പ്രളയ ദുരന്തം: സര്‍ക്കാര്‍ ഒരുക്കിയതു തന്നെ

Monday 27 August 2018 1:08 am IST
കനത്ത കാലവര്‍ഷത്തില്‍ ജൂണോടെ അണക്കെട്ടുകളുടെ സംഭരണശേഷിയുടെ അടുത്ത് ജലനിരപ്പ് എത്തിയിട്ടും പരാമാവധി വെള്ളം ശേഖരിക്കാന്‍ വൈദ്യുതി വകുപ്പും വാട്ടര്‍ അതോറിട്ടിയും തീരുമാനമെടുത്തതും കേരളത്തെ പ്രളയക്കെടുതിയിലാക്കുന്നതിന് ആക്കം കൂട്ടി. ഒന്നര മാസമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടനാട്ടുകാരുടെ ദുരിതവും വെള്ളം തുറന്ന് വിട്ടവര്‍ കണ്ടില്ല.

തിരുവനന്തപുരം: പ്രളയ ദുരന്തത്തിലേക്ക് വഴി തെളിച്ചത് ഉത്തരവാദിത്വപ്പെട്ടവരുടെ കൈപ്പിഴ. ന്യൂനമര്‍ദം രൂപപ്പെടുകയാണെന്നും ഇതേത്തതുടര്‍ന്ന് ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ദുരന്തനിവാരണത്തിനായി സര്‍ക്കാര്‍ യാതൊരു മുന്നൊരുക്കങ്ങളും നടത്തിയില്ല. ഉദ്യോഗസ്ഥരുടെ ഇഷ്ടത്തിനനുസരിച്ച് ഡാമുകള്‍ ഒന്നിച്ച് തുറന്നുവിടാന്‍ പാടില്ല. മുഖ്യമന്ത്രി ചെയര്‍മാനും റവന്യു മന്ത്രി വൈസ് ചെയര്‍മാനുമായ സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിക്ക് ഡാമുകള്‍ തുറന്ന് വിടുന്നതിന് മുമ്പ് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഇത് സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായവും ആരാഞ്ഞിരിക്കണം. എന്നാല്‍ ഓഖി പോലെ മുന്നൊരുക്കങ്ങളിലെ പരാജയം മൂലമാണ് ഡാമുകള്‍ എല്ലാം ഒന്നിച്ച് തുറന്നുവിടേണ്ടി വന്നത്. കനത്ത കാലവര്‍ഷത്തില്‍ ജൂണോടെ അണക്കെട്ടുകളുടെ സംഭരണശേഷിയുടെ അടുത്ത് ജലനിരപ്പ് എത്തിയിട്ടും പരാമാവധി വെള്ളം ശേഖരിക്കാന്‍ വൈദ്യുതി വകുപ്പും വാട്ടര്‍ അതോറിട്ടിയും തീരുമാനമെടുത്തതും കേരളത്തെ പ്രളയക്കെടുതിയിലാക്കുന്നതിന് ആക്കം കൂട്ടി. ഒന്നര മാസമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടനാട്ടുകാരുടെ ദുരിതവും വെള്ളം തുറന്ന് വിട്ടവര്‍ കണ്ടില്ല.

മുല്ലപ്പെരിയാറില്‍ നിന്നു പഠിച്ചില്ല

മുല്ലപ്പെരിയാറിന്റെ പരമാവധി സംഭരണ ശേഷിയില്‍ നിന്നും മൂന്ന് അടി കുറച്ച് മാത്രമേ ജലനിരപ്പ് പാടുള്ളൂ എന്ന സുപ്രീം കോടതിയുടെ നിര്‍ദേശം കേരളത്തിലെ ഡാമുകളിലും ബാധകമാക്കിയിരുന്നെങ്കില്‍ ജനങ്ങള്‍ ഇത്ര ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നു. കനത്ത പേമാരിയില്‍ സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്ന് വിട്ടത് പരമാവധി സംഭരണശേഷയില്‍ എത്തിയതിനു ശേഷം.

ആഗസ്റ്റ്് 9നാണ് ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നത്. ഡാമിന്റെ പരാമാവധി സംഭരണ ശേഷി 2403 അടി. ഷട്ടര്‍ തുറക്കുമ്പോള്‍ 2401 ഉം.  ട്രയല്‍ റണ്‍ നടത്തി ചെറുതോണി അണക്കെട്ട് തുറന്നുവിട്ടു. മഴ കനത്തതോടെ 10ന് അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നുവിട്ടു. ഇടമലയാറില്‍ എത്തിയപ്പോള്‍ എല്ലാം തെറ്റി.  ഇടമലയാറിന്റെ പരമാവധി സംഭരണ ശേഷി 168 മീറ്റര്‍. വെള്ളം തുറന്ന് വിട്ടപ്പോള്‍ ജലനിരപ്പ് 169.5 മീറ്റര്‍. സംഭരണ ശേഷിയെക്കാള്‍ അധികമായപ്പോഴാണ് തുറന്നുവിടല്‍.  ഇടുക്കിയിലെ  മുന്നറിയിപ്പ് നിലനിന്നതിനാല്‍ പെരിയാറിന്റെ നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിച്ചു. അതിനാല്‍ ആളപായത്തിന്റെ എണ്ണം കുറഞ്ഞു. അപ്പോഴും സംസ്ഥാന വ്യാപകമായി മഴയ്ക്ക് ശമനമുണ്ടായിരുന്നില്ല.  ചെറുതും വലുതുമായ എല്ലാ ഡാമുകളും നിറയുന്നുണ്ടായിരുന്നു. ഈ സമയം ഷട്ടറുകള്‍ ഉയര്‍ത്തി  ജലനിരപ്പ് നിയന്ത്രണ വിധേയമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ല.  പകരം സംഭരണ ശേഷിയോട് അടുത്ത് ജല നിരപ്പ് എത്തിക്കുകയായിരുന്നു.  കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ഈ സമയത്തെ ജലനിരപ്പ് 18 നും 21 ശതമാനത്തിനും ഇടയിലായിരുന്നതിനാല്‍ വെള്ളം സംഭരിക്കുക എന്നതായിരുന്നു പ്രധാനം.

ശബരിഗിരിയിലെ ഡാമുകള്‍ തുറന്നപ്പോള്‍

ശബരിഗിരി പദ്ധതിയിലെ അണക്കെട്ടുകളാണ് ദുരന്തത്തിന് ആക്കം കൂട്ടിയത്. പ്രധാന അണക്കെട്ടായ കൊച്ചു പമ്പാ ഡാമിന്റെ പരമാവധി സംഭരണ ശേഷി 986.66 മീറ്റര്‍. 14ന് ഷട്ടറുകള്‍ തുറക്കുമ്പോള്‍ ജലനിരപ്പ് 985.2 മീറ്റര്‍. കക്കി ആനത്തോട് ഡാമുകളുടെ പരമാവധി സംഭരണ ശേഷി 981.46 മീറ്റര്‍. വെള്ളം തുറന്ന് വിടുമ്പോള്‍ 981 മീറ്റര്‍.  കക്കി ആനത്തോട് ഷട്ടറുകള്‍ തുറന്ന് വിട്ടതോടെ പമ്പയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ശബരിഗിരി പദ്ധതിയിലെ വൈദ്യുതി ഉല്‍പ്പാദനമാണ് കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ കാരണം. ജനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ അഞ്ചു ജനറേറ്ററുകളില്‍നിന്നായി 5.99 ദശലക്ഷം വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് കെഎസ്ഇബി നേട്ടം കൊയ്തു. എന്നിട്ടും ജല നിരപ്പ് കുറയ്ക്കാനായില്ല. ഇതോടെയാണ് വെള്ളം തുറന്ന് വിട്ടത്. കനത്ത മഴ ഉണ്ടായിരുന്നിട്ടും ഇടുക്കി ഡാമും ഇടമലയാര്‍ ഡാമും തുറന്ന് വിട്ട് അഞ്ചു ദിവസം പിന്നിട്ട ശേഷമാണ് ശബരിഗിരി പദ്ധതിയിലെ ഡാമുകള്‍ തുറക്കുന്നത്. അതേ ദിവസം തന്നെ മൂഴിയാറിന്റെയും മണിയാറിന്റെയും ഷട്ടറുകള്‍ ഉയര്‍ത്തി. 14ന് രാത്രിയില്‍ ഷട്ടറുകള്‍ തുറന്നെങ്കിലും വെള്ളം കുത്തിയൊലിച്ച് വീടുകളില്‍ എത്തി  15ന് പുലര്‍ച്ചെയാണ് മുന്നറിയിപ്പ് നല്‍കിയത്. 

കാലാവസ്ഥാ മുന്നറിയിപ്പ് മുന്നില്‍ക്കണ്ട് ചെറിയ ഡാമുകളിലെ ജല നിരപ്പ് നേരത്തെ കുറച്ചിരുന്നെങ്കില്‍ ഇത്രയും വലിയ മഹാപ്രളയത്തിനു കേരളം സാക്ഷ്യം വഹിക്കേണ്ടി വരില്ലായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.