വീണ്ടും കാശ്മീര്‍

Monday 27 August 2018 1:09 am IST
ഗവര്‍ണര്‍ ഭരണത്തെ, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനേക്കാള്‍, പലപ്പോഴും കാശ്മീരികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. 1986, 2005 കാലഘട്ടം അതാണ് ഓര്‍മ്മപ്പെടുത്തുന്നത്. അതുകൊണ്ട് ഇത് സത്യപാല്‍ മാലിക്കിന് നല്ല അവസരമാണ്. ജമ്മുകാശ്മീരില്‍ ദൈനംദിന സംസ്ഥാന ഭരണം മാത്രം കൈകാര്യം ചെയ്താല്‍ പോര. അതിന് ചില അന്താരാഷ്ട്ര മാനങ്ങള്‍ ഉണ്ട്. അതിലുപരി ക്രമാസമാധാനപാലനത്തില്‍ ഒട്ടേറെ ഏജന്‍സികളുമായി സഹകരിച്ചു നീങ്ങണം. സംസ്ഥാനം പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഒക്ടോബറില്‍ വോട്ടെടുപ്പ് നടത്താനാണ് ആലോചന.

മ്മു കാശ്മീര്‍ വീണ്ടും ചര്‍ച്ചചെയ്യപ്പെടാനിടയുള്ള ദിവസങ്ങളാണ് വരുന്നത്. ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം 35എ സംബന്ധിച്ച കേസ് ഇന്ന് (തിങ്കള്‍, ആഗസ്റ്റ് 27) സുപ്രീം കോടതിയിലെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് മുന്‍പാകെ വാദത്തിന് വരികയാണ്. അടുത്തകാലത്തൊന്നും ഉയരാത്ത വലിയ പ്രശ്‌നമാണ് കോടതി പരിശോധിക്കുന്നത്. അനുച്ഛേദം 35 എ മാത്രമല്ല അനുച്ഛേദം 370 ന്റെ പ്രസക്തിയും ഒരു  എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. തല്‍ക്കാലം  അനുച്ഛേദം 35എ മാത്രമാണ് കോടതി പരിശോധിക്കുക എന്ന് കേള്‍ക്കുന്നു. എന്തായാലും ഇന്ന്, കേസ് പരിഗണിച്ചാല്‍, അതുസംബന്ധിച്ച വിശദാംശങ്ങള്‍ അറിയാനാവും. ഒരു പക്ഷെ, കൂടുതല്‍ അംഗങ്ങളുള്ള ഒരു ബഞ്ചിന് ഹര്‍ജി മാറ്റിക്കൂടായ്കയുമില്ല എന്ന് കരുതുന്നവരുമുണ്ട്. അത് ഈ മൂന്നംഗ ബഞ്ചാണ് തീരുമാനിക്കേണ്ടത്. അതെന്തായാലും ജമ്മു കാശ്മീരും, ഇന്ത്യന്‍ ഭരണഘടനയിലെ  മേലില്‍ സൂചിപ്പിച്ച 35എ,  370 എന്നീ  അനുച്ഛേദങ്ങളും വീണ്ടും രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നു. ജമ്മു കാശ്മീരില്‍ പുതിയൊരു ഗവര്‍ണര്‍ സ്ഥാനമേറ്റതും ശ്രദ്ധിക്കേണ്ടതായുണ്ട്. ഏതാണ്ട് അരനൂറ്റാണ്ടിലേറെ കാലത്തിന് ശേഷമാണ് രാഷ്ട്രീയ പശ്ചാത്തലമുണ്ടായിരുന്ന ഒരാള്‍ അവിടെ ഗവര്‍ണറാവുന്നത്. തീര്‍ച്ചയായും കാശ്മീര്‍ സംബന്ധിച്ച് ബിജെപിക്കും നരേന്ദ്ര മോദി സര്‍ക്കാരിനുമുള്ള കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുന്നതാണ് ഈ നിയമനം എന്ന് വേണം വിലയിരുത്താന്‍.  

ഈ വിഷയങ്ങളെ രണ്ടായി പരിശോധിക്കാം. ഒന്ന്: ജമ്മു കാശ്മീരില്‍ വരുമെന്ന് കരുതുന്ന രാഷ്ട്രീയ  ഭരണ  മാറ്റം. രണ്ട് : 35എ,  370 എന്നീ  അനുച്ഛേദങ്ങളുമായി ബന്ധപ്പെട്ട കേസും അതിനാസ്പദമായ കാര്യങ്ങളും. 1967ലാണ് രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരാള്‍ അവസാനമായി ജമ്മു കശ്മീര്‍ ഗവര്‍ണറായത്. അത് കാശ്മീര്‍ രാജകുടുംബാംഗം തന്നെയായ കരണ്‍ സിങ് ആയിരുന്നു;  1965 67  കാലഘട്ടത്തില്‍. പിന്നീട്  ഇതുവരെ ഐഎഎസ്, ഐസിഎസ്, സൈനിക, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായിരുന്നവര്‍ക്കാണ് ആ നിയോഗം്. ഭഗവാന്‍ സഹായ്,  ജഗ്മോഹന്‍, കെവി കൃഷ്ണറാവു, ജിസി സക്‌സേന, എസ് കെ സിന്‍ഹ, എന്‍ എന്‍ വോറ എന്നിവരൊക്കെ  അവിടെയെത്തി. അതിനൊക്കെ ശേഷമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപാല്‍ മാലിക്കിനെ അവിടെക്കയക്കുന്നത്. വളരെ ആലോചിച്ചെടുത്ത തീരുമാനമാണ് അതെന്നതില്‍  സംശയമില്ല. വേണമെങ്കില്‍ സംഘ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലമുള്ള ഒരാളെ നിയമിക്കാമായിരുന്നു. പക്ഷെ ഒരു പഴയകാല സോഷ്യലിസ്റ്റ് നേതാവ്, ചരണ്‍ സിംഗിന്റെയും കോണ്‍ഗ്രസിന്റെയും ഒക്കെ  കൂടെ പ്രവര്‍ത്തിച്ചു പരിചയമുള്ള നേതാവ് അവിടെ ഭരണം കയ്യാളട്ടെ എന്നതായിരുന്നു തീരുമാനം. ജമ്മുകാശ്മീര്‍ രാഷ്ട്രപതി ഭരണത്തിലാണ് എന്നും ഓര്‍ക്കുക. 

ഗവര്‍ണര്‍ ഭരണത്തെ, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനേക്കാള്‍, പലപ്പോഴും കാശ്മീരികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. 1986, 2005 കാലഘട്ടം അതാണ് ഓര്‍മ്മപ്പെടുത്തുന്നത്. അതുകൊണ്ട് ഇത് സത്യപാല്‍ മാലിക്കിന് നല്ല അവസരമാണ്. ജമ്മുകാശ്മീരില്‍ ദൈനംദിന സംസ്ഥാന ഭരണം മാത്രം കൈകാര്യം ചെയ്താല്‍ പോര. അതിന് ചില  അന്താരാഷ്ട്ര മാനങ്ങള്‍ ഉണ്ട്. അതിലുപരി ക്രമാസമാധാനപാലനത്തില്‍ ഒട്ടേറെ  ഏജന്‍സികളുമായി സഹകരിച്ചു നീങ്ങണം. സംസ്ഥാനം പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഒക്ടോബറില്‍ വോട്ടെടുപ്പ് നടത്താനാണ് ആലോചന. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത്  ജനകീയമായി പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ നടത്താനെടുത്ത തീരുമാനം ഫലപ്രദമായിരുന്നു എന്ന് ഓര്‍ക്കണം. ആയിരക്കണക്കിന് ജനപ്രതിനിധികളെ ഭരണത്തില്‍ പങ്കാളിയാക്കുക, അവരിലൂടെ സംസ്ഥാനത്തെ ബാധിക്കുന്ന തീവ്രവാദമടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുക. ഇതായിരുന്നു വാജ്‌പേയിയുടെ ചിന്ത. അതില്‍ കുറെയൊക്കെ അദ്ദേഹത്തിന് വിജയിക്കാനായി. അതേ  വഴിയിലൂടെയാണ് നരേന്ദ്ര മോഡി സര്‍ക്കാരും യാത്രനടത്തുന്നത. മാത്രമല്ല, തിരഞ്ഞെടുപ്പ് ആവുമ്പോഴേക്ക്  ജനകീയനായ ഒരാളെ ഗവര്‍ണറുമായി കൊണ്ടുവരുന്നു. തീവ്രവാദത്തിന്റെ ശക്തി കുറയുന്നു എന്നതാണ് വേറൊരു  വിലയിരുത്തല്‍; ശൈത്യകാലം വരുന്നതോടെ അതിര്‍ത്തി കടന്നുള്ള  നുഴഞ്ഞുകയറ്റം കുറയുകയോ ഇല്ലാതാവുകയോ ചെയ്താല്‍ കാര്യങ്ങള്‍ കുറെയേറെ മെച്ചപ്പെടുമെന്ന് കരുതപ്പെടുന്നു. പ്രതീക്ഷക്ക് വക നല്‍കുന്നതാണ് കാശ്മീരില്‍ നിന്നുള്ള സൂചനകള്‍. 

എന്താണ്  അനുച്ഛേദം  35എ?  ജമ്മു കാശ്മീരിലെ സ്ഥിരവാസക്കാര്‍ ആരെന്നു തീരുമാനിക്കാന്‍ സംസ്ഥാന  സര്‍ക്കാരിന് അത് അധികാരം നല്‍കും. അവര്‍ക്ക്   ഒരു പ്രത്യേക പദവി നല്‍കും. കാശ്മീരിന്റെ പൗരനായി അവര്‍ നിശ്ചയിക്കപ്പെടും. രാജ്യത്തിനുള്ളില്‍ മറ്റൊരു പൗരത്വം എന്ന്  വിശേഷിപ്പിക്കാം. ആ ഗണത്തില്‍ പെടുന്നവര്‍ക്കേ കാശ്മീരില്‍ സര്‍ക്കാര്‍ ജോലി ലഭിക്കുകയുള്ളൂ, അവര്‍ക്കേ അവിടെ സ്ഥലം സ്വന്തമാക്കാനാവു, അവര്‍ക്കേ അവിടെ സ്‌കോളര്‍ഷിപ്പ്, മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കൂ. എന്തൊരു അപകടമാണ് ഇത്?  1950ല്‍ ഇന്ത്യന്‍ ഭരണഘടന രൂപമെടുക്കുമ്പോള്‍ അതില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെപോയത് പിന്‍വാതിലിലൂടെ ഷെയ്ഖ് അബ്ദുള്ളക്ക് സ്വര്‍ണ്ണ തളികയില്‍ സമ്മാനിക്കുകയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു.  

ഈ അനുച്ഛേദം എങ്ങിനെ ഭരണഘടനയില്‍ കയറിവന്നു എന്നു നോക്കാം. അനുച്ഛേദം 370ന്റെ തണലില്‍ 1954ല്‍ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനമുണ്ടാവുന്നു; അത് രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ ഭരണഘടനയുടെ ഭാഗമാവുന്നു. അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ പ്രസാദ്, രാജ്യതാല്‍പര്യം മറന്ന് നെഹ്രുവിന്റെ താളത്തിനു തുള്ളി എന്നു കരുതേണ്ടിവരും. അനുച്ഛേദം 370 തന്നെ താല്‍ക്കാലികമാണ് എന്നതായിരുന്നു ഭരണഘടനാ നിര്‍മ്മാണ സഭയിലെ സമവായം. അത് ഇന്ത്യന്‍  ഭരണഘടനയില്‍ എഴുതിവച്ചിട്ടുമുണ്ട്. അത്തരത്തില്‍  താല്‍ക്കാലികമായിട്ടുള്ള ഒരു അനുച്ഛേദത്തിന്റെ മറവില്‍ രാജ്യത്തെ വിഭജിക്കുന്ന ഒരു വ്യവസ്ഥ കൊണ്ടുവന്നു. അനുച്ഛേദം 368(1) പ്രകാരം പാര്‍ലമെന്റിന് മാത്രമേ  ഭരണഘടന ഭേദഗതി ചെയ്യാന്‍ അധികാരമുള്ളൂ. അവിടെയാണ് ഇതൊക്കെ നെഹ്‌റു ചെയ്തുകൂട്ടിയത്. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ചുരുങ്ങിയത് നാല് കാശ്മീരികള്‍ എങ്കിലുമുണ്ടായിരുന്നു. അവര്‍ക്കാര്‍ക്കും അന്ന് തോന്നാത്തത്, ഒരു വ്യവസ്ഥയുമില്ലാതെ കശ്മീരിനെ ഇന്ത്യയില്‍ ലയിപ്പിച്ച  ഹരി സിങ് മഹാരാജാവ്  ചിന്തിക്കാത്തത്,  എന്തിനാണ് നെഹ്‌റു അനുവദിച്ചത് എന്നത് ഇന്നും ദുരൂഹമാണ്. അത്രമാത്രം അപകടകരമായിരുന്നു ഷെയ്ഖ്  അബ്ദുള്ള  നെഹ്‌റു ബന്ധം എന്നുമാത്രമേ പറയാനാവു.  

ഒരു വിജ്ഞാപനത്തിലൂടെ ഇത്തരത്തിലൊന്ന് നെഹ്‌റുവിന് ഭരണഘടനയില്‍ കൊണ്ടുവരാമെങ്കില്‍ മറ്റൊരു ഉത്തരവിലൂടെ നരേന്ദ്ര മോദി സര്‍ക്കാരിന് എന്തുകൊണ്ട് അത് റദ്ദാക്കിക്കൂടാ? അതിനിടെയാണ് പ്രശ്‌നം കോടതികയറിയത്.  35എ  ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും എതിരാണ് എന്നതാണ് സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയം. മുന്‍പ് അതിനെ ചോദ്യം ചെയ്തുകൊണ്ട് ഒരു ഹര്‍ജി സുപ്രീം കോടതി പരിശോധിച്ചതാണ്. അനുച്ഛേദം 370ന്റെ തണലില്‍ ഭരണഘടനയില്‍ അടിസ്ഥാനപരമായ മൗലികമായ  മാറ്റങ്ങള്‍ വരുത്താന്‍  കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടോ എന്നത് അന്ന് കോടതി നോക്കിയതേയില്ല. അതുമിപ്പോള്‍ ഉന്നയിക്കപ്പെട്ടിരിക്കുന്നു. അനുച്ഛേദം 14,19, 21 എന്നിവ ലംഘിക്കപ്പെടുന്നു എന്നതും കോടതിയുടെ പരിഗണയിലെത്തും. 

ഇക്കാര്യത്തിലെ കോടതിയുടെ ഇടപെടലുകള്‍  ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന ഭീഷണിയാണ് കാശ്മീരിലെ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നത്. കാശ്മീരികളുടെ അവകാശത്തില്‍ കടന്നുകയറാന്‍ ഒരു കോടതിക്കും അധികാരമില്ലെന്ന വാദവും ഉയരുന്നു. അനുച്ഛേദം  35എ നീക്കം ചെയ്യപ്പെട്ടാല്‍, അല്ലെങ്കില്‍ അസാധുവാക്കപ്പെട്ടാല്‍, അനുച്ഛേദം 370ന് വലിയ പ്രസക്തി ഇല്ലാതാവും.  അതുകൊണ്ടുകൂടിയാണ് ദേശീയ ധാരക്കൊപ്പം നില്‍ക്കാത്തവര്‍ വാളും പരിചയുമായി തെരുവിലിറങ്ങാന്‍ തയ്യാറായിനില്‍ക്കുന്നത്. കാശ്മീരില്‍ കലാപത്തിന് ശ്രമിക്കുന്നവരില്‍ വിദേശ ശക്തികള്‍ മാത്രമല്ലല്ലോ; അവര്‍ക്കൊപ്പം തുള്ളുന്ന ഇന്നാട്ടുകാരെയും കാണാതെ പറ്റില്ലല്ലോ.  പുതിയ ഗവര്‍ണര്‍ അഭിമുഖീകരിക്കാന്‍ പോകുന്ന  വലിയ പ്രശ്‌നം അതുകൂടിയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.