യുഎഇ ധനസഹായം; ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പ്

Saturday 25 August 2018 3:10 am IST

തിരുവനന്തപുരം: യുഎഇ സഹായത്തില്‍ നാണംകെട്ട് സംസ്ഥാന സര്‍ക്കാര്‍. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ശ്രമിച്ചത് അവര്‍ക്ക് തന്നെ തിരിച്ചടിയാകുന്നു. തങ്ങള്‍ 700 കോടി നല്‍കാമെന്ന് പറഞ്ഞിട്ടില്ലെന്ന് യുഎഇ അംബാസിഡര്‍ വ്യക്തമാക്കിയപ്പോള്‍ ദുരന്തത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം എന്ന് വ്യക്തം. 

  യുഎഇ 700 കോടി രൂപയുടെ ധന സഹായം നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്. പ്രമുഖ വിദേശ വ്യവസായി എം.എ യൂസഫലി തന്നോട് പറഞ്ഞെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഇതനുസരിച്ച് യുഎഇ ഭരണാധികാരികള്‍ക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇല്ലാത്ത പ്രഖ്യാപനത്തിന് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തിയതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വിദേശ സഹായം കൈപ്പറ്റുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലവിലുള്ള ചട്ടങ്ങള്‍ വ്യക്തമാക്കിയിരുന്നു. ചട്ടങ്ങളുടെ വിശദവിവരങ്ങള്‍ പുറത്ത് വന്നതോടെ  ദുരിതത്തിലെ രാഷ്ട്രീയ മുതലെടുപ്പുമായി സിപിഎം രംഗത്തിറങ്ങി. യൂസഫലി പറഞ്ഞത് എങ്ങനെ ഔദ്യോഗിക രേഖയായി എന്നും വ്യക്തമാക്കുന്നില്ല. 

   ഒരു മുസ്ലിം രാഷ്ട്രം തങ്ങളെ സഹായിക്കാന്‍ തയാറായപ്പോള്‍ ആര്‍എസ്എസുകാര്‍ അനുവദിക്കുന്നില്ല എന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന.  മുസ്ലിം വിഭാഗവും അവര്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമങ്ങളും കോടിയേരിയുടെ പ്രസ്താവന ഏറ്റെടുക്കുകയായിരുന്നു. കേന്ദ്രം ബിജെപി ഭരിക്കുന്നതിനാല്‍ മുസ്ലീം രാഷ്ട്രങ്ങളുടെ ധന സഹായം സ്വീകരിക്കാന്‍ അനുവദിക്കുന്നില്ല എന്ന തരത്തിലായിരുന്നു പ്രചരണം. ഇടതുപക്ഷ സംഘടനകളും ഇത് ഏറ്റ്  പാടി.  പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്തയില്ലാത്തവന്‍ എന്നുവരെ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. യുഎഇയ്ക്ക് കേരളത്തോട് ഇഷ്ടം എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് പുച്ഛം എന്നൊക്കെയുള്ള പ്രചാരണങ്ങളായിരുന്നു അധികവും. 

   പ്രളയത്തിന്റെ യഥാര്‍ഥ കാരണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ സിപിഎം തയാറാക്കിയ തിരക്കഥയാണ് 700 കോടി രൂപയുടെ ധന സഹായം. സര്‍ക്കാരിന്റെ വീഴ്ചയാണ് സംസ്ഥാനത്തെ ഇത്രയും വലിയൊരു കുരുതിക്കളമാക്കാന്‍  ഇടയാക്കിയതെന്ന  യഥാര്‍ഥ വസ്തുത  ലോകം അറിയും മുമ്പേ ഇങ്ങനെയൊരു കെട്ടുകഥ പ്രചരിപ്പിച്ച് തടയാനായിരുന്നു നീക്കം. ഇതിലേയ്ക്കായി ആര്‍എസ്എസ്സിനെ വലിച്ചിഴയ്ക്കുകയും ചെയ്തു. 

പാര്‍ട്ടി സെക്രട്ടറിക്കു പിന്നാലെ ഒരു പടികൂടി കടന്ന് മന്ത്രി തോമസ് ഐസക്കും വലിയൊരു പ്രഖ്യാപനം നടത്തി. കേരളം ഇടതുപക്ഷം ഭരിക്കുന്നതിനാലാണ് യുഎഇ സഹായം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതെന്നായിരുന്നു ഐസക്കിന്റെ പ്രഖ്യാപനം. മറുഭാഗത്ത് മുസ്ലിം രാഷ്ട്രമായതിനാല്‍ പ്രതിപക്ഷവും ധനസഹായം സംബന്ധിച്ച് ഏറ്റു പറച്ചില്‍ തുടങ്ങി. പാര്‍ട്ടിയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കുകയായിരുന്നു ഇവരുടെ നീക്കവും. യുഎഇ അംബാസിഡറുടെ വെളിപ്പെടുത്തലോടെ നുണ പ്രചാരണത്തിന്റെ മുനയാണ് ഒടിഞ്ഞത്.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.