നാഷണല്‍ ഹെറാള്‍ഡിനെതിരെ അനില്‍ അംബാനി അപകീര്‍ത്തി കേസ് നല്‍കി

Sunday 26 August 2018 10:59 am IST
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ നാഷണല്‍ ഹെറാള്‍ഡ് അപകീര്‍ത്തികരമായ ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയെന്നാണ് കേസ്.

അഹമ്മദാബാദ്: കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനെതിരെ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. 5000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്‌തിരിക്കുന്നത്.

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ നാഷണല്‍ ഹെറാള്‍ഡ് അപകീര്‍ത്തികരമായ ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയെന്നാണ് കേസ്. നാഷണല്‍ ഹെറാള്‍ഡ് പബ്ളിഷറായ അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡ്, എഡിറ്റര്‍ ഇന്‍ ചാര്‍ജ് സഫര്‍ ആഘാ, ലേഖനമെഴുതിയ വിശ്വദീപക് എന്നിവരെ പ്രതിചേര്‍ത്താണ് കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി റാഫേല്‍ ഇടപാട് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതിന് പത്ത് ദിവസം മുമ്പ് മാത്രമാണ് അനില്‍ അംബാനി റിലയന്‍സ് ഡിഫന്‍സ് കമ്പനി സ്ഥാപിച്ചതെന്നാണ് ലേഖനത്തിലുള്ളത്.

ഈ പരാമര്‍ശം അപകീര്‍ത്തികരമാണെന്നും പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ നിക്ഷിപ്‌ത താല്പര്യങ്ങളും വിട്ടുവീഴ്ച്ചകളും കമ്പനിക്കായി ചെയ്‌തെന്ന തരത്തിലുള്ള പ്രസ്‌താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും റിയലന്‍സ് ഗ്രൂപ്പിന് ദോഷകരമായ പ്രത്യാഘാതങ്ങള്‍ വരുത്തിവയ്‌ക്കുന്നതാണെന്നുമാണ് അനില്‍ അംബാനി ആരോപിക്കുന്നു.

ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് ശക്തിസിന്‍ഹ് ഗോഹിലിനെതിരെയും കമ്പനി കേസ് ഫയല്‍ ചെയ്‌തിട്ടുണ്ട്. ഗോഹിലിനോടും അയ്യായിരം കോടി രൂപയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പരാതി സ്വീകരിച്ച സെഷന്‍സ് ജഡ്ജി ആരോപണവിധേയര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ചു. സെപ്റ്റംബര്‍ എഴിന് മുമ്പ് മറുപടി നല്‍കാനാണ് നിര്‍ദേശം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.