ്യനാണ്.! എത്ര അപമാനകരമായ ഒരവസ്ഥ!

 ~ഒരു വീടു തനിക്കും കുടുംബത്തിനും രണ്ടാമത്തേതിന്റെ നിര്‍മ്മാണം മക്കള്‍ക്കും കുടുംബത്തിനും എന്നുവരെ ആകാം. പോരാ എന്നു മനുഷ്യ പ്രമാണി. എണ്ണം കൂടുന്തോറും പെരുമകൂടും! ധനവും. ഭൂമി കുറയുന്തോറും ഭൂമിക്കും വീടിനും വിലകൂടും. കുഴിച്ചെടുക്കാവുന്ന ധാതുക്കളുടെ പേരിലെല്ലാം മനുഷ്യന്റെ ആര്‍ത്തി പെരുകുകയാണ്. അടുത്തകാലത്തു കൊച്ചിന്‍ തീരത്ത് അളവറ്റ എണ്ണ ശേഖരം ഉണ്ടെന്നു കേട്ടു, അത് പിടിച്ചടക്കാന്‍ ബഹുരാഷ്ട്രക്കമ്പനികള്‍ തിരക്കു കൂട്ടുന്നെന്ന വാര്‍ത്ത, മാധ്യമങ്ങളെല്ലാം ആഘോഷിച്ചു.

മാനവ സംസ്‌കാരം അപ്പാടെ ചൂഷകരുടേതായി മാറുന്നു. ശുദ്ധവായുവിനു വേണ്ടി വന്‍ നഗരങ്ങളിലെ പാവം യാത്രക്കാര്‍ വഴിയോരത്തു വണ്ടികള്‍ നിര്‍ത്തി, ഓക്‌സിജന്‍ സ്റ്റേഷനുകള്‍ക്കകത്തേക്കു മരണവെപ്രാളത്തോടെ പാഞ്ഞുകേറാന്‍ തുടങ്ങിയിട്ടുണ്ട്. മനുഷ്യനിര്‍മ്മിതിയുടെ ഓരോ ചുവടും ഭൂമിയുടെ അകാല ചരമത്തിലേക്കാണ് വഴി നീട്ടുന്നത്. നമ്മുടെ പര്‍വ്വതങ്ങള്‍ ചിലപ്പോള്‍ ഒരു വര്‍ഷത്തിനകം ഓരോന്നായി അപ്രത്യക്ഷമാവുന്നു. തുടര്‍ന്ന് ജനകേന്ദ്ര നിര്‍മ്മാണമായി. വ്യാപാര ശാലകളായി, മുന്നോടിയായി വ്യവസായ ശാലകളും. അവ ഉളവാക്കുന്ന പാരിസ്ഥിതിക നാശവും മഴയും ജലവും തമ്മില്‍ അപാര ബന്ധമുണ്ട്. ഭൂമിയുടെ നിര്‍മ്മിതി കാലത്ത് ഉണ്ടായിരുന്ന ജന്മ ബന്ധം. അതപ്പാടെ ഉലഞ്ഞുകഴിഞ്ഞു. ഏതു കാലഘട്ടത്തിലും ഒരു വിഘടനം സംഭവിക്കാം, ലോകം നിര്‍മ്മിച്ച ധാതുക്കള്‍ മാരകമായി മാറാം.

നമ്മള്‍ക്ക് മുമ്പ് ഭയം ഒരു യുദ്ധത്തെയാണ്. യൂദ്ധം മനുഷ്യവ്യവഹാരത്തെ മാറ്റി മറിക്കും. ജീവസമൂഹത്തിന്റെ താളം തെറ്റിക്കും ഇത് പ്രകൃതി ശിക്ഷയുടെ ആരംഭം മാത്രം. പിന്നെ കാറ്റുകളുടെ ഗതി മാറും. പുഴകള്‍ അതിരുവിട്ടൊഴുകും. ആകാശം വിഷമയമാകും. മഴ പോലും. 

കേരളം ഇപ്പോഴനുഭവിക്കുന്ന പ്രളയത്തിന്റെ കാരണം, നാം പരിസ്ഥിതിക്കേല്‍പ്പിച്ച ആഘാതങ്ങളാണ്. അതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായിട്ട് ഏതാണ്ട് ചില പതിറ്റാണ്ടുകഴിഞ്ഞു. അടുത്ത കാലത്ത് പ്രകൃതിയുടെ സമതുലിതാവസ്ഥ തകിടം മറിഞ്ഞത് നാം അനുഭവിച്ചതാണ്.

കാട്ടുമൃഗങ്ങള്‍ കാടുവിട്ടിറങ്ങി നാടിനെ കീഴടക്കുന്നു. ഗ്രാമങ്ങളേയും നഗരങ്ങളേയും ഒരുപോലെ. കാരണം നമ്മുടെ ആക്രമണം മൂലം കാട്ടിലെ നീരൊഴുക്കെല്ലാം നിലയ്ക്കുന്നു, മഴക്കു പിറ്റേന്നു തന്നെ! അവര്‍ പാലക്കാടന്‍ മലയിറങ്ങി പട്ടണത്തില്‍ റെയില്‍വേയിലെത്തുന്നു. അവയെ ആട്ടി കാട്ടിലേക്ക് തിരിച്ചുവിടാന്‍ മന്ദബുദ്ധികളായ മനുഷ്യര്‍ ശ്രമിച്ചുനോക്കി. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ കൊടും വേനലില്‍ ജലം തേടിയെത്തിയ ആനകള്‍ തിരിച്ചുപോവില്ലെന്നു ശഠിച്ചു. തോറ്റത് മനുഷ്യര്‍. നമ്മുടെ പുഴകള്‍ക്കെന്തു സംഭവിക്കുന്നു?. അതിരുവിട്ട ഖനനം ഒരു സ്വരൂപത്തിലുള്ള ഭൂമിയെ നിഷ്‌കരുണം കീറിമുറിക്കുന്നു. വന്‍ തോതില്‍ റോപ് വേ വഴിയായി ഖനനവസ്തുക്കള്‍ മറ്റൊരു താഴ്‌വരയില്‍ ധാതുക്കളുടെ കുന്നുകളുണ്ടാക്കുന്നു.

ജലം എപ്പോഴും സ്വന്തം വഴി തെളിയിച്ചേ മുന്നോട്ട് നീങ്ങു എന്നു തെളിഞ്ഞകാര്യമാണ്. ഉറവിടത്തില്‍ നിന്നു പുറപ്പെട്ടിറങ്ങിവരുന്ന നീര്‍ച്ചാലൊന്നും തന്നെ തന്റെ ജന്മ സ്ഥാനത്തേക്ക് തിരിച്ചുപോകില്ല. ജലം സ്ത്രീയെപ്പോലെയാണ്. തറവാടു വിട്ടിറങ്ങിയാല്‍ ഭര്‍ത്താവിന്റെ ഗൃഹത്തിലേക്കോ അതിനുമപ്പുറത്തേക്കോ തിരിഞ്ഞു മുന്നോട്ടു തന്നെ. ഇതു പ്രകൃതി നിയമം. ജീവജാലങ്ങളുടെയും.

ഓരോ പാറക്കൂട്ടവും മലകളും കുന്നുകളും നാം ഗൃഹനിര്‍മ്മാണത്തിനും കെട്ടിടം, പാലം, നഗര നിര്‍മ്മാണങ്ങള്‍ക്കും വെട്ടി മുറിച്ചു ചുമന്നു നാടുവിടുമ്പോള്‍ പകരം വീട്ടാന്‍ പുനര്‍ജലധാര കാത്തിരിക്കും. ഒന്നുകില്‍ ഭൂതലത്തിന്റെ ആഴങ്ങളിലെ പിളര്‍പ്പുകളിലേക്ക് അല്ലെങ്കില്‍ മൃദു മണ്ണുള്ള താഴ്‌വരകളിലേക്ക്. ആ പോക്കിന്റെ ശക്തി ഭീകരമാവുമ്പോള്‍, പാവം ഭൂമിക്കു മീതെ പ്രളയം, നിലയില്ലാത്ത, ബോധമില്ലാത്ത, ഒരേയൊരു നിയമം മാത്രം. അനുസരിക്കുന്ന പ്രളയം. ജലം എന്നും എവിടെയും സമനില വീണ്ടെടുക്കുന്നു കുഴിച്ച ഗര്‍ത്തങ്ങളെല്ലാം പെരുവെള്ളത്താല്‍ വീര്‍ക്കുന്നു. മലമ്പിളര്‍പ്പുകള്‍ അപ്പാടെ തട്ടു വിട്ട് എടുത്തുചാടി പ്രളയം പെരുപ്പിക്കുന്നു. അവിടെ, നമ്മുടെ പട്ടാളവും, പൊലീസും ഭരണാധികാരിയും, മനുഷ്യ സമൂഹവും, മൃഗങ്ങളും പക്ഷികളുമെല്ലാം അടിയറ വെയ്ക്കുന്നു. ഒരായുധവും ഫലിക്കുകയില്ല. ഇതിനു പരിഹാരം മിത ആഹാരം, മിത പ്രവര്‍ത്തനം, ആവശ്യത്തിനു ആലയങ്ങള്‍, മിതമായ ആര്‍ഭാടം. 

ചുരുക്കത്തില്‍ മിതമായ ഉപഭോഗം. ആര്‍ത്തി വര്‍ജ്ജിക്കുക എന്നാണ് എല്ലാ വേദങ്ങളും മതങ്ങളും അനുശാസിക്കുന്നത്. അവര്‍ക്ക് ജീവനെ സ്‌നേഹമുണ്ടായിരുന്നു. അതിനെ  നിലനിര്‍ത്തുന്ന ഭൂമിയേയും പഞ്ചഭൂതങ്ങളെയും. മനുഷ്യന്‍ എന്ത് അതിക്രമം അനുഷ്ഠിച്ചാലും അതിന്റെ ദുഷ്ഫലം അനുഭവിക്കുന്നത് അമ്മമാരും കുട്ടികളുമാണ്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന പ്രകൃതി രോഷത്തിന്റെ ഫലം ഓരോ ജീവിയും അനുഭവിച്ചേ തീരു. അതില്‍ പക്ഷഭേദമില്ല. ജീവന്നാധാരം പഞ്ചഭൂതങ്ങളാണ്. അതു മറന്നുകളിക്കേണ്ട എന്നു ഓരോ പ്രളയവും ചുഴലിയും മഴയും, വരള്‍ച്ചയും തകര്‍ച്ചയും പറയുന്നു. മനുഷ്യന് അനുഭവിക്കാനേ പറ്റൂ. ഒന്നും കൃത്രിമമായി നിര്‍മ്മിക്കാന്‍ പറ്റില്ല. 

ഈ പ്രളയാനുഭവം നമുക്ക് ഒരറിവു നല്‍കുന്നുണ്ട്. എല്ലാ ചെയ്തികള്‍ക്കും മറുപടി തേടും മനുഷ്യര്‍. സ്വയംകൃതമായ എന്തെന്തു വൈരൂപ്യങ്ങള്‍, ദുഷ്ടുകള്‍, കുറ്റങ്ങള്‍ മനുഷ്യനുണ്ടെങ്കിലും ഒരു സങ്കടാവസ്ഥയില്‍ വകതിരിവുള്ള അവന്‍ സ്വന്തം സഹോദരങ്ങള്‍ക്കും ജീവനും പ്രകൃതിക്കും വേണ്ടി സ്വയം മറന്നു പൊരുതും. പഴയ ദുര്‍വാസനകള്‍ മറക്കും. ക്രിമിനലിസം വെടിയും. ഇതാണ് മനുഷ്യസംസ്‌കാരത്തിന്റെ അന്തസ്സത്ത.

സ്വന്തം വീടു നഷ്ടമാവുന്ന ഒരു വീട്ടമ്മയുടെ ദയനീയാവസ്ഥ വലിയൊരു ദുഃഖമാണ്. ഒരു ജീവിതം മുഴുവനും വിലയായിക്കൊടുത്താണ് വീട്ടമ്മ കുടുംബത്തേയും മക്കളേയും സംരക്ഷിക്കുന്നത്. വീടിനകത്ത് അവള്‍ സ്വരൂപിച്ചു വച്ചിരിക്കുന്ന ഒരു തയ്യല്‍ സൂചിയും സോപ്പും, ഉപ്പും, വ്യഞ്ജനങ്ങളും ആഹാരവും വസ്ത്രവും കറവപ്പശുവും ആടും കോഴിയുമെല്ലാം വീട്ടമ്മയുടെ സ്വത്താണ്. ദീര്‍ഘകാലത്തെ ശ്രദ്ധയും അദ്ധ്വാനവും സ്‌നേഹവും സ്വരൂപിച്ചെടുത്തതാണ് ഒരോ ഗൃഹവും. അതു നഷ്ടമായാല്‍പ്പിന്നെ അവളില്ല. 

അതുകൊണ്ടാണ് സന്നദ്ധ ഭടന്മാരെല്ലാം കൂട്ടത്തോടെ അപേക്ഷിച്ചിട്ടും അവര്‍ വീടു വിട്ടിറങ്ങാതെ വീട്ടിനകത്തു തന്നെ തമ്പടിച്ചിരിക്കുന്നത്. ഈ അമ്മമാരും കുടുംബങ്ങളുമാണ് മനുഷ്യലോക സംസ്‌കൃതിയുടെ യഥാര്‍ത്ഥ നിര്‍മ്മാതാക്കള്‍. അതിനാല്‍ നാം കരുതി ജീവിക്കുക.

പി. വത്സല

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.