തിരിച്ചറിവുകളുടെ ഓണം

Saturday 25 August 2018 3:06 am IST

ഓണം, ഓര്‍മയിലെ ഉത്സവമായ ഇന്ന് പതിവുപോലെ ആഹ്ലാദത്തിന്റെ പൂത്തുമ്പികളായി പറന്നുകളിക്കാനാവില്ല. ആശംസകള്‍ നേരാനുമാവില്ല. അത്രമാത്രം ഘനീഭൂതമായ നൊമ്പരത്തിന്റെ ചെളിക്കെട്ടും വല്ലായ്മയുമാണ് പ്രളയം അലറിക്കുതിച്ചെത്തിയ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും. ഓരോ ഓണത്തിനും വിസ്മയാവഹമായ സംഭവഗതികള്‍ കൊണ്ട് പൂക്കളമിടാന്‍ ഒരുങ്ങി നില്‍ക്കുന്നവര്‍ക്ക് വിങ്ങലിന്റെയും യാതനയുടെയും വേളയാണിപ്പോള്‍. ഓണം ഓര്‍മയില്‍ മാത്രം അതിന്റെ വര്‍ണ വൈചിത്ര്യത്തോടെ നിലനില്‍ക്കട്ടെ എന്നാണവര്‍ ആശിക്കുന്നത്. പലര്‍ക്കും ഓണം എന്ന് പറയാന്‍ പോലും കഴിയാത്ത അവസ്ഥ വന്നിരിക്കുകയാണ്.

ഓണക്കോടിയും പൂക്കളവും ഓണസദ്യയും ചേര്‍ന്ന് രൂപപ്പെടുന്ന ഓണാഘോഷത്തിന്റെ നിര്‍വൃതിയില്‍ നിന്ന് ഇത്തവണ കേരളം വിട്ടു നില്‍ക്കുകയാണ്. അത്രമാത്രം പ്രളയവും പേമാരിയും സംസ്ഥാനത്തെ തകര്‍ത്തെറിഞ്ഞിരിക്കുന്നു. കുറഞ്ഞ ശതമാനം ജനങ്ങള്‍ക്കു മാത്രമേ ദുരന്തത്തിന്റെ ശക്തി അത്രകണ്ട് ബാധിക്കാതിരുന്നിട്ടുള്ളൂ. മധ്യ കേരളത്തിലും ദക്ഷിണ കേരളത്തിലും വിവരണാതീതമായ കഷ്ടനഷ്ടങ്ങളാണ് സംഭവിച്ചത്. അനുഗൃഹീതമായ പ്രകൃതിയെ തകര്‍ത്തെറിഞ്ഞ ദുരന്തം ഭീതിദമായ ഓര്‍മകളാണ് മനുഷ്യര്‍ക്കു നല്‍കിയിരിക്കുന്നത്. നടുങ്ങുന്ന അത്തരം ഓര്‍മകള്‍ വേട്ടയാടുമ്പോള്‍ എങ്ങനെ നാം ഓണം ആഘോഷിക്കും? ആരെ കാണിക്കാന്‍? ആര്‍ക്ക് ആശ്വാസമുണ്ടാവാന്‍?  ദുരന്തത്തിന്റെ തീമുനമ്പില്‍ നിന്ന് ആര്‍ത്തുല്ലസിച്ച് ഓണം ആഘോഷിക്കാന്‍ മാത്രം രാക്ഷസമനസ്‌കരല്ലല്ലോ നമ്മള്‍.

ഏതായാലും ദുരന്തം അതിന്റെ കൈക്കരുത്തും വ്യാളീമുഖവും കാണിച്ച് പിന്‍മടങ്ങുമ്പോള്‍ നമുക്ക് ഓര്‍ത്തുവയ്ക്കാന്‍ പലതുമുണ്ട്. വിവരം അറിഞ്ഞതു മുതല്‍ ഒന്നും നോക്കാതെ ദുരന്തമുഖത്തേക്ക് പാഞ്ഞെത്തിയ മത്സ്യത്തൊഴിലാളികള്‍, സന്നദ്ധസംഘടനകള്‍, സാമൂഹികപ്രവര്‍ത്തകര്‍. ഔദ്യോഗിക സംവിധാനം അതിന്റെ കരുതല്‍ പുറത്തെടുക്കും മുമ്പ്  അനൗദ്യോഗിക മേഖല സജീവമായത് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ ഇടവച്ചു. സോഷ്യല്‍ മീഡിയ അങ്ങേയറ്റം കൃതാര്‍ഥാഭരിതമായ നിലപാടോടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള വഴികള്‍ പറഞ്ഞുവച്ചു.  സഹായങ്ങള്‍ക്കായി പരശ്ശതം വഴികള്‍ തുറന്നുകാട്ടി. അതേസമയം ആസുരികലഹരിയോടെ ചിലര്‍ രംഗത്തു വരികയും ചെയ്തു. വിദ്യാഭ്യാസവും സംസ്‌കാരവും ഉണ്ടെന്ന് നാം കരുതുന്ന ചിലര്‍ അങ്ങേയറ്റത്തെ അധമസ്വഭാവം പുറത്തെടുത്തു. ഒരു മുന്‍ വൈസ്ചാന്‍സലര്‍ പോലും ഇത്തരം സമീപനം സ്വീകരിച്ചു എന്നത് കേരളത്തിന്റെ സാക്ഷരസമൃദ്ധിയുടെ മുകളില്‍ അമ്ലമഴ പെയ്യിച്ച അനുഭവമായി.

എന്നാല്‍ ചില അസുലഭ നക്ഷത്രങ്ങള്‍ സമൂഹത്തിനു മുമ്പില്‍ കൂടുതല്‍ പ്രകാശമാനമായി നിന്നു എന്നത് എക്കാലത്തേക്കും അഭിമാനിക്കാനാവുന്നതാണ്. നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവന്‍ ബലി നല്‍കേണ്ടി വന്നവര്‍, കേട്ടറിഞ്ഞും, കണ്ടറിഞ്ഞും ദുരിതബാധിതരെ നെഞ്ചോടു ചേര്‍ത്തവര്‍, സര്‍വസഹായങ്ങളുമായി സംസ്ഥാനത്തിന് കൈത്താങ്ങായി നിന്ന കേന്ദ്രസര്‍ക്കാര്‍, പട്ടാളക്കാര്‍, അഗ്നിശമന സേനാംഗങ്ങള്‍, പോലീസുകാര്‍, വൈദ്യുതി, ആരോഗ്യവകുപ്പുകള്‍, സന്നദ്ധസംഘടനകള്‍, രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനങ്ങളെ എന്നുമെന്നും അഭിമാനത്തോടെയേ ഓര്‍ക്കാനാവൂ. സ്വന്തം ശരീരം പോലും ചവിട്ടുപടിയാക്കി സഹോദരിമാരെ ബോട്ടില്‍ കയറാന്‍ സഹായിച്ച താനൂരിലെ ജൈസലിനെ പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക.

നാടെങ്ങും ഒറ്റ മനസ്സോടെ നിലനിന്ന കാലത്തിന്റെ ഓര്‍മയാണല്ലോ ഓണം ഉണര്‍ത്തുന്നത്. പല തരത്തിലുള്ള സ്വഭാവ വൈചിത്ര്യങ്ങളാല്‍ ചിതറിക്കിടക്കുന്ന ഇന്നത്തെ അവസ്ഥയിലേക്ക് പ്രളയവും പേമാരിയും പെയ്തിറങ്ങിയപ്പോള്‍ സഹവര്‍ത്തിത്വവും സാഹോദര്യവും സ്‌നേഹവും സുദൃഢമാവുന്ന കാഴ്ച ഒരര്‍ഥത്തില്‍ ഹൃദയം കുളിര്‍പ്പിക്കുന്നുണ്ട്. എല്ലാ ദുരന്തങ്ങളും ചെറിയ ചെറിയ പാഠങ്ങള്‍ നമുക്കായി നല്‍കുന്നുണ്ട്. ഇത്തവണത്തെ ഓണം ആഘോഷിക്കാതെ അവശരെയും ആര്‍ത്തരെയും മനസ്സില്‍ കണ്ട് അവരുടെ കണ്ണീരൊപ്പാന്‍ ആത്മാര്‍ഥമായി രംഗത്തിറങ്ങാനാവട്ടെ നമ്മുടെ പരിശ്രമങ്ങള്‍. അത് കണ്ട് മഹാബലിത്തമ്പുരാന്‍ മനം നിറഞ്ഞ് കേരളത്തിന്റെ മണ്ണിലൂടെ തന്റെ ഓണയാത്ര പൂര്‍ത്തിയാക്കട്ടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.