ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം: ഡോ. വിജയന്‍

Monday 27 August 2018 1:11 am IST
2000 പാറമടകള്‍ക്കു മാത്രം അനുമതിയുള്ള കേരളത്തില്‍ 6000 പാറമടകളാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ ഖനനവും പശ്ചിമഘട്ട മലനിരകളെ അസ്ഥിരപ്പെടുത്തുകയാണ്. ഇതിന്റെ ആഘാതത്തെക്കുറിച്ച് ശാസ്ത്രീയപഠനം സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ട് പുറത്തുവിടണം. ഇല്ലെങ്കില്‍ പഠനത്തിന് സംവിധാനമുണ്ടാക്കണം.

കേരളത്തിന്റെ പരിസ്ഥിതിയും ആവാസ വ്യവസ്ഥയും  സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അതേപടി നടപ്പാക്കുകയാണ് വേണ്ടതെന്നു കമ്മിറ്റിയംഗവും ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ ഡോ. വി.എസ് വിജയന്‍ പറയുന്നു. 

കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന പേമാരിയേയും കൊടുംവര്‍ളച്ചയേയും നമുക്ക് മാത്രമായി നിയന്ത്രിക്കാന്‍ കഴിയില്ല. അതിന് വികസിത രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം വേണം. എന്നാല്‍ പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ നമുക്കാവും. അതിന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുകയാണ് പോംവഴി.

2000 പാറമടകള്‍ക്കു മാത്രം അനുമതിയുള്ള കേരളത്തില്‍ 6000 പാറമടകളാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ ഖനനവും പശ്ചിമഘട്ട മലനിരകളെ അസ്ഥിരപ്പെടുത്തുകയാണ്. ഇതിന്റെ ആഘാതത്തെക്കുറിച്ച് ശാസ്ത്രീയപഠനം സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ട് പുറത്തുവിടണം. ഇല്ലെങ്കില്‍ പഠനത്തിന് സംവിധാനമുണ്ടാക്കണം. 

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കുടിയേറ്റ കര്‍ഷകര്‍ക്ക് എതിരാണെന്ന പ്രചരണമാണ് കേരളത്തിലാകെ ഉണ്ടായത്. വാസ്തവത്തില്‍ കുടിയേറ്റ കര്‍ഷകര്‍ക്കും വനവാസികള്‍ക്കും വരുമാനം ഉറപ്പാക്കാനും മാഫിയകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനുമുള്ള നിര്‍ദേശങ്ങളാണ് ഞങ്ങള്‍ മുന്നോട്ടുവച്ചത്. സോണ്‍ ഒന്നില്‍ അഞ്ചുവര്‍ഷത്തിനകം ഘട്ടംഘട്ടമായി ഖനനം ഒഴിവാക്കാനായിരുന്നു നിര്‍ദേശം. സോണ്‍ രണ്ടില്‍ ഖനന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുംമുമ്പ് പാരിസ്ഥിതിക-മാനുഷിക ആഘാതപഠനം നടത്തണമെന്നും നിര്‍ദേശിച്ചു.

സോണ്‍ മൂന്നില്‍ നിലവിലുള്ള നിയമങ്ങള്‍ തുടരാമെന്ന ഉദാരമായ സമീപനമാണ് ഗാഡ്ഗില്‍ കമ്മിറ്റി സ്വീകരിച്ചത്. ചുരുക്കത്തില്‍ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നടത്തേണ്ട പ്രായോഗിക പദ്ധതികളെക്കുറിച്ചാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഊന്നിപ്പറഞ്ഞത്. റിപ്പോര്‍ട്ട് കടലിലെറിയുകയും കത്തിക്കുകയും ചെയ്യുംമുമ്പ് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചചെയ്യാനുള്ള സഹിഷ്ണുത സര്‍ക്കാര്‍ കാണിച്ചില്ല.

നിര്‍ദേശങ്ങള്‍

1. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വികസന വിഷയങ്ങളില്‍ പ്രദേശിക ഭരണകൂടങ്ങള്‍ക്ക് പ്രത്യേക അധികാരവും നിയന്ത്രണവും വേണം.

2. പുതിയ ക്വാറികള്‍ അനുവദിക്കുന്നതിലും നിലവിലുള്ളവ ഉപയോഗിക്കുന്നതിലും നിയന്ത്രണം വേണം.

3. പുതിയ നിര്‍മിതികള്‍ക്ക് പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ അവംലംബിക്കണം.

4. വെള്ളമൊഴുകുന്ന വഴികളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അരുത്.

5. എല്ലാ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മഴവെള്ള സംഭരണവും, മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളും നിര്‍ബന്ധമാക്കണം.

6. കേരളത്തില്‍ ഇനി ഒരിഞ്ച് വയലുപോലും പരിവര്‍ത്തനപ്പെടുത്തരുത്.

7. കണ്ടല്‍ക്കാടുകളും, കോള്‍പ്പാടങ്ങളും കായലും കടലുമെല്ലാം നികത്തുന്നത് തടയണം.

8. പുനര്‍നിര്‍മാണ പ്രക്രിയ പാരിസ്ഥിതിക സാമൂഹ്യ ആസ്തികള്‍ പുനര്‍സൃഷ്ടിക്കുന്ന രീതിയിലാവണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.