വെള്ളിനക്ഷത്രങ്ങള്‍

Monday 27 August 2018 1:30 am IST
അനസും ഹിമയും നാനൂറ് മീറ്ററിലും ഹിമ നൂറ് മീറ്ററിലുമാണ് രണ്ടാം സ്ഥാനം നേടിയത്. പതിനായരിം മീറ്ററില്‍ ലക്ഷ്മണന്‍ ഗോവിന്ദന്‍ മൂന്നാമതായി ഫിനിഷ് ചെയ്‌തെങ്കിലും ഓട്ടത്തിനിടെ ട്രാക്കിന് പുറത്ത് കാല്‍ കുത്തിയതിനാല്‍ അയോഗ്യനാക്കി. ആദ്യ ദിനത്തില്‍ തേജീന്ദര്‍ സിങ് പാല്‍ സിങ്ങ് ഷോട്ട്പുട്ടില്‍ പുത്തന്‍ ഗെയിംസ് റെക്കോഡോടെ സുവര്‍ണവിജയം നേടി.

ജക്കാര്‍ത്ത: മലയാളിയായ മുഹമ്മദ് അനസും പതിനെട്ടുകാരി ഹിമദാസും സ്പ്രിന്റര്‍ ദ്യുതി ചന്ദും ഏഷ്യന്‍ ഗെിയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് വെള്ളി മെഡലുകള്‍ സമ്മാനിച്ചു.

അനസും ഹിമയും നാനൂറ് മീറ്ററിലും ഹിമ നൂറ് മീറ്ററിലുമാണ് രണ്ടാം സ്ഥാനം നേടിയത്. പതിനായരിം മീറ്ററില്‍ ലക്ഷ്മണന്‍ ഗോവിന്ദന്‍ മൂന്നാമതായി ഫിനിഷ് ചെയ്‌തെങ്കിലും ഓട്ടത്തിനിടെ  ട്രാക്കിന് പുറത്ത് കാല്‍ കുത്തിയതിനാല്‍ അയോഗ്യനാക്കി. ആദ്യ ദിനത്തില്‍ തേജീന്ദര്‍ സിങ് പാല്‍ സിങ്ങ് ഷോട്ട്പുട്ടില്‍ പുത്തന്‍ ഗെയിംസ് റെക്കോഡോടെ സുവര്‍ണവിജയം നേടി.

നാനൂറ് മീറ്ററില്‍ പുതിയ ദേശീയ റെക്കോഡോടെയാണ് ഹിമ രണ്ടാമതായി ഓടിയെത്തിയത്. സമയം 50.79 സെക്കന്‍ഡ്. 

സെമിയില്‍ കുറിച്ച സ്വന്തം റെക്കോഡാണ് (51.00) ഹിമ തിരുത്തിയത്്. നാനൂര്‍് മീറ്ററില്‍ ഹിമയ്‌ക്കൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരമായ നിര്‍മലയ്ക്ക് 0.33 സെക്കന്‍ഡിലാണ് വെങ്കലം നഷ്ടമായത്. 

പുരുഷന്മാരുടെ നാനൂറ് മീറ്ററില്‍ അനസ് 45.69 സെക്കന്‍ഡില്‍ രണ്ടാമനായി. ഖത്തറിന്റെ അബ്ദലേല അസാണ് സ്വര്‍ണം- 44.89. ബഹ്‌റിന്റെ അലി ഖാമിസ് വെങ്കലം നേടി.

വനിതകളുടെ നാനൂര്‍ മീറ്ററില്‍ ബഹ്‌റിന്റെ സല്‍വ ഈദ് നാസര്‍ (50.09) ഹിമയ്ക്ക് മുമ്പെ ഓടിയെത്തി സ്വര്‍ണം സ്വന്തമാക്കി. കസാക്കിസ്ഥാന്റെ എലീനയ്ക്ക്ാണ് വെങ്കലം.

ഏഷ്യയിലെ ഏറ്റവും വേഗയേറിയ വനിതതാരത്തെ നിര്‍ണയിക്കുന്ന നൂറ് മീറ്റര്‍ സ്പ്രിന്റില്‍ ദ്യൂതി ചന്ദ് 11.32 സെക്കന്‍ഡില്‍ രണ്ടാമതായി ഓടിയെത്തി.

പതിനായിരം മീറ്റര്‍ 29 മിനിറ്റ് 44.91 സെക്കന്‍ഡിലാണ് ലക്ഷ്മണന്‍ ഗോവിന്ദന്‍ മൂന്നാമതായി ഫിനിഷ് ചെയ്തത്. എന്നാല്‍ ട്രാക്കിന് പുറത്ത് കാല്‍ കുത്തിയതിനാല്‍ ഗോവിന്ദനെ അയോഗ്യനാക്കി.

ആദ്യ ദിനത്തില്‍  20.75 മീറ്റര്‍ ദൂരത്തേയ്ക്ക് ഷോട്ട്പുട്ട് പായിച്ചാണ് തേജീന്ദര്‍ സിങ് പാല്‍ സിങ്ങ് സ്വര്‍ണം നേടിയത്.

ഇതോടെ 2010 ലെ  ഗെയിംസില്‍ സൗദിയുടെ സുല്‍ത്താന്‍ മജീദ് അല്‍ ഹെബ്ഷി സ്ഥാപിച്ച 20.57 മീറ്ററിന്റെ റെക്കോഡാണ് തകര്‍ന്നത്. ഹെബ്ഷിക്ക് ഇത്തവണ മെഡല്‍ ലഭിച്ചില്ല. മൂന്ന് ത്രോയും ഫൗളായി. തേജീന്ദര്‍ പാല്‍ സിങ് ദേശീയ റെക്കോഡും  മറികടന്നു. 2012 ല്‍ ഓം പ്രകാശ് സ്ഥാപിച്ച 20.69 മീറ്ററിന്റെ റെക്കോഡാണ് പഴങ്കഥയായത്്.

മലയാളിയായ ലോങ് ജമ്പ് താരം ശ്രീശങ്കറിന് ആറാം സ്ഥാനത്തെത്താനെ കഴിഞ്ഞൂളളു. 7.95 മീറ്ററാണ് ശ്രീശങ്കര്‍ ചാടിക്കടന്നത്. ചൈനയുടെ വാങ്ങ് ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. ദൂരം 8.24 മീറ്റര്‍. ഴാങ് 8.15 മീറ്റര്‍ ചാടി വെള്ളി മെഡല്‍ കരസ്ഥമാക്കി. 

മെഡല്‍ നിലയില്‍ ഇന്ത്യ  ഒമ്പതാം സ്ഥാനത്താണ്. ഏഴ് സ്വര്‍ണവും പത്ത് വെള്ളിയും പത്തൊമ്പത് വെങ്കലവും അടക്കം  ഇന്ത്യക്ക് 36 മെഡലുണ്ട്. എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുന്ന ചൈന 74 സ്വര്‍ണമുള്‍പ്പെടെ 167 മെഡലുകള്‍ നേടിയിട്ടുണ്ട്. 58 വെള്ളിയും 35 വെങ്കലവും അവര്‍ക്ക് കിട്ടിയിട്ടുണ്ട്. ജപ്പാനാണ് രണ്ടാം സ്ഥാനത്ത്. അവര്‍ക്ക് 39 സ്വര്‍ണവും 33 വെള്ളിയും 46 വെങ്കലവും ലഭിച്ചു. മൂന്നാം സ്ഥാനത്തുള്ള കൊറിയയ്ക്ക്് 26 സ്വര്‍ണവും 29 വെള്ളിയും 37 വെങ്കലവും കിട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.