പാര്‍ക്കര്‍ സാക്ഷി, പാര്‍ക്കര്‍ ദൗത്യത്തിന്

Sunday 26 August 2018 11:44 am IST
അറുപത് വര്‍ഷം മുന്‍പ് 'സോളാര്‍ വിന്‍ഡ്' അഥവാ സൗരവാതം ഉണ്ടെന്നതിന് തെളിവുമായി താന്‍ മുന്നോട്ടുവന്നപ്പോള്‍ പുച്ഛിച്ച് ചിരിച്ച ശാസ്ത്രജ്ഞന്മാര്‍. ഇപ്പോഴിതാ അതേ സൗരവാതങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ 1500 കോടി ഡോളര്‍ ചെലവിട്ട് തന്റെ പേരില്‍ ഒരു ഉപഗ്രഹം തൊടുത്തുവിടുന്നു.

സ്വന്തം പേരില്‍ ഇതാ ഒരു ബഹിരാകാശപേടകം. നാസയുടെ ചരിത്രത്തില്‍ ആദ്യമായി ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ പേരില്‍ വിക്ഷേപിക്കുന്ന ആദ്യത്തെ കൃത്രിമോപഗ്രഹം. അതും സൂര്യന് ഏറ്റവും അടുത്തെത്തുന്ന മനുഷ്യനിര്‍മിത വസ്തുവെന്ന ബഹുമതിയിലേക്ക് കുതിക്കാനൊരുങ്ങുന്ന ഉപഗ്രഹം.... ഫ്‌ളോറിഡയില്‍ കേപ്കനാവരിലെ കണ്‍ട്രോള്‍ റൂമില്‍ കൂറ്റന്‍ ടെലിവിഷന്‍ സ്‌ക്രീനിനു മുന്നിലിരുന്ന യൂജിന്‍ പാര്‍ക്കറുടെ ഭൂതകാലത്തിലേക്ക് ഒരു നിമിഷം തെന്നിനീങ്ങി.

അറുപത് വര്‍ഷം മുന്‍പ് 'സോളാര്‍ വിന്‍ഡ്' അഥവാ സൗരവാതം ഉണ്ടെന്നതിന് തെളിവുമായി താന്‍ മുന്നോട്ടുവന്നപ്പോള്‍ പുച്ഛിച്ച് ചിരിച്ച ശാസ്ത്രജ്ഞന്മാര്‍. ഇപ്പോഴിതാ അതേ സൗരവാതങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ 1500 കോടി ഡോളര്‍ ചെലവിട്ട് തന്റെ പേരില്‍ ഒരു ഉപഗ്രഹം തൊടുത്തുവിടുന്നു. 'യുവത്വ'ത്തിന്റെ കൗണ്ട് ഡൗണ്‍ അദ്ദേഹത്തെ പെട്ടെന്ന് വര്‍ത്തമാനകാലത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. 'പാര്‍ക്കര്‍ സോളാര്‍ പ്രോബ്' (പിഎസ്പി), ഡെല്‍റ്റാ-നാല് ഹെവി റോക്കറ്റിന്റെ കരുത്തില്‍ കാഴ്ചയില്‍നിന്ന് മറഞ്ഞുകഴിഞ്ഞു. കണ്ണെത്താദൂരത്തോളം ഓറഞ്ചുകലര്‍ന്ന പുകച്ചുരുളുകള്‍ മാത്രം.

കൃത്യം 60 വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ശാസ്ത്രലോകത്തെ ഞെട്ടിച്ച തന്റെ കണ്ടെത്തല്‍. സൂര്യനില്‍നിന്ന് ചാര്‍ജുള്ള കണങ്ങളുടെ ശക്തമായ പ്രവാഹം തുടര്‍ച്ചയായി പുറത്തേക്കുവരുന്നു. ജലധാരായന്ത്രത്തില്‍നിന്ന് വൃത്താകൃതിയില്‍ ജലം ചിതറിത്തെറിക്കുന്നതുപോലെയാണ് ആ സൂര്യക്കാറ്റ് പ്രവഹിക്കുന്നത്. സൂര്യന്റെ കാന്തിക മണ്ഡലത്തില്‍ മാത്രമല്ല, സൗരയൂഥത്തിലും സൗരക്കാറ്റ് സ്വാധീനം ചെലുത്തും-തന്റെ പ്രബന്ധം ഇങ്ങനെയായിരുന്നു. പ്രസിദ്ധമായ അസ്‌ട്രോണമിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുന്നതിന് നല്‍കിയപ്പോള്‍ പരിശോധകര്‍ രണ്ടുപേരും അത് തള്ളി. പ്രബന്ധത്തില്‍ തെറ്റുണ്ടായിരുന്നതുകൊണ്ടല്ല, മറിച്ച് അവര്‍ വിശ്വസിച്ചിരുന്നതിന് വിരുദ്ധമായതുകൊണ്ട്. അന്ന് ഗവേഷക പ്രമുഖര്‍ കരുതിയത് ഗ്രഹങ്ങള്‍ക്കിടയിലുള്ള സ്ഥലം ശുദ്ധശൂന്യമാണെന്നായിരുന്നു. പാര്‍ക്കര്‍, ജേര്‍ണലിന്റെ പത്രാധിപരുടെയടുത്ത് പരാതിയുമായെത്തി. പത്രാധിപര്‍ ഭാരതീയനായ സുബ്രഹ്മണ്യം ചന്ദ്രശേഖര്‍. നൊബേല്‍ പുരസ്‌കാരം നേടിയ പ്രപഞ്ച ശാസ്ത്രജ്ഞന്‍. പരിശോധകരെ മറികടന്ന് പത്രാധിപര്‍ പ്രബന്ധം പ്രസിദ്ധീകരിച്ചു, 1958-ല്‍.

കാലമേറെക്കഴിഞ്ഞു. പാര്‍ക്കറുടെ കണ്ടെത്തല്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. സൗരവാതത്തിന് ഭൂമിയെ ദോഷകരമായി സ്വാധീനിക്കാന്‍ കഴിവുണ്ടെന്ന് തെളിഞ്ഞു.

'സൂര്യനെ തൊട്ടറിയാന്‍' എന്നതാണ് പാര്‍ക്കര്‍ പദ്ധതിയുടെ മുഖമുദ്ര. സൂര്യാന്തരീക്ഷത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന കൊറോണയുടെ ഘടന അടുത്തറിയുകയാണ് പ്രധാനലക്ഷ്യം. പിന്നെ സൗരവാതങ്ങളെക്കുറിച്ചുള്ള പഠനവും. അവയ്ക്ക് കാലാതീതമായ ശക്തിയാണുള്ളതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. അതിശക്തിയായി പുറപ്പെടുന്ന സൂര്യവാതത്തിന് ഭൂമിയില്‍നിന്നുള്ള കൃത്രിമോപഗ്രങ്ങളെ തകര്‍ക്കാനും ഭൂമിയിലെ വൈദ്യുത വിതരണ ശൃംഖലയെ നശിപ്പിക്കാനും വാര്‍ത്താവിനിമയരംഗത്തെ താറുമാറാക്കാനും അപാരമായ കഴിവാണുള്ളത്. പാര്‍ക്കര്‍ ദൗത്യം ഉദ്ദേശിക്കുന്ന രീതിയില്‍ വിജയിച്ചാല്‍ സൗരവാതത്തിന്റെ പ്രവാഹം പ്രവചിക്കാന്‍ അത് നമ്മെ സഹായിക്കും. നമ്മുടെ ബഹിരാകാശ യാത്രകള്‍ വേണ്ടവിധം ആസൂത്രണം ചെയ്യാന്‍ അത് നമ്മെ പ്രാപ്തരാക്കും. കാലാവസ്ഥാ വ്യതിയാനവും സൗരവാതവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ അറിവ് നല്‍കും. കൊറോണയുടെ ഘടന പറഞ്ഞുതരും.

ഏഴുവര്‍ഷം വേണം പാര്‍ക്കറിന് സൂര്യ മണ്ഡലത്തിന് 'തൊട്ടടുത്തെ'ത്താന്‍. 'തൊട്ടടുത്ത്', എന്നാല്‍ സൂര്യന് 61 ലക്ഷം കിലോമീറ്റര്‍ അടുത്തുവരെ. മണിക്കൂറില്‍ ഏഴ് ലക്ഷം കിലോമീറ്റര്‍ വേഗതയിലാണ് ഈ ബഹിരാകാശയാനത്തിന്റെ യാത്ര. ഭൂമിയില്‍ നിന്നും ഇത്രയേറെ അകലത്തില്‍ പോകുന്ന ആദ്യ മനുഷ്യ നിര്‍മിത പേടകമാണിത്. ശുക്ര ഗ്രഹത്തെ 24 വട്ടം പ്രദക്ഷിണം ചെയ്ത് കൊറോണയെ നിരീക്ഷിക്കാനെത്തുന്ന ഈ ആകാശവാഹനത്തിന് 1400  ഡിഗ്രി  സെല്‍ഷ്യസ് ചൂടുവരെ താങ്ങാന്‍ കഴിവുണ്ട്. നാലര ഇഞ്ച് കനമുള്ള കാര്‍ബണ്‍ പ്രതിരോധ കവചമാണ് സംരക്ഷണം നല്‍കുന്നത്. അതിനാല്‍ വാഹനത്തിനുള്ളില്‍ എപ്പോഴും 29 ഡിഗ്രി സെല്‍ഷ്യസ് ചൂടുമാത്രം.

നിരവധി അത്യാധുനിക യന്ത്രങ്ങളാണ് പാര്‍ക്കര്‍ ദൗത്യവാഹനത്തിനുള്ളില്‍. പക്ഷേ അതിനുള്ളില്‍ ഒരു 'ചിപ്പ്' അടക്കം ചെയ്തിട്ടുണ്ട്. ആ ചിപ്പില്‍ അടങ്ങിയിരിക്കുന്നതിവയത്രേ-ഡോ. യുജിന്‍ എന്‍. പാര്‍ക്കറുടെ ഫോട്ടോകള്‍: 1958-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച പ്രബന്ധം; പദ്ധതിയില്‍ തത്പരരായ 11 ലക്ഷം വ്യക്തികളുടെ പേരുകള്‍... കമ്പ്യൂട്ടര്‍ ചിപ്പ് ഒരു കാര്‍ഡിനോട് ചേര്‍ത്താണ് ഘടിപ്പിച്ചിട്ടുള്ളത്. ആ കാര്‍ഡിലുള്ളത് ഒരു സമര്‍പ്പണ വാക്യമാണ്- ''സൂര്യനെക്കുറിച്ചും സൂര്യവാതങ്ങളെക്കുറിച്ചുമുള്ള മനുഷ്യകുലത്തിന്റെ ധാരണകളും കാഴ്ചപ്പാടുകളും മാറ്റിമറിക്കുന്നതിന് കാരണമായ വൈജ്ഞാനിക സംഭാവനകള്‍ നല്‍കിയ ഡോ. യൂജിന്‍ എന്‍. പാര്‍ക്കര്‍ക്ക് ഈ 'പാര്‍ക്കര്‍ സോളാര്‍ പ്രോബ് മിഷന്‍' സമര്‍പ്പിക്കുന്നു.''

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.