ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ അടിയന്തരമായി നടപ്പിലാക്കണം: ഹിന്ദു ഐക്യവേദി

Monday 27 August 2018 1:06 am IST

കോട്ടയം: കേരളത്തില്‍ ദുരന്തം വിതച്ച മഹാപ്രളയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കാലവര്‍ഷത്തെ നേരിടാന്‍ അടിയന്തര മുന്നൊരുക്കം നടത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, പ്രകൃതിസംരക്ഷണ വേദി സംസ്ഥാന ചെയര്‍മാന്‍ എം.എന്‍. ജയചന്ദ്രന്‍ എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേരളം നേരിടേണ്ടി വന്നത് മനുഷ്യനിര്‍മിതവും, അപകടം ഒഴിവാക്കാവുന്നതുമായ പ്രകൃതിദുരന്തമാണെന്നും അപ്രതീക്ഷിതമായി ഡാമുകള്‍ തുറന്നുവിട്ടത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ കാരണമായതായും പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലും, ഡാമുകള്‍ ഘട്ടം ഘട്ടമായി തുറന്നുവിട്ടിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്ന് വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും വെളിപ്പെടുത്തുന്നു.

1924ലെ വെള്ളപ്പൊക്കത്തില്‍ സമ്പൂര്‍ണ നാശം സംഭവിച്ച സ്ഥലങ്ങളില്‍ പോലും പ്രകൃതി സൗഹാര്‍ദ നിര്‍മാണങ്ങളും, വികസനങ്ങളും, ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടവരെ വികസന വിരുദ്ധരും ജനവിരോധികളും ആക്കി ചിത്രീകരിക്കാനാണ് ഭരണകൂടവും, സംഘടിത മതശക്തികളും ശ്രമിച്ചത്. 234 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച 351 ഇലക്‌ട്രോണിക്ക് മുന്നറിയിപ്പ് സംവിധാനങ്ങളില്‍ 289 എണ്ണവും പ്രവര്‍ത്തിക്കുന്നില്ല എന്നത് ഡിപ്പാര്‍ട്ടുമെന്റുകളുടെ കെടുകാര്യസ്ഥതയാണ് തെളിയിക്കുന്നത്. 

പരിസ്ഥിതിലോല പ്രദേശങ്ങള്‍ എന്ന് മാധവ് ഗാഡ്ഗില്‍ കണ്ടെത്തിയ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലുമാണ് ദുരന്തം ബാധിച്ചത്. 50 വര്‍ഷത്തിലേറെ പഴക്കമുള്ള ഡാമുകള്‍ ഡീകമ്മീഷന്‍ ചെയ്യണമെന്ന നിര്‍ദേശങ്ങളടക്കമുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പിലാക്കണം. ഹിന്ദു ഐക്യവേദിയും പ്രകൃതിസംരക്ഷണ വേദിയും കേരള സര്‍ക്കാരിനും  മുന്നണി നേതാക്കള്‍ക്കും ഭീമഹര്‍ജി സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.