മാധവ് ഗാഡ്ഗില്‍ പറയുന്നു, പ്രളയത്തില്‍ നിന്ന് പഠിക്കണം

Monday 27 August 2018 1:10 am IST
കേട്ടറിവുമാത്രമുള്ള പ്രളയം കണ്‍മുന്നിലെത്തിയപ്പോള്‍ പകച്ചുപോയ കേരളം തിരിച്ചുവരവിനൊരുങ്ങുകയാണ്. മുന്നറിയിപ്പുകള്‍ അവഗണിച്ച്, വഴിമാറിനടന്ന 'കേരള മോഡല്‍ വികസനം' പുനര്‍വിചിന്തനത്തിന്റെ ദിശയിലാണ്. കേരളത്തിന്റെ ഭാവിയെക്കുറിച്ച് നമ്മെക്കാളേറെ ആധികൊണ്ട ഒരാള്‍ കുറേക്കാലമായി തന്റെ ചെറിയ ശബ്ദത്തില്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു, ചില വികസനവഴികള്‍ തെറ്റാണെന്ന്. മാധവ് ഗാഡ്ഗില്‍ എന്ന ആ സാത്വികനായ പരിസ്ഥിതി ശാസ്ത്രജ്ഞനുനേരെ നമ്മള്‍ കണ്ണും കാതും കൊട്ടിയടച്ചു. വീണ്ടും കേരളം ആ മനുഷ്യന്റെ ശബ്ദത്തിന് ചെവികൊടുക്കുകയാണ്. ഗാഡ്ഗിലുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന് ...

? പലരുടെയും മനസിലുള്ള സംശയം ആദ്യം ചോദിക്കട്ടെ. ഇപ്പോള്‍ കേരളത്തിലുണ്ടായ പ്രളയത്തിന് പ്രകൃതി ചൂഷണവുമായി ബന്ധമുണ്ടോ? കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുണ്ടായ അതിവര്‍ഷമല്ലേ യഥാര്‍ത്ഥ കാരണം? 

• ബന്ധമുണ്ടെന്നാണ് എന്റെ അഭിപ്രായം. കേരളത്തില്‍ അമിതമായ പ്രകൃതി ചൂഷണവും കൈയേറ്റവുമാണു നടക്കുന്നത്. പേമാരിയുണ്ടായാല്‍ മഴവെള്ളത്തിന് ഒഴുകിപ്പോകാനുള്ള വഴികളാണ് നമ്മള്‍ കൈയേറിയത്. അപ്പോള്‍ പുഴയ്ക്ക് അതിന്റെ സ്വാഭാവിക വഴി വീണ്ടെടുത്തേ മതിയാകൂ. അങ്ങനെ സംഭവിച്ചപ്പോളാണ് വന്‍ ആള്‍നാശമുണ്ടായത്. കേരളത്തിലുണ്ടായ പ്രളയക്കെടുതി കുറെയൊക്കെ മനുഷ്യ നിര്‍മ്മിതമാണ്. 

 ചിന്തിച്ചു നോക്കൂ. നമുക്ക് ഇത്രയും ഡാമുകള്‍ ആവശ്യമുണ്ടോ? ഇത്രയധികം ഡാമുകള്‍ ഒരുമിച്ചു തുറന്നുവിടേണ്ട സാഹചര്യം ഉണ്ടായത് എങ്ങനെയാണെന്ന് പരിശോധന വേണം. കാലപ്പഴക്കമുള്ള ഡാമുകള്‍ പൊളിച്ചു കളയുന്നതില്‍ എന്താണ് തെറ്റ്? പ്രകൃതിക്കു ചേരാത്തത് മനുഷ്യനും ചേരില്ല. 

? കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ള സ്ഥലത്ത് താങ്കള്‍ പറയുന്നതരത്തിലുള്ള വികസനം സാധ്യമാണോ? 

• എന്തുകൊണ്ട് സാധ്യമല്ല? ഞാന്‍ പറയുന്ന തരത്തിലല്ല, ജനം നിശ്ചയിക്കുന്ന വികസനമാണ് വേണ്ടത്. കുറച്ചുപേര്‍ക്ക് കൂടുതല്‍ സമ്പത്തുണ്ടാക്കാനുള്ള മാര്‍ഗല്ലല്ലോ വികസനം. നല്ല വായുവും നല്ല വെള്ളവും നല്ല ഭക്ഷണവുമൊക്കെ അതിന്റെ ഭാഗമാണ്. കേരളത്തെ സംബന്ധിച്ച് അതിന് പശ്ചിമഘട്ട പര്‍വത നിരകളുടെ സംരക്ഷണം കൂടിയേതീരു. പശ്ചിമഘട്ടത്തെ ആശ്രയിച്ച് അധിവസിക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതാണ് വികസനം. ഇവിടെ നടക്കുന്നത് അതല്ല. 

  വികേന്ദ്രീകൃത ആസൂത്രണത്തിന് പേരുകേട്ട കേരളത്തില്‍ നടപ്പാക്കുന്നതു മുഴുവന്‍ ചുരുക്കം ചിലരുടെ തീരുമാനങ്ങളാണെന്നത് വിഷമിപ്പിക്കുന്നു. ജനങ്ങളോട് ചോദിച്ചും അവരുടെ നിരീക്ഷണത്തിലുമാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തീരുമാനിക്കുന്നതല്ല വികസനം. ജനങ്ങളുടെ തീരുമാനം നടപ്പാക്കാന്‍ നിയോഗിക്കപ്പട്ടവരാണവര്‍.

? ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വികസനത്തിനെതിരാണെന്ന പ്രചരണം വ്യാപകമായിരുന്നു.

• അത് പ്രചരണം മാത്രമാണ്. വികസനത്തിനെതിരായ പരാമര്‍ശങ്ങളൊന്നും അതിലില്ല. അതീവ പരിസ്ഥിതി ദുര്‍ബലമേഖലകളില്‍ ഖനനവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഘട്ടംഘട്ടമായി നിര്‍ത്തണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. വിഭവങ്ങള്‍ ഉപയോഗിക്കുന്നതിലും അതിനുള്ള തീരുമാനമെടുക്കുന്നതിലും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും പൗരന്മാര്‍ക്കും അധികാരമുണ്ടായിരിക്കണമെന്നാണ് റിപ്പോര്‍ട്ട് നിര്‍ദേശിച്ചത്. അതെങ്ങനെ വികസന വിരുദ്ധമാകും? ജനങ്ങളുടെ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മടിക്കുന്നതാണ് പ്രശ്നം.

  റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കഴിയാത്തതിന്റെ കാരണം ജനങ്ങളോട് തുറന്നുപറയാനുള്ള ബാധ്യത സര്‍ക്കാരുകള്‍ക്കുണ്ട്. തുറന്ന സംവാദങ്ങളാണാവശ്യം. കമ്മിറ്റി അംഗങ്ങളെ വികസന വിരുദ്ധരായി ചിത്രീകരിക്കാന്‍ വലിയ ശ്രമം നടന്നുവെന്നത് ശരിയാണ്. റിപ്പോര്‍ട്ട് കടലിലെറിഞ്ഞത് രാഷ്ട്രീയക്കാരാണ,് ജനങ്ങളല്ല. ജനകീയാസൂത്രണം നടപ്പാക്കിയ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുന്നില്‍ വക്കാനെന്തിനാണ് മടിക്കുന്നത്? റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പൗരന്മാര്‍ക്കുമുന്നിലെത്തിക്കാന്‍ കമ്മിറ്റിയംഗം ഡോ.വി.എസ് വിജയന്‍ നടത്തിയ ശ്രമം എടുത്തുപറയേണ്ടതാണ്. ശാസ്ത്രസാഹിത്യപരിഷത്താണ് ക്രിയാത്മക ഇടപെടല്‍ നടത്തിയ മറ്റൊരു സംഘടന. പിന്നീട് അവരും പിന്‍വാങ്ങിയെന്നാണ് മനസ്സിലാക്കുന്നത്. 

? ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടെന്ന് വിശ്വസിക്കുന്നുണ്ടോ?

• അങ്ങനെയല്ല ഞാനതിനെ മനസ്സിലാക്കുന്നത്. ഒട്ടേറെ കാര്യങ്ങളില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്. റിപ്പോര്‍ട്ടിലെ രണ്ടു കാര്യങ്ങളിലാണ് പ്രധാനമായും എനിക്ക് വിയോജിപ്പ്. പരിസ്ഥിതി പ്രാധാന്യമുള്ള വിഷയങ്ങളിലും പരിസ്ഥിതി വിഭവങ്ങളുടെ ഉപയോഗത്തിലും പ്രാദേശിക സര്‍ക്കാരുകളുടെ അഭിപ്രായം തേടേണ്ടതില്ലെന്ന നിര്‍ദേശമാണ് ഒന്ന്. സ്വകാര്യ വനഭൂമിയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അയവുവരുത്തുന്ന നിര്‍ദേശമാണ് മറ്റൊന്ന്. ഇതുരണ്ടും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ അടയാളപ്പെടുത്തുന്നതില്‍ വലിയ പാളിച്ച പറ്റിയ നാടുകൂടിയാണ് കേരളം. 

? കേരളം പുനര്‍നിര്‍മാണത്തിന് ഒരുങ്ങുകയാണ്.  എങ്ങനെയായിരിക്കണം പുനര്‍നിര്‍മാണം? നയസമീപനങ്ങളില്‍ മാറ്റം വേണമെന്ന അഭിപ്രായമുണ്ടോ?

• പ്രളയത്തില്‍നിന്ന് പാഠം പഠിക്കണം. 1924ല്‍ ഉണ്ടായെന്നു പറയുന്ന വെള്ളപ്പൊക്കം പോലെയല്ല ഇപ്പോഴുണ്ടായത്. ഇനിയൊന്നുണ്ടായാല്‍ അത് ഭയാനകമായിരിക്കും. അത് താങ്ങാനുള്ള ശേഷി കേരളത്തിനുണ്ടാവണമെന്നില്ല. അതുകൊണ്ടുതന്നെ പശ്ചിമഘട്ടത്തെ സംരക്ഷിച്ചുകൊണ്ടു ജനപങ്കാളിത്തത്തോടെയുള്ള ദീര്‍ഘകാല പദ്ധതികളാണ് കേരളത്തിന് വേണ്ടത്.

1990കളിലെ ജനകീയ ആസൂത്രണ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തവരിലൊരാളാണ് കേരളത്തിന്റെ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്. അദ്ദേഹത്തിന്റെ അറിവും അനുഭവവും എന്തുകൊണ്ടാണ് പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തത്? അക്കാലത്ത് എല്ലാ ഗ്രാമപഞ്ചായത്തുകളും വികസനപദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. വികേന്ദ്രീകൃത ജനാധിപത്യത്തിന്റെ സ്പിരിറ്റ് ഉള്‍ക്കൊളളുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. 

? ഇവിടെ ആസൂത്രണത്തിന് എക്കാലത്തും കുറവൊന്നുമുണ്ടായിട്ടില്ല. നടപ്പാക്കുന്നതിലാണ് പ്രശ്നം. അത് താങ്കള്‍ക്ക് അറിവുള്ളതാണല്ലോ.

• ശരിയാണ് അതില്‍ മാറ്റം വരണം.  അതിന് പരിസ്ഥിതി പ്രവര്‍ത്തകരുടേയും സംഘടനകളുടേയും സമ്മര്‍ദ്ദം ആവശ്യമാണ്. പുനര്‍നിര്‍മ്മാണത്തിനിറങ്ങും മുമ്പ് സാഹചര്യങ്ങള്‍ കൃത്യമായി വിലയിരുത്തണം. എല്ലായിടത്തുനിന്നും വിവരങ്ങള്‍ ശേഖരിക്കണം. ഏതെങ്കിലുമൊരു കേന്ദ്രീകൃത ഏജന്‍സിയില്‍ നിന്നുമാത്രമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാകരുത് പുനര്‍നിര്‍മ്മാണം.

2002ലെ ജൈവവൈവിധ്യ നിയമം സമഗ്രമായി നടപ്പാക്കേണ്ടതുണ്ട്. ജില്ലാതലത്തിലുള്ള ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കണം. ശരിയായ താത്പര്യമുള്ളവരെ ഉള്‍പ്പെടുത്തി പ്രാദേശികമായും ഇത്തരം സമിതികളുണ്ടാക്കണം. ഗ്രാമപഞ്ചായത്തിന്റെ പരിസ്ഥിതി സംബന്ധമായ വികസന പദ്ധതികള്‍ക്ക്  ഗ്രാമസഭകളില്‍ നിന്നുള്ള അനുമതി ഉറപ്പാക്കണം. ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റികളുടെ നിരീക്ഷണത്തിലാണു പദ്ധതികള്‍ നടപ്പാക്കേണ്ടത്. മാനേജ്മെന്റ് കമ്മിറ്റികള്‍ തന്നെ അതിന്റെ ഡോക്കുമെന്റേഷനും പൂര്‍ത്തിയാക്കണം. സമിതികളുടെ സെക്രട്ടറി പദവി മാത്രമെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കാവൂ.

മഹാരാഷ്ട്രയില്‍ ഇത്തരത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. അതിന്റെ  കണ്ടു തുടങ്ങി. വികസനത്തിന് പരിസ്ഥിതി കേന്ദ്രീകൃതവും ജനകേന്ദ്രീകൃതവുമായ സമീപനമാണ് വേണ്ടതെന്ന് ഓര്‍ക്കുക. പാരിസ്ഥിതിക ആസ്തികള്‍ നിലനിര്‍ത്തിയാല്‍ മാത്രമെ സാമൂഹ്യ ആസ്തികള്‍ സൃഷ്ടിക്കാന്‍ കഴിയൂ. അക്കാര്യം ഭരണാധികാരികള്‍ ഓര്‍ക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.