4,62,456 പേര്‍ ക്യാമ്പുകളിലെന്ന് മുഖ്യമന്ത്രി; ഇതുവരെ 302 മരണം

Monday 27 August 2018 2:18 am IST

തിരുവനന്തപുരം: കേരളത്തിലെ 1435 ദുരിതാശ്വാസ ക്യാമ്പുകളിലായി 4,62,456 പേര്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി അറിയിച്ചതാണിത്. ആഗസ്റ്റ് എട്ടുമുതല്‍ ഇന്നലെവരെ 302 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതിനകം മൂന്നു ലക്ഷത്തിലധികം വീടുകള്‍ വൃത്തിയാക്കി. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ പമ്പ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 

ക്യാമ്പുകളില്‍ വിതരണം ചെയ്യാന്‍ ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ സ്റ്റോക്കുണ്ട്. ആഗസ്റ്റ് 29ന് സ്‌കൂള്‍ തുറക്കുന്നതുകൊണ്ട് സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകള്‍ മറ്റു കെട്ടിടങ്ങളിലേയ്ക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിന് ആവശ്യമാണെങ്കില്‍ സ്വകാര്യ കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കണം. പൂട്ടിക്കിടക്കുന്ന വീടുകള്‍ ഉപയോഗിക്കാന്‍ പറ്റുമോ എന്ന് ജില്ലാ കളക്ടര്‍മാര്‍ പരിശോധിക്കണം. ആലപ്പുഴ ജില്ലയിലാണ് കൂടുതല്‍ ക്യാമ്പുകള്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളില്ലാത്ത സ്‌കൂളുകള്‍ അടുത്ത രണ്ടു ദിവസത്തിനകം പൂര്‍ണമായും വൃത്തിയാക്കണം. 

3,64,000 പക്ഷികളുടേയും 3285 വലിയ മൃഗങ്ങളുടേയും 14,274 ചെറിയ മൃഗങ്ങളുടേയും ശവങ്ങള്‍ മറവുചെയ്തു. ഇനിയും ശവങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ അടിയന്തരമായി മറവുചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

അജൈവ മാലിന്യം ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറണം. ക്ലീന്‍ കേരള കമ്പനിക്ക് അവ പെട്ടെന്ന് പൂര്‍ണമായും നീക്കം ചെയ്യാന്‍ കഴിയില്ലെങ്കില്‍ മറ്റ് ഏജന്‍സികളുടെ സഹായവും തേടണം. കന്നുകാലികള്‍ക്ക് നല്‍കാന്‍ ഒരു ലക്ഷത്തിലേറെ ചാക്ക് കാലിത്തീറ്റ വിതരണം ചെയ്തു. കേരള ഫീഡ്‌സില്‍ നിന്നും മില്‍മയില്‍ നിന്നും കൂടുതല്‍ കാലിത്തീറ്റ ലഭിക്കുന്നുണ്ട്. യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടി ബിശ്വനാഥ് സിഹ്ന, ഫയര്‍ ഫോഴ്‌സ് മേധാവി എ. ഹേമേന്ദ്രന്‍, വനം വന്യജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.