കേരളത്തിന് കൂടുതല്‍ ധനസഹായം ഉണ്ടാകും - പ്രധാനമന്ത്രി

Sunday 26 August 2018 4:25 pm IST
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് യാതൊരു മടിയും കൂടാതെ തന്നെയാണ് കേരളത്തിന് സഹായം നല്‍കിയതെന്നും ആഗസ്റ്റ് 17, 18 തീയതികളിലെ കേരള സന്ദര്‍ശനത്തിനു ശേഷം രക്ഷാപ്രവര്‍ത്തനം താന്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ഗവര്‍ണറെ അറിയിച്ചു.

ന്യൂദല്‍ഹി: കേരളത്തിനുള്ള അധിക ധനസഹായം ഉടനെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ അറിയിച്ചു. 600  കോടി അനുവദിച്ചത് ഇടക്കാലാശ്വാസമായാണ്. നാശനഷ്ടങ്ങളുടെ കണക്ക് രേഖപ്പെടുത്തി കേരളം നല്‍കുന്ന അപേക്ഷയുടെയും ദേശീയ ദുരന്ത പ്രതികരണനിധിയുടെയും മാനദണ്ഡങ്ങളനുസരിച്ച് അധിക ധനസഹായം ലഭ്യമാകും, പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങും ഗവര്‍ണ്ണറെ അറിയിച്ചു. ഇരുവരുമായി ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിന് അധിക ധനസഹായം ഉടനുണ്ടാകുമെന്ന അറിയിപ്പ് ലഭിച്ചത്. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനം സ്വീകരിച്ച കാര്യങ്ങള്‍ ഗവര്‍ണ്ണര്‍ പ്രധാനമന്ത്രിയോടു വിശദീകരിച്ചു. 

മഹാപ്രളയത്തിന് മുമ്പായി കോട്ടയം, കുട്ടനാട് മേഖലകളെ ബാധിച്ച പ്രളയക്കെടുതി വിലയിരുത്തുന്നതിനായി ആഗസ്ത് ഏഴു മുതല്‍ 12 വരെ കിരണ്‍ റിജിജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിതല സംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തി പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ചതാണ് 600 കോടി രൂപയെന്ന് പ്രധാനമന്ത്രി ഗവര്‍ണ്ണറെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിലവിലുള്ള 562.45 കോടി രൂപയ്ക്ക് പുറമേ 600 കോടി രൂപ കൂടി ലഭിച്ചതോടെ ആകെ 1,162.45 കോടി രൂപ കേരളത്തിന് ഇതുവരെ പണമായി ലഭിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ 562.45 കോടിയില്‍ 462 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണ്. സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് 75 ശതമാനം നല്‍കുന്നതും കേന്ദ്രസര്‍ക്കാരാണ്. 

ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി കേരളത്തിന് അധികമായി അഞ്ചരക്കോടി തൊഴില്‍ദിനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. 1,490.50 കോടി രൂപയാണ് ഇതുവഴി സംസ്ഥാനത്തിന് അധികമായി ലഭിക്കുക. ധനസഹായത്തിന് പുറമേ വലിയ തോതില്‍ ഭക്ഷണവും മരുന്നും കുടിവെള്ളവും മറ്റു അവശ്യ വസ്തുക്കളും ഭക്ഷ്യവസ്തുക്കളും കേരളത്തിന് അടിയന്തരമായി എത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നിരവധി സഹായങ്ങള്‍ എത്തിച്ചിട്ടുണ്ട്. തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മിക്കാന്‍ പ്രധാനമന്ത്രി ആവാസ് യോജന ഉപയോഗിക്കും. സംസ്ഥാനത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് നിയമവും ചട്ടങ്ങളും നോക്കാതെയായിരുന്നു കേന്ദ്രത്തിന്റെ സഹായ നടപടികളെല്ലാം എന്ന് പ്രധാനമന്ത്രി ഗവര്‍ണറെ അറിയിച്ചു. ദേശീയ-സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിന്റെ മാര്‍ഗരേഖ അനുസരിച്ചാണ് എല്ലാ ദുരന്തങ്ങള്‍ക്കും ധനസഹായം നല്‍കുന്നതെന്ന് പ്രധാനമന്ത്രി ഗവര്‍ണറോട് പറഞ്ഞു.  കേന്ദ്രസര്‍ക്കാര്‍ യാതൊരു മടിയും കൂടാതെ സമയോചിതമായാണ് എല്ലാ സഹായങ്ങളും കേരളത്തിന് എത്തിച്ചു നല്‍കിയത്, പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളെപ്പറ്റിയും സംസ്ഥാനത്തെ ക്രമസമാധാന നിലയെപ്പറ്റിയും കേന്ദ്രആഭ്യന്തരമന്ത്രിയെ ഗവര്‍ണ്ണര്‍ വിവരങ്ങള്‍ ധരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.