വീണ്ടും മുഖ്യമന്ത്രിയാകാന്‍ കച്ചകെട്ടി സിദ്ധരാമയ്യ; സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് കുമാരസ്വാമി

Monday 27 August 2018 1:19 am IST

ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള കരുക്കള്‍ നീക്കി മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് സിദ്ധരാമയ്യ നടത്തുന്നതെന്ന് കുമാരസ്വാമിയും പ്രതികരിച്ചതോടെ കര്‍ണാടകയില്‍ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. 

ഹസനില്‍ നടന്ന യോഗത്തിലാണ് സിദ്ധരാമയ്യ വിവാദ പ്രസംഗം നടത്തിയത്. രണ്ടാമതും തനിക്ക് മുഖ്യമന്ത്രിയാകാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഭൂരിപക്ഷം ലഭിച്ചില്ല. എന്നിരുന്നാലും താന്‍ മുഖ്യമന്ത്രിയാകുമെന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്. 

ആരു മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങളാണ് തീരുമാനിക്കുന്നതെന്നും സിദ്ധരാമയ്യയുടെ നിലപാട് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും കുമാരസ്വാമി മറുപടി നല്‍കി. 

സംസ്ഥാനത്തെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ കൂടിയായ സിദ്ധരാമയ്യ ആദ്യം മുതല്‍ തന്നെ സര്‍ക്കാരിനെതിരെ എതിര്‍സ്വരങ്ങള്‍ ഉയര്‍ത്തിയിരുന്നു. 

മന്ത്രിമാരെ നിശ്ചയിച്ചതിലായിരുന്നു ആദ്യ എതിര്‍പ്പ്. സിദ്ധരാമയ്യ നല്‍കിയ പേരുകളില്‍ ഭൂരിഭാഗം പേരും പട്ടികയ്ക്ക് പുറത്തായി. ഇതോടെ ന്യൂദല്‍ഹിയില്‍ രാഹുല്‍ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ നിന്ന് സിദ്ധരാമയ്യ ഇറങ്ങിപ്പോന്നു. മന്ത്രിസ്ഥാനം ലഭിക്കാത്ത കോണ്‍ഗ്രസ് നേതാക്കള്‍ റോഡുപരോധവും കോണ്‍ഗ്രസ് ഓഫീസ് അക്രമവും നടത്തിയപ്പോള്‍ അവരെ തടയാന്‍ സിദ്ധരാമയ്യ തയ്യാറായില്ല. സിദ്ധരാമയ്യയുടെ പരോക്ഷ പിന്തുണയോടെയാണ് അക്രമങ്ങള്‍ നടന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 

അതിന് ശേഷം വകുപ്പ് വിഭജനം നിശ്ചയിച്ചപ്പോഴും സിദ്ധരാമയ്യയുടെ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ല. മുന്‍ ജെഡിഎസ് നേതാവുകൂടിയായിരുന്ന സിദ്ധരാമയ്യയെ വിശ്വാസത്തിലെടുക്കാന്‍ കുമാരസ്വാമിയും ജെഡിഎസ് ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയും തയ്യാറാകാത്തതായിരുന്നു ഇതിന് കാരണം. 

ഇതോടെ സിദ്ധരാമയ്യയുടെ പിന്തുണയോടെ ചില നേതാക്കള്‍ ബദല്‍ നീക്കം ആരംഭിച്ചു. അപകടം മണത്ത ഹൈക്കമാന്റ് എച്ച്.ഡി. ദേവഗൗഡയുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു കോര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിച്ച് അതിന്റെ അദ്ധ്യക്ഷനായി സിദ്ധരാമയ്യയെ നിശ്ചയിച്ചു. 

എന്നാല്‍ ഇതിന്റെ ആദ്യ യോഗത്തിനു മുന്‍പു തന്നെ പ്രത്യേക ബജറ്റെന്ന കുമാരസ്വാമിയുടെ നീക്കത്തിനെതിരെ സിദ്ധരാമയ്യ രംഗത്തു വന്നു. പ്രത്യേക ബജറ്റു വേണ്ടെന്നും മുന്‍ സര്‍ക്കാരിന്റെ ബജറ്റില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തിയാല്‍ മതിയെന്നുമായിരുന്നു സിദ്ധരാമയ്യയുടെ നിലപാട്. എന്നാല്‍ ഇതിനെ കുമാരസ്വാമിയും, കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വരയും ഉള്‍പ്പെടെയുള്ളവര്‍ തള്ളി.

ഇതിനിടെ ആയുര്‍വേദ ചികിത്സയ്ക്ക് പോയ സിദ്ധരാമയ്യ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ രഹസ്യ ചര്‍ച്ചയുടെ വീഡിയോ പുറത്തുവന്നത് വിവാദമായി. 

സഖ്യസര്‍ക്കാര്‍ എത്രനാള്‍ മുന്നോട്ടു പോകുമെന്ന് ഉറപ്പില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ നിലനില്‍ക്കുന്ന കാര്യം സംശയമാണെന്നും സിദ്ധരാമയ്യ പറയുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇതിന്റെ അലയൊലികള്‍ കെട്ടടങ്ങുന്നതിന് മുന്‍പാണ് അടുത്ത വിവാദം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.