തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും: നിതിന്‍ ഗഡകരി

Saturday 25 August 2018 3:08 am IST

ന്യൂദല്‍ഹി: പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണം അടക്കമുള്ള കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍വഹിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. തകര്‍ന്ന ദേശീയപാതകളുടെ നിര്‍മാണം  ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ പുനര്‍നിര്‍മാണത്തിനും കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കുമെന്നും ഗഡ്കരി പറഞ്ഞു. 

പതിനായിരം കിലോമീറ്റര്‍ റോഡുകളാണ് സംസ്ഥാനത്ത് പ്രളയകാലത്ത് തകര്‍ന്നത്. ഇതില്‍ ദേശീയപാതയുടെ പുനര്‍നിര്‍മാണം ദേശീയപാതാ അതോറിറ്റി ആരംഭിച്ചു കഴിഞ്ഞു. ഗ്രാമീണ റോഡുകളുടെ പുനര്‍ നിര്‍മാണ ചുമതലയ്ക്ക് സഹായിക്കണമെന്ന് കേരളം അപേക്ഷ നല്‍കിയാല്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഇക്കാര്യത്തില്‍ സഹായം നല്‍കാനൊരുക്കമാണ്. എന്തൊക്കെയാണ് വേണ്ടതെന്ന് സംസ്ഥാന സര്‍ക്കാരിനാണ് ഇക്കാര്യത്തില്‍ പറയാനാവുക എന്നതിനാലാണ് പ്രത്യേക അപേക്ഷ നല്‍കണം എന്നു പറയുന്നത്. തകര്‍ന്ന പാലങ്ങളുടെ നിര്‍മാണത്തിന് പ്രതിരോധ മന്ത്രാലയത്തെ കേരളം സമീപിക്കണം. എവിടെയൊക്കെയാണ് പാലങ്ങള്‍ നിര്‍മിക്കേണ്ടതെന്ന് സംസ്ഥാനം അറിയിക്കണം, ഗഡ്കരി പറഞ്ഞു.

ദേശീയദുരന്തം എന്ന വിഭാഗത്തില്‍ തന്നെയാണ് കേരളത്തിലെ പ്രളയത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ പ്രത്യേക നേട്ടമൊന്നുമില്ല. കേന്ദ്ര ആഭ്യന്തരമന്ത്രിയും അതിന് ശേഷം പ്രധാനമന്ത്രി നേരിട്ടും കേരളത്തില്‍ എത്തിയിരുന്നു. വലിയ ദുരന്തം നേരിട്ട കേരളത്തിലെ ജനതയ്‌ക്കൊപ്പമാണ് കേന്ദ്രസര്‍ക്കാരും മറ്റു സംസ്ഥാനങ്ങളും രാജ്യത്തെ ജനങ്ങളുമെന്നും ഗഡ്കരി പറഞ്ഞു.

സംസ്ഥാനത്ത് പതിനായിരം കോടി രൂപയുടെ റോഡുകളുടെ നഷ്ടമുണ്ടെന്നും 800 കോടി രൂപയുടെ പാലങ്ങള്‍ പുനര്‍നിര്‍മിക്കേണ്ടതുണ്ടെന്നുമാണ് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയപാതാ അതോറിറ്റിയും മറ്റു കേന്ദ്രമന്ത്രാലയങ്ങളും ചേര്‍ന്ന് കേരളത്തെ സഹായിക്കുമെന്നാണ് കേന്ദ്രഗതാഗത മന്ത്രി വ്യക്തമാക്കിയത്.

 സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.