പമ്പാ ത്രിവേണിയില്‍ സൈന്യം താല്‍ക്കാലിക പാലം നിര്‍മിക്കും

Saturday 25 August 2018 3:07 am IST

പത്തനംതിട്ട: പമ്പാ തീരത്ത് ത്രിവേണിയില്‍  തകര്‍ന്ന പാലങ്ങള്‍ക്ക് പകരം സൈന്യം താല്‍ക്കാലിക പാലം നിര്‍മിക്കും. പമ്പയില്‍ ഇന്നലെ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. കരസേനയുടെ മദ്രാസ് റെജിമെന്റിനാണ് നിര്‍മാണ ചുമതല.  രണ്ട് പാലങ്ങളില്‍ ഒന്ന് കാല്‍നട യാത്രയ്ക്കും  മറ്റൊന്ന് വാഹനങ്ങള്‍ കടത്തിവിടുന്നതിനും ഉപയോഗിക്കും. പമ്പാ ഹില്‍ടോപ്പില്‍ തുടങ്ങി പമ്പാ ഗണപതി ക്ഷേത്രം വരെ ബന്ധിപ്പിച്ചായിരിക്കും പാലം നിര്‍മാണം. അടുത്ത മാസം നട തുറക്കുന്നതിന് മുന്‍പ് തന്നെ ബെയ്‌ലി പാലം യാഥാര്‍ഥ്യമാക്കും.

പ്രളയത്തില്‍ പമ്പാ മണപ്പുറത്തെ പാലങ്ങളും മറ്റ് നിര്‍മിതികളും നാമാവശേഷമായതോടെ ശബരിമല തീര്‍ഥാടനം പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സൈനിക സഹായം തേടുന്നത്. ബെയ്‌ലി പാലങ്ങളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കാനാണ് തീരുമാനം. പാലത്തിന്റെ അടിത്തറയടക്കം ഒരുക്കുന്ന ചുമതല സൈന്യത്തിനായിരിക്കും. പാലം നിര്‍മാണത്തിനായുള്ള സാമഗ്രികള്‍ എത്തിച്ചേര്‍ന്നാല്‍ ആറു മണിക്കൂറുകൊണ്ട് ഒരു പാലം നിര്‍മിക്കാനാകും.

സൈനികസംഘം പമ്പയില്‍ എത്തി പ്രാഥമിക പരിശോധന നടത്തി. സര്‍വെ നടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പാലം എവിടെ നിര്‍മിക്കും എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. കരസേന മദ്രാസ് റജിമെന്റ് എഞ്ചിനീയറിങ് വിഭാഗത്തിലെ മേജര്‍ ഹേമന്ദ് ഉപാധ്യായ്ക്കാണ് നിര്‍മാണ ചുമതല. പമ്പയില്‍ ഇനി സ്ഥായിയായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്നാണ് തീരുമാനം. കടമുറികള്‍ അടക്കമുള്ളവ താല്‍ക്കാലികമായി നിര്‍മിക്കാന്‍ അനുവദിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നദീതടത്തില്‍ അടിഞ്ഞ മണ്ണ്  ഇറിഗേഷന്‍ വകുപ്പ് നീക്കം ചെയ്ത് നദി പഴയ നിലയിലാക്കും. നിലവിലുള്ള പാലങ്ങളുടെ ക്ഷമത പരിശോധിച്ച് ഉറപ്പ് വരുത്തും. പമ്പയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അധ്യക്ഷതയില്‍ പമ്പയില്‍ ചേര്‍ന്ന യോഗത്തില്‍, ആന്റോ ആന്റണി എംപി, രാജു എബ്രഹാം എംഎല്‍എ, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്‍, കെ.പി.ശങ്കരദാസ്, ആര്‍മി മേജര്‍ ആശിഷ് ഉപാധ്യായ, ദേവസ്വം കമ്മീഷണര്‍ എന്‍.വാസു തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.