ഓണനാളുകളില്‍ സേവാഭാരതിയുടെ ശുചീകരണം

Monday 27 August 2018 1:05 am IST
ദുരിതാശ്വസ ക്യാമ്പുകളില്‍ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ സദ്യ തയാറാക്കിയപ്പോള്‍, കര്‍മമേഖലയിലെ പൊതിച്ചോറായിരുന്നു സേവാഭാരതി പ്രവര്‍ത്തകരുടെ തിരുവോണസദ്യ. അരലക്ഷത്തോളം പ്രവര്‍ത്തകരാണ് സംസ്ഥാനത്തിന്റെ ദുരിതമേഖലകളില്‍ പ്രളയമെടുത്തവരുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ കഠിനാധ്വാനം നടത്തുന്നത്.

ആലപ്പുഴ: മഹാപ്രളയത്തില്‍ ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച സേവാഭാരതിക്ക് വിശ്രമമില്ല, ദുരിതത്തില്‍ സര്‍വതും നശിച്ച പതിനായിരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് സേവാഭാരതി പ്രവര്‍ത്തകര്‍. സര്‍ക്കാരും മറ്റു സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനത്തിന് തീയതി നിശ്ചയിച്ച് കാത്തിരിക്കുമ്പോഴാണ് ദുരിതബാധിതമേഖലകളില്‍ സേവനം ചെയ്ത്  സേവാഭാരതി പ്രവര്‍ത്തകര്‍ ഓണം ആഘോഷിച്ചത്. 

 ദുരിതാശ്വസ ക്യാമ്പുകളില്‍ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ സദ്യ തയാറാക്കിയപ്പോള്‍, കര്‍മമേഖലയിലെ പൊതിച്ചോറായിരുന്നു സേവാഭാരതി പ്രവര്‍ത്തകരുടെ തിരുവോണസദ്യ. അരലക്ഷത്തോളം പ്രവര്‍ത്തകരാണ് സംസ്ഥാനത്തിന്റെ ദുരിതമേഖലകളില്‍ പ്രളയമെടുത്തവരുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ കഠിനാധ്വാനം നടത്തുന്നത്. പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ചെങ്ങന്നൂര്‍, കുട്ടനാട്, ആറന്മുള പ്രദേശങ്ങളില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനം തുടങ്ങിയിട്ട് ദിവസങ്ങളായി. ഓണദിവസങ്ങളിലും പ്രവര്‍ത്തനത്തിന് മുടക്കമില്ല. സ്വകാര്യ ഏജന്‍സികള്‍ വലിയ തുക ഈടാക്കുമ്പോഴാണ് യാതൊരു പ്രതിഫലവും ചോദിക്കാതെ വീടുകളും ആരാധനാലയങ്ങളും സ്ഥാപനങ്ങളും സേവാഭാരതി വൃത്തിയാക്കുന്നത്. 

 ദുരന്തബാധിതര്‍ എന്ന ഒരേയൊരു പരിഗണന മാത്രമാണ് സേവാഭാരതി പ്രവര്‍ത്തകര്‍ക്കുള്ളത്. കുട്ടനാട്ടില്‍ വെള്ളം നേരിയതോതില്‍ ഇറങ്ങിയ തലവടി, നീലംപേരൂര്‍ പ്രദേശങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സേവാഭാരതി തുടക്കം കുറിച്ചത്. കുട്ടനാട്, എടത്വ സംഘ താലൂക്കുകളിലെ പ്രവര്‍ത്തകരെ കൂടാതെ അമ്പലപ്പുഴ, ആലപ്പുഴ, കലവൂര്‍, ചേര്‍ത്തല, പാണാവള്ളി, തുറവൂര്‍ താലൂക്കുകളിലെയും പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കാളികളാകുന്നു.  ഓരോ ദിവസവും ഓരോ താലൂക്കില്‍ നിന്നും നൂറു പേരടങ്ങുന്ന സംഘമാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്.

 ചെങ്ങന്നൂരില്‍ തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ശുചീകരണത്തിനും സേവനപ്രവര്‍ത്തനങ്ങള്‍ക്കും എത്തിയത്. ഓരോ ദിവസവും ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് നിയോജകമണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. കോട്ടയം ജില്ലയില്‍ നിന്നുള്ള സ്ത്രീകള്‍ അടക്കമുള്ളവരാണ് ആറന്മുളയില്‍ സേവനസജ്ജരായി എത്തുന്നത്. ശുചീകരണം മാത്രമല്ല, അത്യാവശ്യം വീടുകളുടെയും ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണികളും ഇവര്‍ ചെയ്യുന്നു.

 എല്ലാ പ്രദേശങ്ങളിലും കുടിവെള്ളവും എത്തിക്കുന്നുണ്ട്. ക്യാമ്പുകളില്‍ നിന്ന് മടങ്ങിയവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ശുദ്ധജല ദൗര്‍ലഭ്യമാണ്. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ആഴ്ചകളായി. കിണറുകള്‍ എല്ലാം ഉപയോഗ ശുന്യമായി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊട്ടിഘോഷിച്ച് ശുചീകരണത്തിന് എത്തുമ്പോള്‍ സേവാഭാരതി പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തനം പാതിവഴി പിന്നിട്ടു കഴിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.