ശുചീകരണ യജ്ഞവുമായി സേവാഭാരതി

Saturday 25 August 2018 3:07 am IST

പത്തനംതിട്ട/ആലപ്പുഴ: പ്രളയക്കെടുതിയിലകപ്പെട്ട ആറന്മുളയിലെയും ചെങ്ങന്നൂരിലെയും, കുട്ടനാട്ടിലെയും ജനങ്ങള്‍ക്ക് ആശ്വാസത്തിന്റെ തിരിനാളങ്ങളുമായി ഇന്നലെയും സേവാഭാരതിപ്രവര്‍ത്തകരെത്തി. .പൊന്‍കുന്നം സംഘ ജില്ലയില്‍ നിന്നും 1150 പ്രവര്‍ത്തകരാണ് ഇന്നലെ ആറന്മുള ക്ഷേത്രത്തിനു സമീപപ്രദേശങ്ങളിലെ വെള്ളം കയറി നശിച്ച വീടുകളില്‍ ശുചീകരണയജ്ഞവുമായി എത്തിയത്.  കാഞ്ഞിരപ്പിള്ളി, പൊന്‍കുന്നം, പാല, ഈരാറ്റുപേട്ട, പൂഞ്ഞാര്‍, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളില്‍ നിന്നാണ് സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരെത്തിയത്.

  ഒരു വീട് ശുചീകരിക്കാന്‍ പത്തുപേര്‍ എന്ന കണക്കില്‍ ശുചീകരണത്തിനാവശ്യമായ സാധനസാമഗ്രികളും ഇവര്‍ കരുതിയിരുന്നു. ചെളി കഴുകിക്കളയുന്നതിനുള്ള ജലലഭ്യതയ്ക്കായി മോട്ടോറുകള്‍, ഇവ പ്രവര്‍ത്തിപ്പിക്കുന്നതിനായുള്ള വലിയ പവര്‍യൂണിറ്റ്, ശുചീകരണത്തിനാവശ്യമായ മറ്റ് ഉപകരണങ്ങള്‍ എല്ലാം കരുതിയിരുന്നു. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വിഭാഗ് പ്രചാരക് എം.ടി. കിരണ്‍, പി.എന്‍. ഉണ്ണി, എ.ബി. ഹരികൃഷ്ണന്‍, ബിജെപി ജില്ലാ ട്രഷറര്‍ കെ.ജി.  .കണ്ണന്‍, സേവാഭാരതി ജില്ലാ ട്രഷറര്‍ ഡി.പ്രസാദ്, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി. നാരായണന്‍, മനീഷ് ഹരിദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുട്ടനാട്ടിലും സേവാഭാരതിയുടെ നേതൃത്വത്തില്‍ ഇന്നലെ ശുചീകരണം ആരംഭിച്ചു. ആലപ്പുഴ സംഘജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്‍പ്പെടെ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ പങ്കാളികളായി. വെള്ളം ഇറങ്ങിത്തുടങ്ങിയ തലവടി, നീലംപേരൂര്‍ പഞ്ചായത്തുകളിലാണ് ശുചീകരണം ആരംഭിച്ചത്. വരുംദിവസങ്ങളിലും കൂടുതല്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ ശുചീകരണം വ്യാപിപ്പിക്കും.

 ചെങ്ങന്നൂരില്‍ അയ്യായിരത്തോളം പ്രവര്‍ത്തകരാണ് സേവനപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. കൊല്ലം, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ പ്രവര്‍ത്തകരാണ് എത്തിയത്. ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും ഇന്നലെ ശുചീകരണം നടത്തി. പ്രത്യേകം വാഹനങ്ങളിലാണ് പ്രവര്‍ത്തകരെ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തിച്ചത്. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബിജെപി പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിച്ചേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.