കടമ ചെയ്തു; ആദരിക്കല്‍ വേണ്ട- സൈന്യം

Monday 27 August 2018 1:07 am IST

തിരുവനന്തപുരം: കേരളത്തിലെ രക്ഷാപ്രവര്‍ത്തനം സൈന്യത്തിന്റെ കടമ നിര്‍വഹിക്കല്‍ മാത്രമാണെന്ന് വ്യോമസേന സതേണ്‍ എയര്‍ കമാന്‍ഡ് കമാന്‍ഡിംഗ് ഓഫീസര്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി. സുരേഷ്. അതിന് പ്രത്യേക നന്ദി പ്രകാശനത്തിന്റേയോ ആദരിക്കലിന്റേയോ ആവശ്യമില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കണമെന്ന് പ്രധാനമന്ത്രി നേരിട്ട് നിര്‍ദേശിച്ചിരുന്നു. സേനയുടെ എല്ലാ വിഭാഗങ്ങളും ഒറ്റമനസ്സോടെയാണ് പ്രവര്‍ത്തിച്ചത്. ചെയ്യാവുന്ന പരമാവധി സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. വളരെ വെല്ലുവിളിയുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു കേരളത്തിലേത്. ചുരുങ്ങിയ സമയം കൊണ്ട് കേരളം മുഴുവന്‍ ദുരിതം ബാധിച്ചു എന്നതാണ് പ്രധാന പ്രശ്‌നം. പ്രതികൂല കാലാവസ്ഥയും കേരളത്തിന്റെ ഭൂപ്രകൃതിയും ജനവാസത്തിന്റേയും വീട് നിര്‍മാണത്തിന്റെയും പ്രത്യേകതയും വെല്ലുവിളിയായി. അതെല്ലാം തരണം ചെയ്യാന്‍ കഴിഞ്ഞു, എയര്‍ ചീഫ് മാര്‍ഷല്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ തമ്മില്‍ മികച്ച ഏകോപനമാണ് നടന്നത്. ദിവസേനയുള്ള യോഗങ്ങളില്‍ പങ്കെടുത്ത് ആവശ്യങ്ങള്‍ മനസ്സിലാക്കിയതിനാല്‍ വ്യോമസേന, ആര്‍മി, നേവി, എന്‍ഡിആര്‍എഫ്, കോസ്റ്റ്ഗാര്‍ഡ് തുടങ്ങിയ സേനകള്‍ക്ക് മികച്ച പ്രവര്‍ത്തനം നടത്താനായി. ഓരോ ജില്ലാ ആസ്ഥാനത്തും വ്യോമസേനയുടെ ഓരോ ലെയ്സണ്‍ ഓഫീസറെ നിയോഗിച്ചതിനാല്‍ ജില്ലകളിലെ ഏകോപനവും ഫലപ്രദമായി. 20 കോടി രൂപ വ്യോമസേനയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. വ്യോമസേനയിലെ എല്ലാ ജീവനക്കാരുടെയും ഒരു ദിവസത്തെ ശമ്പളവും ദുരിതാശ്വാസത്തിനായി നല്‍കിയിട്ടുണ്ട്.

കേരളത്തിലാകെ വ്യോമസേന സഹായം ലഭ്യമാക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ 600 ഓളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 250,000 കിലോ സഹായവസ്തുക്കള്‍ എത്തിക്കാനായതും റൊക്കോഡാണെന്ന് അദ്ദേഹം പറഞ്ഞു. പുനരധിവാസത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വ്യോമസേന സഹായം നല്‍കും. തല്‍ക്കാലം രണ്ടു മൊബൈല്‍ ആശുപത്രികളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കരസേന പാങ്ങോട് സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സി.ജി. അരുണ്‍, കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ വര്‍ഗീസ്, നേവി കമാന്‍ഡര്‍ സനോജ് എന്നിവര്‍ തങ്ങളുടെ സേന ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. നാവിക സേന 16843 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതില്‍ 1173 പേരെ എയര്‍ ലിഫ്റ്റിംഗ് ആയിരുന്നു. കരസേനയുടെ 15000 സൈനികര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. താല്‍ക്കാലികമായി 26 പാലങ്ങള്‍ നിര്‍മിച്ചു. 50 റോഡുകള്‍ സഞ്ചാര യോഗ്യമാക്കി. ബ്രിഗേഡിയര്‍ സി.ജി. അരുണ്‍ പറഞ്ഞു.

40 ഹെലികോപ്റ്ററുകള്‍, 31 ഹെലി ക്രാഫ്റ്റുകള്‍, 182 ദൗത്യസംഘങ്ങള്‍, പ്രതിരോധ സേനയുടെ 18 മെഡിക്കല്‍ സംഘം, ദുരന്ത നിവാരണ സേനയുടെ 58 സംഘം, ഏഴു കമ്പനി സൈന്യം, നേവിയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും കപ്പലുകളും 500 ഓളം ബോട്ടുകളും രക്ഷാദൗത്യത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.