കായം‌കുളം കൊച്ചുണ്ണിക്ക് കൈകൊടുത്ത് ബോബി-സഞ്ജയ

Sunday 26 August 2018 3:22 pm IST
തിരക്കഥയുടെ ലോകത്ത് മുദ്ര പതിപ്പിച്ച ബോബിയും സഞ്ജയും അഭിനേതാക്കളായിരുന്നുവെന്ന് പഴങ്കഥ. പത്മരാജന്റെ പെരുവഴിയമ്പലത്തില്‍ അസീസിന്റെ മകനായി ഏഴുവയസ്സുള്ളപ്പോള്‍ ബോബി അഭിനയിച്ചിരുന്നു. 'എന്റെ കാണാക്കുയില്‍' എന്ന ചിത്രത്തില്‍ പത്തുവയസ്സുള്ളപ്പോള്‍ സഞ്ജയും അഭിനയിച്ചു.
"സഞ്ജയും ബോബിയും"

നാല്‍പ്പത്തിയഞ്ച് കോടി രൂപ ചെലവില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന നിവിന്‍ പോളിയും മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളായി  റിലീസ് ചെയ്യാനൊരുന്ന 'കായംകുളം കൊച്ചുണ്ണി' സഹോദരങ്ങളായ ബോബി-സഞ്ജയ് ടീമിന്റെ പത്താമത്തെ ചിത്രമാണ്.

സിനിമയുടെ ലോകമായിരുന്നു ബോബിയുടെയും സഞ്ജയുടെയും കുട്ടിക്കാലം. അമ്മാവന്‍ നടന്‍ ജോസ് പ്രകാശ് മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന കാലം. അച്ഛന്‍ പ്രേം പ്രകാശ് അറിയപ്പെടുന്ന നിര്‍മാതാവും നടനും. പത്മരാജന്‍ അടക്കമുള്ള അന്നത്തെ പ്രതിഭകളായ സംവിധായകരുടെ സിനിമകള്‍ നിര്‍മിച്ചിരുന്ന പ്രേംപ്രകാശിന്റെ മക്കള്‍ക്ക് പക്ഷേ എന്തുകൊണ്ടോ താരാരാധന തലയ്ക്കുപിടിച്ചില്ല. അഭിനേതാക്കളോട് ഇഷ്ടമുണ്ടായിരുന്നെങ്കിലും സിനിമയ്ക്കു പിന്നില്‍ ഒരുപാടുപേരുടെ പ്രയത്‌നമുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്ന് ഇരുവരും പറയുന്നു.  

തിരക്കഥയുടെ ലോകത്ത് മുദ്ര പതിപ്പിച്ച ബോബിയും സഞ്ജയും അഭിനേതാക്കളായിരുന്നുവെന്ന് പഴങ്കഥ. പത്മരാജന്റെ പെരുവഴിയമ്പലത്തില്‍ അസീസിന്റെ മകനായി ഏഴുവയസ്സുള്ളപ്പോള്‍ ബോബി അഭിനയിച്ചിരുന്നു. 'എന്റെ കാണാക്കുയില്‍' എന്ന ചിത്രത്തില്‍ പത്തുവയസ്സുള്ളപ്പോള്‍ സഞ്ജയും അഭിനയിച്ചു. പക്ഷേ പിന്നീടൊരിക്കലും തങ്ങള്‍ അഭിനയത്തിന്റെ വഴിയിലേക്ക് വന്നിട്ടില്ലെന്ന് ബോബി പറയുന്നു. 

മേരി റോയിയുടെ കോട്ടയത്തെ കോര്‍പ്പസ് ക്രിസ്റ്റി സ്‌കൂളാണ് ഇരുവരേയും എഴുത്തിന്റെ ലോകത്തേക്ക് നയിച്ചത്. 'പള്ളിക്കൂടം' എന്നറിയപ്പെടുന്ന സ്‌കൂളില്‍ പഠനത്തിനു പുറമേ മറ്റ് കലാപരമായ കഴിവുകള്‍ക്കും പ്രോത്സാഹനം ലഭിച്ചിരുന്നു. നാടകങ്ങള്‍ക്കും സ്‌കിറ്റുകള്‍ക്കുമായി എഴുത്ത് തുടങ്ങിയത് അവിടെനിന്നായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ബോബി എംബിബിഎസിലേക്കും എംഡിയിലേക്കും തിരിഞ്ഞപ്പോള്‍ സഞ്ജയ് എംഎയും ബിഎഡും തെരഞ്ഞെടുത്തു. പക്ഷേ സിനിമ അവരുടെ മനസ്സിലുണ്ടായിരുന്നു. പ്രേംപ്രകാശ് നിര്‍മാണം നിര്‍വഹിച്ച ജൂഡ് അട്ടിപ്പേറ്റിയുടെ 'അവസ്ഥാന്തരങ്ങള്‍' എന്ന സീരിയലാണ് ഇരുവരുടെയും ആദ്യസംരംഭം. ജൂഡ് അട്ടിപ്പേറ്റിയെപ്പോലൊരു സംവിധായകനെ പരിചയപ്പെടാന്‍ കഴിഞ്ഞത് തങ്ങളുടെ ജീവിതത്തില്‍ വഴിത്തിരിവായെന്ന് ഇരുവരും പറയുന്നു. ''ഒരു തിരക്കഥ എങ്ങനെ എഴുതണം. സിനിമയെ എങ്ങനെ സമീപിക്കണം എന്നു തുടങ്ങിയ കാഴ്ചപ്പാടുകള്‍ അദ്ദേഹത്തില്‍നിന്നും ലഭിച്ചു. 'അവസ്ഥാന്തരങ്ങള്‍'-ക്കുശേഷം അവിചാരിതം എന്ന സീരിയലിനും ഇരുവരും തിരക്കഥയെഴുതി. പ്രേംപ്രകാശ് നിര്‍മാതാവായ 'എന്റെ വീട് അപ്പുവിന്റെ'-യും തിരക്കഥയിലൂടെ സിനിമാലോകത്ത് കാലെടുത്തുവച്ച ഇരുവര്‍ക്കും പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ബോബി ഡോക്ടറായും സഞ്ജയ്, കമലിന്റെകൂടെ സഹസംവിധായകനായും പ്രവര്‍ത്തിക്കുന്ന കാലത്താണ് ഇരുവരുടെയും മനസ്സില്‍ 'എന്റെ വീട് അപ്പുവിന്റെയും' കഥയെത്തുന്നത്. കമലിനൊപ്പം അസിസ്റ്റന്റായിരുന്നു റോഷന്‍ ആന്‍ഡ്രൂസ്. ആ സൗഹൃദമാണ് മലയാളികള്‍ക്ക് ഏറെ ഹിറ്റുകള്‍ സമ്മാനിച്ച റോഷന്‍ ആന്‍ഡ്രൂസ്-ബോബി, സഞ്ജയ് കൂട്ടിുകെട്ടിനു പിന്നില്‍.

"കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലും നിവിന്‍പോളിയും"
'കായംകുളം കൊച്ചുണ്ണി' റിലീസിനൊരുങ്ങുമ്പോള്‍ ഇരുവരുടെയും കുട്ടിക്കാലം മുതലുള്ള ഒരു സ്വപ്‌നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. ''ഞങ്ങളുടെ കുട്ടിക്കാലത്ത് പതിഞ്ഞ ഒരു കഥാപാത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. പണക്കാരില്‍നിന്ന് മോഷണം നടത്തി പാവങ്ങള്‍ക്ക് നല്‍കുന്ന മോഷ്ടാവ്. ചെയ്യുന്നത് മോഷണമാണെങ്കിലും 'കായംകുളം കൊച്ചുണ്ണി' ഞങ്ങളുടെയുള്ളില്‍ ഹീറോയായിരുന്നു. അമര്‍ചിത്രകഥകളില്‍ മാത്രം കണ്ട കായംകുളം കൊച്ചുണ്ണിയെ തേടിയുള്ള യാത്രയില്‍ ചില നോവലുകളില്‍ നിന്നും കൊച്ചുണ്ണിയെ അറിഞ്ഞു. മുതിര്‍ന്നപ്പോഴും കായംകുളം കൊച്ചുണ്ണിയെ കഥാപാത്രമാക്കി ഒരു സിനിമ എന്നത് മനസ്സിലുണ്ടായിരുന്നു. എന്നാല്‍ ഓരോ സിനിമയുടെയും പുറകെപോയപ്പോള്‍ അത് വിട്ടു. ഇടയ്ക്ക് ഒരു തിരക്കഥയ്ക്കുവേണ്ടി ഗോകുലം സമീപിച്ചിരുന്നു. റോഷന്‍ അവര്‍ക്കുവേണ്ടി സംവിധാനം ചെയ്യാമെന്നു പറഞ്ഞിരുന്നു. 'സ്‌കൂള്‍ ബസ്സി'ന്റെ ഷൂട്ടിങ് വേള. എന്തുകൊണ്ട് 'കായംകുളം കൊച്ചുണ്ണി' സിനിമയാക്കിക്കൂടാ എന്ന് റോഷനോട് ചോദിച്ചു. റോഷന്‍ അന്നുതന്ന ആത്മവിശ്വാസമായിരുന്നു പിന്നീട് മുന്നോട്ടുനയിച്ചത്.  വലിയ ബജറ്റില്‍  ചെയ്യേണ്ട സിനിമയായിരുന്നു 'കായംകുളം കൊച്ചുണ്ണി.' ഗോകുലം ഗോപാലനോട് സംസാരിച്ചപ്പോല്‍ അവര്‍ കൈതന്നു.''

കായംകുളം കൊച്ചുണ്ണിയെ പുനഃസൃഷ്ടിക്കുക എന്നത് ചെറിയ വെല്ലുവിളിയായിരുന്നില്ലെന്ന് സഞ്ജയ് പറയുന്നു. ''ഐതിഹ്യമാല വായിച്ചാണ് കായംകുളം കൊച്ചുണ്ണിയെ വിഷ്വലൈസ് ചെയ്തത്. ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെക്കുറിച്ചുള്ള ചില ഒറ്റവരി വിശേഷങ്ങള്‍ക്കു പുറകെയായി യാത്ര. കൊച്ചുണ്ണിയും ജാനകിയുമായുള്ള പ്രണയം അത്തരത്തിലൊന്നാണ്. അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയില്‍ മുസല്‍മാനായ കൊച്ചുണ്ണിയും ഹിന്ദുവായ ജാനകിയും തമ്മിലുള്ള പ്രണയം എങ്ങനെയായിരിക്കും  എന്ന ചിന്ത അദ്ഭുതമുളവാക്കി. 'കായംകുളം കൊച്ചുണ്ണി'യെക്കുറിച്ചുള്ള ഗവേഷണമായി പിന്നെ. ഞങ്ങളുടെ സിനിമകള്‍ക്കാവശ്യമായ റിസര്‍ച്ചുകള്‍ ഞങ്ങള്‍ തന്നെയായിരുന്നു ചെയ്യാറ്. മുംബൈ പോലീസില്‍ പോലീസിന്റെ രീതികളും 'ഹൗ ഓള്‍ഡ് ആര്‍  യു'വില്‍ പച്ചക്കറി കൃഷിരീതികളുമൊക്കെ വ്യക്തമായി നിരീക്ഷിച്ച ശേഷമാണ് ആ സ്‌ക്രിപ്റ്റുകളിലേക്കെത്തിയത്. എന്നാല്‍ 'കായംകുളം കൊച്ചുണ്ണി' അത്ര അനായാസമായിരുന്നില്ല. അതുകൊണ്ടുതന്നെ മൂന്നുപേരടങ്ങുന്ന റിസര്‍ച്ച് ടീമാണ് കായംകുളം കൊച്ചുണ്ണിക്കുവേണ്ടി യത്‌നിച്ചത്. കൊച്ചുണ്ണിയുടെ ജീവിതകാലത്തെ സാമൂഹിക സാഹചര്യം, വസ്ത്രധാരണം, ജാതിവ്യവസ്ഥകള്‍, ഭക്ഷണരീതി, സംസാര ഭാഷ എന്നിങ്ങനെ ഓരോ തലവും സിനിമയ്ക്കുവേണ്ടി പിന്തുടരേണ്ടിവന്നു.'' 

നിവിന്‍പോളിയെയോ മോഹന്‍ലാലിനെയോ പ്രിയ ആനന്ദിനെയോ മുന്നില്‍ കണ്ടല്ല തിരക്കഥ എഴുതിയതെന്ന് ബോബിയും സഞ്ജയും പറയുന്നു. തിരക്കഥ ഏകദേശം പൂര്‍ത്തിയായപ്പോഴാണ് നിവിന്‍ പോളി മനസ്സിലേക്കെത്തുന്നത്. കായംകുളം കൊച്ചുണ്ണിക്ക് പല ഭാവങ്ങള്‍ ഉണ്ട്. മലയാളത്തില്‍ അത്തരം ഒരു വേഷം ചെയ്യാന്‍ നിവിന് കഴിയും എന്നുറപ്പായിരുന്നു. കേട്ടയുടന്‍ നിവിന്‍ സമ്മതം മൂളി. 

ഇത്തിക്കരപ്പക്കിയുടെ റോള്‍ സിനിമയില്‍ അതീവപ്രാധാന്യമുള്ളതാണ്. ഒരു സാധാരണ നടന്‍ ചെയ്താല്‍ നന്നായേനെ എന്ന് തോന്നിയെങ്കിലും കേന്ദ്രകഥാപാത്രമല്ലാത്തതിനാല്‍ മോഹന്‍ലാല്‍ വരുമോ എന്ന് ആശങ്കയുണ്ടായിരുന്നു. അതുകൊണ്ട് ആദ്യം അദ്ദേഹത്തെ സമീപിച്ചില്ല.  എന്നാല്‍ മറ്റൊരു ഓപ്ഷന്‍ ഇല്ലാതായതോടെ റോഷന്‍ നേരിട്ടു ചോദിക്കുകയായിരുന്നു. മോഹന്‍ലാല്‍ അത് സമ്മതിക്കുകയും ചെയ്തു.

അമലാപോളിനെയാണ് ആദ്യം ജാനകിയായി തീരുമാനിച്ചത്. ഡേറ്റ് പ്രശ്‌നമായതിനാല്‍ പ്രിയ ആനന്ദിലേക്കെത്തുകയായിരുന്നു. എന്തുകൊണ്ട് ഒരു മലയാളി നടിയെ തെരഞ്ഞെടുത്തില്ല എന്ന ചോദ്യമുണ്ട്. വൈശാലിയിലും ഒരു വടക്കന്‍ വീരഗാഥയിലും പഴശ്ശിരാജയിലുമൊന്നും മലയാളികളായിരുന്നില്ല നായികമാര്‍. ജാനകിയുടെ രൂപഭാവങ്ങള്‍ പ്രിയ ആനന്ദിന് അനുയോജ്യമായിരുന്നു, സഞ്ജയ് പറയുന്നു.

പഴയ കാലഘട്ടത്തിനനുസൃതമായ സെറ്റ് ഒരുക്കുകയായിരുന്നു ചിത്രീകരണത്തിലെ പ്രധാന വെല്ലുവിളിയെന്ന് സഞ്ജയ് പറഞ്ഞു. ''മംഗലാപുരം, ഗോവ, ശ്രീലങ്ക എന്നിവിടങ്ങളിലായി 161 ദിവസത്തെ ഷൂട്ട് വേണ്ടിവന്നു. പഴയകാല കായംകുളത്തെ സൃഷ്ടിക്കണമെങ്കില്‍ അതുപോലെ സെറ്റിടാനേ കഴിയൂ. മംഗലാപുരത്തായിരുന്നു ഇത് ചെയ്തത്. ധാരാളം മൃഗങ്ങളെയും ചിത്രീകരണത്തിനായി ഉപയോഗിക്കേണ്ടിവന്നു. ഇത് ഷൂട്ട് നീണ്ടുപോയതിനിടയാക്കിയിട്ടുണ്ട്.''

ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥകളിലെല്ലാം സാമൂഹിക വിഷയം കടന്നുവരും. അത് ഞങ്ങള്‍ ബോധപൂര്‍വം ചെയ്യുന്നതല്ല. സ്വാഭാവികമായി വന്നുചേരുന്നതാണ്. ''കായംകുളം കൊച്ചുണ്ണി'യും ഒരു കൊമേഴ്‌സ്യല്‍ സിനിമയാണ്. പക്ഷേ അതിലും ഒരു സാമൂഹിക വിപ്ലവമുണ്ട്. വിശപ്പുള്ളിടത്തോളം നമുക്ക് കൊച്ചുണ്ണിമാരെ ആവശ്യമുണ്ട്. ജാതിയും മതവും മനുഷ്യനെ തരംതിരിക്കുന്ന ഇക്കാലത്ത് നമുക്ക് മനുഷ്യത്വത്തിനുവേണ്ടി നില്‍ക്കുന്ന കൊച്ചുണ്ണിമാര്‍ ആവശ്യമാണ്.''

ബോബി കോട്ടയം മെഡിക്കല്‍ സെന്ററിലെ ഫിസിഷ്യനാണ്. സഞ്ജയ് കൊച്ചിയിലും. ഇരുവരും രണ്ട് ജില്ലകളിലാണെങ്കിലും അവര്‍ എന്നും ഒപ്പമാണ്. ''ഒരാഴ്ചയോ രണ്ടാഴ്ചയോ കൂടുമ്പോള്‍ സഞ്ജയ് ഇവിടേക്കു വരും. അല്ലെങ്കില്‍ ഞാന്‍ കൊച്ചിയിലേക്കു പോകും. എല്ലാ ദിവസവും രണ്ട് മണിക്കൂര്‍വരെ ഞങ്ങള്‍ തമ്മില്‍ ഫോണില്‍ സംസാരിക്കും. അത്യാവശ്യഘട്ടമാണെങ്കില്‍ മാത്രം ആശുപത്രി മാനേജ്‌മെന്റില്‍നിന്ന് അനുമതി വാങ്ങി ഒത്തുകൂടും. തിരക്കേറിയ ഡോക്ടര്‍ പ്രൊഫഷന്‍ തന്റെ സിനിമാ ജീവിതത്തെ ഇതുവരെ ബാധിച്ചിട്ടില്ലെന്ന് ബോബി പറയുന്നു.

അച്ഛന്‍ പ്രേംപ്രകാശിന്റെ പിന്തുണ ഇരുവര്‍ക്കുമുണ്ട്. ''കഥകളെല്ലാം തന്നെ അച്ഛനോടും അമ്മയോടും പറയാറുണ്ട്. അച്ഛന്റെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളാറുമുണ്ട്.''

മലയാള സിനിമ അതിന്റെ സുവര്‍ണകാലത്തിലേക്ക് മടങ്ങിവരികയാണെന്നാണ് ഇവരുടെ പക്ഷം. രണ്ട് വര്‍ഷത്തിനിടെ പുറത്തിറങ്ങിയ സിനിമകളുടെ ഉള്ളടക്കവും അവതരണരീതിയും അഭിനയമികവുമെല്ലാം മലയാള സിനിമയ്ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നുവെന്ന് ഇരുവരും പറയുന്നു.

സി.രാജ

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.