പ്രചരിപ്പിച്ചത് വ്യാജം, വാസ്തവം ഇങ്ങനെ

Monday 27 August 2018 1:04 am IST

വെള്ളപ്പൊക്കക്കെടുതിക്കിടെ സര്‍ക്കാരും മറ്റ് ഔദ്യോഗിക കേന്ദ്രങ്ങളും ഉത്തരവാദപ്പെട്ട ഏജന്‍സികളും പ്രചരിപ്പിച്ചത് പലതും വ്യാജമായിരുന്നു. രാഷ്ട്രീയ നേട്ടമോ മറ്റെന്തെങ്കിലും ലക്ഷ്യമോ നേടാന്‍ നടത്തിയ ആ ശ്രമങ്ങളുടെ വാസ്തവം ഒടുവില്‍ വെളിവായി. എന്നാല്‍, വ്യാജം പ്രചരിപ്പിച്ചവര്‍ തിരുത്താന്‍ ഇനയും തയാറായിട്ടില്ല. 

കേന്ദ്ര സര്‍ക്കാര്‍ സഹായം

വ്യാജം: കേരളം ചോദിച്ചത് 20,000 കോടി, കേന്ദ്രം നല്‍കിയത് 500 കോടി.

വാസ്തവം: ചോദിച്ചതിനേക്കാള്‍ കൂടുതല്‍ സഹായം

- കാലവര്‍ഷം, വെള്ളപ്പൊക്കം, അണക്കെട്ട് വെള്ളപ്പൊക്ക ദുരിതം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി ഉണ്ടായ സംഭവഗതികളെ തുടര്‍ന്ന് പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, ആഭ്യന്തര സഹമന്ത്രി എന്നിവര്‍ വന്നു. കേന്ദ്ര നിരീക്ഷണ സംഘം വന്നു. പ്രാരംഭമായി മൂന്നു ഘട്ടത്തില്‍ 780 കോടി രൂപ പ്രഖ്യാപിച്ചു.

- കേന്ദ്രം സഹായിച്ചില്ല, 500 കോടി മാത്രം എന്ന് വ്യാജ പ്രചാരണം നടത്തി.

- പ്രധാനമന്ത്രി പ്രഖ്യാപിച്ച ഏഴ് പദ്ധതികള്‍ വഴി കേരളത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരവും സാമ്പത്തിക സഹായവും നല്‍കാമെന്ന ഉറപ്പാണ് നല്‍കിയത്.

- പക്ഷേ അത് മറച്ചുവെച്ചു. ഒടുവില്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളം ആവശ്യപ്പെട്ടതിലധികം സഹായമായി. ഇനിയും തയാറെന്ന് കേന്ദ്ര സര്‍ക്കാര്‍.

സൈന്യം വന്നില്ല, വിന്യസിച്ചില്ല

വ്യാജം: ആവശ്യപ്പെട്ടിട്ട് സൈന്യത്തെ കേന്ദ്രം അയച്ചില്ല.

വാസ്തവം: സൈന്യം സംസ്ഥാനത്തിന്റെ അനുമതിക്ക് കാത്തിരുന്നു.

- ദുരന്ത സമയത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തി. സൈനിക സഹായം സംസ്ഥാനം ആവശ്യപ്പെട്ടപ്പോഴാണ് എത്തിയത്. കരസേന, നാവികസേന, വ്യോമസേന, തീരസംരക്ഷണ സേന. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് പ്രവര്‍ത്തനാനുമതിയോ നിര്‍ദേശമോ നല്‍കിയില്ല. 

- സൈന്യത്തിന് പ്രവര്‍ത്തനാനുവാദം കൊടുക്കുന്നതിനെതിരേ ഭരണകക്ഷിയായ സിപിഎമ്മിന്റെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 

- സൈന്യം നിര്‍ദേശവും അനുമതിയുമില്ലാതെ കാത്തു നിന്നു.

- ഇതിനകം കേന്ദ്രസര്‍ക്കാര്‍ വിരുദ്ധമായി പ്രചാരണം നടന്നു. ഹെലിക്കോപ്റ്റര്‍ കിട്ടിയില്ലെന്ന പരാതി പറഞ്ഞു.

- ഒടുവില്‍ സൈന്യം ഇറങ്ങി പ്രവര്‍ത്തിച്ചു, രക്ഷകരായി.

- സൈന്യത്തിനെ അവഹേളിച്ച് മത്സ്യബന്ധന തൊഴിലാളികളെ ആദരിച്ചു.

- പക്ഷേ, സൈന്യം രക്ഷകരായെന്ന് ഒടുവില്‍ കേരള ജനതയും സംസ്ഥാന സര്‍ക്കാരും സമ്മതിച്ചു.

സൗജന്യ അരി

വ്യാജം: വെള്ളപ്പൊക്കക്കെടുതിയിലും കേരളത്തിനു കേന്ദ്രം സൗജന്യ അരി നല്‍കിയില്ല.

വാസ്തവം: കേരളം ആവശ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍ അരി എത്തിച്ചു.

- ആഗസ്റ്റ് 21 കേരളത്തിലെ എല്ലാ ടിവി ചാനലുകളും, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനം ചോദിച്ചത്ര അരി നല്‍കിയില്ലെന്ന് വാര്‍ത്ത കൊടുത്തു. കൊടുത്ത 89,540 മെട്രിക് ടണ്‍ അരിക്ക് 233 കോടി രൂപ വിലനിശ്ചയിച്ചിട്ടുണ്ട്, സംസ്ഥാനം നല്‍കണം എന്നായിരുന്നു വാര്‍ത്ത. 

- വാര്‍ത്ത സത്യമല്ലന്നും കേന്ദ്രം നല്‍കിയ അരി തീര്‍ത്തും സൗജന്യമാണെന്നും ഇനിയും എത്ര ആവശ്യം വന്നാലും നല്‍കുമെന്നും കേന്ദ്ര ഭക്ഷ്യവകുപ്പുമന്ത്രി രാം വിലാസ് പാസ്വാന്‍, മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിക്കുന്നു.

- പക്ഷേ, പല മാധ്യമങ്ങളും,'അത് സൗജന്യമല്ല, പണം കൊടുക്കണമെന്നാണ് ഭക്ഷ്യമന്ത്രാലത്തിന്റെ ഉത്തരവെ' ന്ന് വ്യാഖ്യാനിച്ചു. 

- സൗജന്യമായി അരി കൊടുക്കില്ല. ഏതെങ്കിലും കേന്ദ്ര പദ്ധതിയില്‍ പെടുത്തി അതിനുള്ള പണം സംസ്ഥാനത്തിന് ഇളവുചെയ്തുകൊടുക്കും. അതാണ് സര്‍ക്കാര്‍ നടപടി. 

- പക്ഷേ, ആ ഉത്തരവ് പുതുക്കി ഇറക്കിയില്ലെന്ന് വ്യാഖ്യാനിച്ച് ആ വാര്‍ത്തയില്‍നിന്ന് പിന്മാറി.

700 കോടി 

വ്യാജം: കേരളത്തിന് യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച 700 കോടി രൂപ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നില്ല. 

വാസ്തവം: അങ്ങനെയൊരു സാമ്പത്തിക സഹായം ഇല്ലേയില്ല

- ആഗസ്റ്റ് 18, രാത്രി 12:31 : യുഎഇ ഭരണാധികാരി ഷെയ്ക്ക് മുഹമ്മദിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കേരള ജനതയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് അറബിയില്‍ ആദ്യത്തെ ട്വീറ്റ്.

- രാത്രി 12:32 : വീണ്ടും അറബിയില്‍ ട്വീറ്റ്, 12:41 ഇംഗ്ലീഷില്‍ ട്വീറ്റ്

-  രാത്രി 12:54: അദ്ദേഹത്തിന്റെ ട്വീറ്റ് വീണ്ടും; ഇത്തവണ മലയാളത്തില്‍, അതില്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു:- ഇന്ത്യന്‍ ജനതയ്ക്ക് സഹായഹസ്തം നീട്ടാന്‍ മറക്കരുത്

- രാത്രി  12:55ന് അടുത്ത ട്വീറ്റ്: 'ദുരിത ബാധിതരെ സഹായിക്കാന്‍ യുഎഇയും ഇന്ത്യന്‍ സമൂഹവും ഒന്നിച്ച് പ്രവര്‍ത്തിക്കും. അടിയന്തര സഹായം നല്‍കാന്‍ കമ്മിറ്റി രൂപവത്കരിച്ചു' എന്നറിയിക്കുന്നു. (ശ്രദ്ധിക്കുക. സഹായ ധനം പ്രഖ്യാപിച്ചിട്ടില്ല)

- ഇന്ത്യന്‍ സമയം - കാലത്ത് 6:36: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ ഭരണാധികാരിക്ക് നന്ദിപറഞ്ഞ് ട്വീറ്റ് ചെയ്യുന്നു. (ഇതില്‍ ഒന്നും 700 കോടി രൂപയുടെ കാര്യം പറയുന്നില്ല. 'സ്‌നേഹം നിറഞ്ഞ പിന്തുണ വാഗ്ദാനത്തിന് നന്ദി' എന്നാണ് പ്രയോഗം) 

രാവിലെ 10:33: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ ഭരണാധികാരിക്ക് നന്ദി പറഞ്ഞ്് ട്വീറ്റ് ചെയ്യുന്നു.

- ആഗസ്റ്റ് 21, രാവിലെ 11:29 : വാര്‍ത്താ ഏജന്‍സി എഎന്‍ഐയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ യുഎഇ 700 കോടി രൂപ വാഗ്ദാനം ചെയ്തതായി കേരള മുഖ്യമന്ത്രി പറഞ്ഞതായി വാര്‍ത്ത വരുന്നു. ഒപ്പം കേരളത്തിലെ മിക്ക ചാനലുകളിലും വാര്‍ത്ത. 

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെതിരെന്ന് വാര്‍ത്തകള്‍, വിശകലനങ്ങള്‍, മുഖപ്രസംഗങ്ങള്‍, കുറ്റപ്പെടുത്തലുകള്‍. വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നു. 700 കോടി രൂപയുടെ പേരില്‍ ഇല്ലാത്ത പ്രചാരണം നടത്തുന്നു. സഹായം വിദേശ കാര്യ വകുപ്പ് നിഷേധിച്ചു എന്ന പേരില്‍ വ്യാജവാര്‍ത്ത വരുന്നു, 

- പ്രമുഖ വ്യവസായി യൂസഫലി മറ്റുമാര്‍ഗങ്ങളിലൂടെ ഈ പണം കൊണ്ടുവരും എന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നു, അദ്ദേഹം നിഷേധിച്ചു, പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് പറയുന്നു.

- ഇപ്പോള്‍ 700 കോടിയുടെ കണക്ക് പറഞ്ഞവരില്ല. മുഖ്യമന്ത്രി, വ്യവസായി എം.എ. യൂസഫലിയുടെ തലയില്‍ ചുമത്തി. യൂസഫലിക്ക് വിശദീകരണമില്ല. ഒടുവില്‍ മുഖ്യമന്ത്രി: 'അത്രയും തുകയില്ലെങ്കില്‍ എത്രയെന്ന് പ്രധാനമന്ത്രിപറയട്ടെ,' എന്ന്!!

അര്‍ണബ് ഗോസ്വാമി

വ്യാജം: റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി മലയാളികളെ ആകെ, ആക്ഷേപിച്ചു. 

വാസ്തവം: കേരളീയര്‍ ശക്തരും മഹാന്മാരും പെട്ടെന്ന് പഴയ സ്ഥിതിയലേക്ക് എത്താന്‍ സമര്‍ഥരുമാണെന്ന് പ്രശംസിക്കുകയായിരുന്നു അര്‍ണബ്.

- കേരളത്തിലുള്ളവര്‍ മനശ്ശാസ്ത്രപരമായി അതിവേഗം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുന്നവരാണ്, അവര്‍ മഹാന്മാരാണ് ശക്തരാണ് എന്ന് കാണിച്ചു തന്നിട്ടുള്ളവരാണ്. വെള്ളപ്പൊക്ക ദുരിത വേളയില്‍ വ്യാജവാര്‍ത്ത ചമച്ച് വിടുന്നവര്‍ കേരള ജനതയെ ദുരുപയോഗിക്കുകയും തരംതാണ പ്രവൃത്തി ചെയ്യുന്നവരുമാണ്. 

- പക്ഷേ മലയാളികളെ മുഴുവന്‍ ആക്ഷേപിക്കുകയാണ് ചെയ്തതെന്ന് വ്യാജം പ്രചരിപ്പിച്ചു. 

- കടുത്ത ഇടതരുടെയും മാവോയിസ്റ്റുകളുടെയും മതഭ്രാന്തരുടെയും മുമ്പുകണ്ടിട്ടില്ലാത്ത ഈ ഗ്രൂപ്പ് നാണമില്ലാത്ത, കള്ളം പ്രചരിപ്പിക്കുകയാണ്. ഇന്ത്യയെ മോശപ്പെടുത്താനുള്ള ഗൂഢാലോചനയാണിത്.

- വാസ്തവം പ്രചരിച്ചപ്പോള്‍ വിമര്‍ശകര്‍ വേറെ വിഷയങ്ങള്‍ കൊണ്ടുവന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.