ഇക്കുറി മാവേലി വന്നില്ല

Monday 27 August 2018 1:12 am IST

കൈമെയ് മറന്ന് കേരളത്തിന് ലഭിക്കുന്ന ദുരിതാശ്വാസ സാധനങ്ങള്‍ ഇരുട്ടിന്റെ മറവില്‍ കട്ടുകടത്തുന്നു. വയനാട്ടില്‍ ഇതിന്റെ പേരില്‍ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയിലായി. കള്ളപ്പിരിവ് വ്യാപകം. പാര്‍ട്ടിക്കാര്‍ക്ക് ചോദിച്ച പിരിവ് നല്‍കാത്തതിന്റെ പേരില്‍ സ്ഥാപനങ്ങളും വീടുകളും അടിച്ചുതകര്‍ക്കുന്നു. ഇതെല്ലാം വിവരംകെട്ടവരുടെ നെറികെട്ട പ്രവര്‍ത്തനങ്ങള്‍ എന്ന് സമാധാനിക്കാം. എന്നാല്‍ ഭരണാധികാരികള്‍ തന്നെ നുണക്കഥകളുടെ പ്രചാരകരായാലോ? 

ദുരിതനിവാരണത്തിന് യുഎഇ 700 കോടി നല്‍കാന്‍ നിശ്ചയിച്ചെന്ന് ആദ്യ പ്രഖ്യാപനം. അത് സ്വീകരിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് രണ്ടാമത്തെ പ്രഖ്യാപനം. പ്രകൃതിദുരന്തം നേരിടാന്‍ വിദേശരാജ്യങ്ങളില്‍ നിന്നു പണം സ്വീകരിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് മറ്റൊരു വ്യഖ്യാനം. കാളപെറ്റു എന്നു കേട്ടപാടെ പ്രതിഷേധ പ്രളയം. കേന്ദ്രസര്‍ക്കാര്‍ പണം സ്വീകരിക്കാത്തത് യുഎഇ മുസ്ലീം രാജ്യമായതിനാലെന്നും പ്രചാരണം. പണം സ്വീകരിക്കുന്നതിന് തടസമുണ്ടെങ്കില്‍ പ്രധാനമന്ത്രിയെ അടക്കം കണ്ട് തടസം നീക്കാന്‍ ശ്രമിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുമ്പോഴാണ് പാര്‍ട്ടി സെക്രട്ടറിയുടെ മറുവാക്ക്. യുഎഇയുടെ 700 കോടി രൂപ സ്വീകരിക്കാതിരിക്കുന്നതിന് പിന്നില്‍ ആര്‍എസ്എസ് എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ തട്ടിമൂളിച്ചത്. ഇത് നാക്ക് പിഴവായിരുന്നില്ലെന്നാണ് വെള്ളിയാഴ്ചത്തെ ദേശാഭിമാനിയിലെ കോടിയേരി ബാലകൃഷ്ണന്റെ ലേഖനം വ്യക്തമാക്കുന്നത്.

''യുഎഇ സര്‍ക്കാര്‍ 700 കോടി രൂപയും ഖത്തര്‍ സര്‍ക്കാര്‍ 35 കോടി രൂപയും കേരളത്തിന് ധനസഹായം വാഗ്ദാനം ചെയ്തു. ഐക്യരാഷ്ട്രസഭയും സഹായ സന്നദ്ധത പ്രകടിപ്പിച്ചു. ഇപ്രകാരം ലോകമാകെ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായഹസ്തം നീട്ടുകയാണ്. എന്നാല്‍. ഈ സഹായമൊന്നും കേരളത്തിന് കിട്ടരുതെന്ന ഏറ്റവും നിഷേധാത്മക നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഇത് തികച്ചും ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. കേരളത്തിലെ ദുരിതാശ്വാസത്തിന് വിദേശസഹായം ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊടുന്നനെ യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ അറിയിച്ചത് സമചിത്തതയില്ലാത്ത നടപടിയാണ്.''

''കേരളത്തോട് കാട്ടുന്ന അനീതി മാറ്റാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാനത്തോട് സ്‌നേഹമുണ്ടെങ്കില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രംഗത്തുവരണം. മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീര് കണ്ടാല്‍ മതിയെന്ന സമീപനമാണ് വിദേശ സഹായ വിഷയത്തില്‍ കേന്ദ്രം സ്വീകരിക്കുന്നത്. എല്‍ഡിഎഫ് ഭരിക്കുന്ന സംസ്ഥാനമായതുകൊണ്ട് കേരളം പ്രളയദുരിതത്തില്‍ നിന്ന് കരകയറേണ്ട എന്നാണോ? കീഴ്‌വഴക്കത്തിന്റെ കാര്യംപറയുന്ന കേന്ദ്രസര്‍ക്കാര്‍ 2016 ലെ കേന്ദ്രസര്‍ക്കാരിന്റെ ദുരന്തനിവരാണ നയത്തില്‍ പ്രളയംപോലുള്ള ദുരന്തസമയത്ത് വിദേശസഹായം നിബന്ധനകള്‍ക്ക് വിധേയമായി സ്വീകരിക്കാമെന്ന ഭാഗം കാണണം. നയത്തിലെ അന്തര്‍ദേശീയ സഹകരണം സംബന്ധിച്ച ഭാഗത്തില്‍ 9.2-ാം നമ്പര്‍ നിബന്ധന ഇങ്ങനെ: 'ദുരന്തം നേരിടാന്‍ ഇന്ത്യ ഗവണ്മെന്റ് വിദേശസഹായത്തിനുവേണ്ടി പ്രത്യേകം അഭ്യര്‍ത്ഥന നടത്തില്ല. എന്നാല്‍, ഏതെങ്കിലും ഒരു രാജ്യം സ്വമേധയാ സഹായം നല്‍കാന്‍ തയ്യാറായാല്‍ അത് കേന്ദ്രസര്‍ക്കാരിന് വേണമെങ്കില്‍ സ്വീകരിക്കാം. വിദേശകാര്യമന്ത്രാലയം, ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ എന്നിവയുമായി ആലോചിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഇത് തീരുമാനിക്കാം. ഈ നിബന്ധന പ്രാവര്‍ത്തികമാക്കിയാല്‍ കേരളത്തിനുള്ള വിദേശസഹായ നിഷേധനയം തിരുത്താം. 700 കോടി രൂപ യുഎഇ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തയുടന്‍ പ്രധാനമന്ത്രി മോദി അതിനെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു. കേരളത്തില്‍ വരികയും പ്രളയദുരിതം കാണുകയും മതിയായ സഹായം നല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്ത പ്രധാനമന്ത്രി ആ ഘട്ടത്തില്‍ നല്ല സന്ദേശമാണ് നാടിന് നല്‍കിയത്. എന്നാല്‍ ആ നിലപാട് തകിടം മറിക്കുന്ന സമീപനമാണ് കേന്ദ്രം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. അത് തിരുത്താന്‍ പ്രധാനമന്ത്രി തയ്യാറാകണം. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ പൊതുവില്‍ മാധ്യമങ്ങളെല്ലാം വിമര്‍ശിച്ചിട്ടുണ്ട്. കേരളത്തിന്റെ പൊതുവികാരത്തിന്റെ പ്രതിസ്പന്ദനമാണ് അത്. കേരളം പുതുക്കിപ്പണിയാനും പുനരധിവാസത്തിനുമായി വിദേശസഹായം ഉപയോഗിക്കുന്നതിന് കേന്ദ്രം വിലങ്ങുതടിയാകരുത്. കേന്ദ്രനയം തിരുത്തിക്കാന്‍ കേരളത്തിന്റെ ശബ്ദം ഒന്നാകണം. കക്ഷിരാഷ്ട്രീയ ജാതിമത ഭേദമന്യേ എല്ലാവരും ഇക്കാര്യത്തില്‍ യോജിച്ച് മുന്നോട്ടുവരണം. ലക്ഷക്കണക്കിന് മനുഷ്യരുടെ കണ്ണീരിന് മുന്നില്‍ സങ്കുചിത രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള മനുഷ്യത്വം കേന്ദ്രസര്‍ക്കാരിനും രാഷ്ട്രീയ നേതാക്കള്‍ക്കും ഉണ്ടാകണം.'

ഇത് കേട്ടാല്‍ എന്താണ് തോന്നുക. സിപിഎമ്മിന്റെ ശൈലിയാണത്. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക. തല്ലിക്കൊല്ലാന്‍ ഇതില്‍പ്പരം ന്യായീകരണം വേണോ? യുഎഇ അംബാസഡര്‍ അഹമ്മദ് ആല്‍ ബന്ന ഒരു സത്യം വെളിപ്പെടുത്തി. ''യുഎഇ കേരളത്തിലെ ദുരിതബാധിതര്‍ക്കായി ഏതെങ്കിലും ഒരു തുക വാഗ്ദാനം ചെയ്തില്ല. ദുരിതസഹായം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഒരു സമിതിക്ക് രൂപം നല്‍കിയിട്ടേയുള്ളൂ'' കേന്ദ്രസര്‍ക്കാരിനെ വളഞ്ഞിട്ട് തല്ലിക്കൊല്ലാനുള്ള വാശിയോടെ നടന്നവര്‍ക്ക് ഇനി എന്തുപറയാനുണ്ട്. രാജ്യത്തെ രാഷ്ട്രീയ പ്രതിയോഗികള്‍ ബിജെപിയെ കുഴിച്ചുമൂടാന്‍ ദുരന്തമുഖത്തുപോലും അറച്ചുനിന്നില്ല.  അവരില്‍ നിന്ന് മറിച്ചൊന്നും പ്രതിക്ഷിക്കേണ്ടതില്ല. എന്നാല്‍ കേന്ദ്രമന്ത്രി പ്രതികരിക്കുമ്പോള്‍ വകതിരിവ് വേണ്ടെ? 

കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അല്‍പം കൂടി മിതത്വം പ്രകടിപ്പിക്കണമായിരുന്നു. യുഎഇ വാഗ്ദാനം ചെയ്ത 700 കോടി കേരളത്തിന് വേണം. അത് സ്വീകരിക്കുന്നതിന് തടസ്സങ്ങളുണ്ടെങ്കില്‍ അത് നീക്കണം. ഇതിനായി കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണ് എന്നൊക്കെ മന്ത്രി ക്യാമറയ്ക്കുമുന്നില്‍ വിളിച്ചുപറഞ്ഞു. മിടുക്ക് കാട്ടാനായിരിക്കാം. പക്ഷേ അതിമിടുക്ക് അലോസരമാകും. ക്യാമ്പില്‍ ഒരു രാത്രി അന്തിയുറങ്ങിയതിന് ആരുടെയെങ്കിലും കയ്യടി കണ്ണന്താനത്തിന് കിട്ടിയോ? പകരം കുറേ കല്ലേറുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി കിട്ടിയത് മെച്ചം. കേന്ദ്രം 500 കോടിയോ 50000 കോടിയോ തരാനല്ല, കേരളത്തെ പുനര്‍നിര്‍മ്മിക്കാനാണ് പോകുന്നത്. അതിന് എത്രവേണമെങ്കിലും ചെലവഴിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. അതൊക്കെ കാശായി തന്നേക്ക് എന്നുപറയുമ്പോള്‍ സംശയമുണ്ട്. വാങ്ങുന്നവന് ഇതൊന്നും നോക്കേണ്ടതില്ലായിരിക്കാം. പക്ഷേ വാങ്ങുന്ന കൈ അറിഞ്ഞില്ലെങ്കിലും കൊടുക്കുന്ന കൈ അറിഞ്ഞേ പറ്റൂ. ആക്ഷേപിച്ച് ആക്ഷേപിച്ച് അര്‍ഹിക്കുന്നതുപോലും കിട്ടാത്ത സാഹചര്യം ഉണ്ടാക്കരുത്. മുഖ്യമന്ത്രിയും ഇ.പി. ജയരാജനും ജി. സുധാകരനും കടകംപള്ളിയുമൊക്കെ അത് തിരിച്ചറിയുന്നു. മുഖ്യമന്ത്രിയോടുള്ള വിദ്വേഷം കൊണ്ട് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്, പ്രത്യേകിച്ച് കോടിയേരി ബാലകൃഷ്ണന്റെ കാടുകയറി വര്‍ത്തമാനം, നാട്ടിനൊരു ഗുണവും ചെയ്യില്ല. കൂരിരുട്ടില്‍ കരിമ്പൂച്ചയെ തപ്പും പോലെയായി 700 കോടിയുടെ കാര്യം. ഇത്തരം കോമാളി രാഷ്ട്രീയം അരങ്ങുതകര്‍ക്കുമ്പോള്‍ മാവേലി എങ്ങനെ വരും?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.