യൂസഫലി സാഹിബ് മൗനം വെടിയണം, കേരളത്തെ രക്ഷിക്കണം: അഡ്വ.ജയശങ്കര്‍

Sunday 26 August 2018 12:41 pm IST
പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇനി എം.എ.യൂസഫലിക്ക് മാത്രമെ കഴിയൂ എന്നാണ് രാഷ്‌ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ.ജയശങ്കര്‍ തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചത്. അദ്ദേഹം ഉള്ള കാര്യം തുറന്നു പറഞ്ഞാല്‍ വിവാദങ്ങളെല്ലാം അവിടെ അവസാനിക്കുമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചി: കേരളത്തിന് ദുരിതാശ്വാസ സഹായമായി യുഎഇ 700 കോടി പ്രഖ്യാപിച്ചെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദങ്ങളും തുടര്‍ന്നുള്ള വിവാദങ്ങളും കൊടുമ്പിരി കൊള്ളുകയാണ്. വിദേശ സഹായങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. തുടര്‍ന്ന് സഹായ വാഗ്ദാനങ്ങളൊന്നും തന്നെ തങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ അറിയിച്ചതോടെ പുതിയ വിവാദങ്ങള്‍ക്കും വഴിവച്ചു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇനി എം.എ.യൂസഫലിക്ക് മാത്രമെ കഴിയൂ എന്നാണ് രാഷ്‌ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ.ജയശങ്കര്‍ തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചത്. അദ്ദേഹം ഉള്ള കാര്യം തുറന്നു പറഞ്ഞാല്‍ വിവാദങ്ങളെല്ലാം അവിടെ അവസാനിക്കുമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. 

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം- 

'യുഎഇ ഗവണ്‍മെന്റ് തരുമെന്ന് കരുതിയ 700 കോടിയുടെ ദുരിതാശ്വാസ ധനസഹായം വല്ലാത്ത പൊല്ലാപ്പായി. സി.പി.എമ്മും ബി.ജെ.പിയും പരസ്‌പരം കുറ്റപ്പെടുത്തുന്നു, ബിനോയ് വിശ്വം കോടതി കയറുന്നു, അര്‍ണാബ് 'ഗോ'സ്വാമി കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകരെ ആകമാനം ആക്ഷേപിക്കുന്നു.

എന്താണ് യാഥാര്‍ത്ഥ്യം? യു.എ.ഇ 700 കോടി രൂപ (100 മില്യണ്‍ അമേരിക്കന്‍ ഡോളര്‍) തരാന്‍ ഉദ്ദേശിച്ചോ? അത് കേന്ദ്ര സര്‍ക്കാര്‍ മുടക്കിയതാണോ? അതോ മുഖ്യമന്ത്രി വെറുതെ ദിവാസ്വപ്‌നം കണ്ടതാണോ?

ഈ വിഷമസന്ധിയില്‍ നിന്ന് കരകയറ്റാന്‍ എം.എ യൂസഫലിക്ക് മാത്രമേ സാധിക്കൂ. അദ്ദേഹം ഉള്ള കാര്യം തുറന്നു പറഞ്ഞാല്‍ വിവാദം അവിടെ അവസാനിക്കും.

അതുകൊണ്ട് യൂസഫലി സാഹിബ് മൗനം വെടിയണം. കേരളത്തെ രക്ഷിക്കണം'.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.