ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യന്‍ കുത്തക അവസാനിക്കുന്നു. പുരുഷന്മാര്ക്ക് പിന്നാലെ ഇന്ത്യന്‍ വനിതകളും സ്വര്ണമെഡലില്ലാതെ മടങ്ങുകയാണ്. ഫൈനലില്‍ ഇറാനോട് തോറ്റ ഇന്ത്യക്ക് വെള്ളി മെഡല്‍ ലഭിച്ചു. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്ക് കബഡിയില്‍ സ്വര്‍ണം നഷ്ടമാകുന്നത്. കഴിഞ്ഞ തവണ സ്വര്‍ണം നേടിയ പുരുഷന്മാര്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സെമിയില്‍ അവര്‍ ഇറാനോട് തോറ്റു.
ഹാട്രിക്ക് കിരീടം മോഹിച്ചിറങ്ങിയ ഇന്ത്യന്‍ വനിതകളെ ഇറാന് 27- 24 നാണ് പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. ആദ്യ ഘട്ടത്തില്‍ അഞ്ചു പോയിന്റ് നേടി. എന്നാല്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് ഇറാന് വനിതകള്‍ ഇടവേളയ്ക്ക് 13-11 ന് മുന്നിലെത്തി. രണ്ടാം പകുതിയിലും മികവ് നിലനിര്‍ത്തിയ ഇറാന് മൂന്ന് പോയിന്റിന്റെ വ്യത്യാസത്തിന് ഇന്ത്യയെ തകര്‍ത്ത് സ്വര്‍ണം സ്വന്തമാക്കി. കഴിഞ്ഞ രണ്ട് ഏഷ്യന്‍ ഗെയിംസുകളിലും വനിതകളുടെ കബഡിയില്‍ ഇന്ത്യയാണ് സ്വര്‍ണം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: