125 കോടി ഭാരതീയരും കേരളത്തോടൊപ്പം: നരേന്ദ്ര മോദി

Sunday 26 August 2018 12:36 pm IST
ഈ പ്രകൃതി ദുരന്തത്തില്‍ മുറിവേറ്റവര്‍ എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു. ജനങ്ങളുടെ ഉത്സാഹവും അദമ്യമായ ധൈര്യവും മൂലം കേരളം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കു തികഞ്ഞ വിശ്വാസമുണ്ട്. നരേന്ദ്ര മോദി പറഞ്ഞു.

ന്യൂദല്‍ഹി: കേരളം നേരിടുന്ന പ്രളയക്കെടുതികളെ അതിജീവിക്കാന്‍ രാജ്യം മുഴുവന്‍ ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ്. സംസ്ഥാനത്തെ ഭീകരമായ വെള്ളപ്പൊക്കം ജനജീവിതത്തെ വളരെ ഗുരുതരമായ രീതിയില്‍ ബാധിച്ചിരിക്കുകയാണ്. സ്വന്തക്കാരെ നഷ്ടപ്പെട്ടവരോട് നമുക്ക് സഹാനുഭൂതിയുണ്ട്. നഷ്ടപ്പെട്ട ജീവിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാവില്ലെങ്കിലും നൂറ്റി ഇരുപത്തിയഞ്ചുകോടി ഭാരതീയരും ഈ വേളയില്‍ നിങ്ങളുടെ തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്നുവെന്ന് ദുഃഖിതരായ കുടുംബങ്ങള്‍ക്ക്് ഉറപ്പുനല്‍കുന്നതായി മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി  പറഞ്ഞു. 

ജനങ്ങളുടെ ഉത്സാഹവും അദമ്യമായ ധൈര്യവും മൂലം കേരളം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കു തികഞ്ഞ വിശ്വാസമുണ്ട്. ആപത്ത് നേരത്ത് മനുഷ്യത്വത്തിന്റെ എത്രയോ ദൃശ്യങ്ങള്‍ നമുക്കു കാണാനാകും. അപകടമുണ്ടാകുന്നത് കേരളത്തിലാണെങ്കിലും രാജ്യത്തെ മറ്റേതെങ്കിലും സംസ്ഥാനത്താണെങ്കിലും ജനജീവിതം വീണ്ടും സാധാരണ നിലയിലേക്കെത്തുന്നതിനായി കച്ച്് മുതല്‍ കാമരൂപ് വരെയും കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയും എല്ലാവരും തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. എല്ലാ പ്രായത്തിലുള്ളവരും എല്ലാ കര്‍മമേഖലയിലുള്ളവരും തങ്ങളുടേതായ പങ്ക് പുനരുജ്ജീവന പ്രവര്‍ത്തനങ്ങളില്‍ വഹിക്കുന്നുണ്ട്. 

കേരളത്തിലെ ജനങ്ങളുടെ കഷ്ടപ്പാട് ഏറ്റവും ലഘൂകരിക്കാനും, അവരുടെ ദുഃഖം പങ്കുവയ്ക്കാനും എല്ലാവരും തങ്ങളുടെ പങ്ക് ഉറപ്പാക്കുന്നുണ്ട്. സായുധസേനയിലെ ജവാന്മാര്‍ കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേതൃത്വം വഹിക്കുന്നതായി നമുക്കറിയാം. അവര്‍ വെള്ളപ്പൊക്കത്തില്‍ പെട്ട ആളുകളെ രക്ഷിക്കുന്നതിന് പരമാവധി ശ്രമിച്ചു. വായുസേനയാണെങ്കിലും നാവികസേനയാണെങ്കിലും കരസേനയാണെങ്കിലും, ബിഎസ്എഫ്, സിഐഎസ്എഫ്, ആര്‍എഎഫും ഒക്കെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വളരെ വലിയ പങ്കാണു വഹിച്ചത്. എന്‍ഡിആര്‍എഫ് ജവാന്മാരുടെ കഠിന പരിശ്രമത്തെക്കുറിച്ചും എടുത്തു പറയാനാഗ്രഹിക്കുന്നു. ഈ ആപല്‍ഘട്ടത്തില്‍ അവര്‍ വളരെ മഹത്തായ കാര്യമാണു ചെയ്തത്. എന്‍.ഡി.ആര്‍.എഫിന്റെ കഴിവും അവരുടെ സമര്‍പ്പണവും ത്വരിതഗതിയില്‍ തീരുമാനമെടുക്കേണ്ട  സന്ദര്‍ഭങ്ങളെ നേരിടുന്നതിനുള്ള ശ്രമവും എല്ലാ ഭാരതീയരെയും സംബന്ധിച്ചിടത്തോളം അവരെ ആദരവിന്റെ മൂര്‍ത്തികളായി മാറിയിരിക്കുന്നു. 

കേരളത്തിലെ ജനങ്ങള്‍ക്കും അതോടൊപ്പം മറ്റു പ്രദേശങ്ങളിലെ ദുരന്തമനുഭവിക്കുന്ന ജനങ്ങള്‍ക്കും രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട് എന്ന് എല്ലാ ദേശവാസികള്‍ക്കുംവേണ്ടി ഉറപ്പുനല്‍കുന്നു, പ്രധാന മന്ത്രി മന്‍ കീ ബാത്തില്‍ പറഞ്ഞു. 

ഓണാശംസകള്‍ നേര്‍ന്നുകൊണ്ടും കേരളത്തിനൊപ്പമാണ് എല്ലാവരുമെന്ന സന്ദേശം പ്രധാനമന്ത്രി നല്‍കിയിരുന്നു. 'കഴിഞ്ഞ ഏതാനും ദിവസങ്ങളായി  അനുഭവിച്ചു കൊണ്ടിരിക്കുന്ന കഷ്ടതകളെ അതിജീവിക്കാന്‍  കേരളത്തിലെ ജനങ്ങള്‍ക്ക്  ഓണം കൂടുതല്‍ കരുത്തേകട്ടെ. രാജ്യം മുഴുവനും കേരളത്തോട് തോളോട് തോള്‍ ചേര്‍ന്ന് നിന്ന് ജനങ്ങളുടെ  സന്തോഷത്തിനും അഭിവൃദ്ധിക്കുമായി പ്രാര്‍ത്ഥിക്കുന്നു ', പ്രധാനമന്ത്രി ഓണാശംകള്‍ നേര്‍ന്നുകൊണ്ട് പറഞ്ഞു.

രാജ്യംമുഴുവന്‍ നിങ്ങളോടൊപ്പമുണ്ട് എന്ന് വിശ്വാസമേകാന്‍ ആഗ്രഹിക്കുന്നതായു പ്രധാന മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.