ചെലവ് ചുരുക്കല്‍: മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി പാക് പ്രധാനമന്ത്രി

Monday 27 August 2018 11:49 am IST

ഇസ്ലാമാബാദ്:  പാക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കു ബാധകമാകുന്ന തരത്തില്‍ ചെലവു ചുരുക്കല്‍ നടപടികളുമായി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇതിന്റെ ഭാഗമായി പ്രസിഡന്റും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ വിമാനയാത്രയ്ക്ക് ഫസ്റ്റ് ക്ലാസ് തെരഞ്ഞെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാക് മന്ത്രിസഭയുടേതാണ് പുതിയ തീരുമാനം. 

സര്‍ക്കാര്‍ ചിലവില്‍ ഇനി ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നതിന്  മാത്രമെ എല്ലാവര്‍ക്കും അതുമതിയുള്ളൂവെന്ന് പാക്കിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രി ഫവാദ് ചൗധരി വ്യക്തമാക്കി.

പ്രധാനമന്ത്രി, പ്രസിഡന്റ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, സ്പീക്കര്‍ എന്നിവര്‍ക്കും സൈനിക തലവന്‍മാര്‍ക്കുമാണ് വിലക്ക്. വിദേശ സന്ദര്‍ശനത്തിന് പ്രത്യേക വിമാനം ഉപയോഗിക്കുന്നതിനും ഇമ്രാന്‍ ഖാന്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ചെലവു ചുരുക്കലിന്റെ ഭാഗമായി താനും ചില സൗകര്യങ്ങള്‍ വെട്ടിക്കുറച്ചായി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. തന്നെ അനുഗമിക്കാന്‍ രണ്ടു സുരക്ഷാ വാഹനങ്ങള്‍ മതിയെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഉപയോഗിക്കില്ലെന്നും അദ്ദേഹം  വ്യക്തമാക്കിയിരുന്നു.

അതേസമയം, മന്ത്രിമാരുടെ പ്രവര്‍ത്തിദിനം അഞ്ചില്‍നിന്ന് ആറാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും  ചില മന്ത്രിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 2011 മുതലാണ് പാക്കിസ്ഥാന്‍ പ്രവര്‍ത്തിദിനം അഞ്ചാക്കി നിജപ്പെടുത്തിയത്. ഇതില്‍ വ്യത്യാസം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചെങ്കിലും ഔദ്യോഗിക പ്രവര്‍ത്തി സമയം എട്ടു മുതല്‍ നാലുവരെയായിരുന്നത് ഒന്‍പത് മുതല്‍ അഞ്ചു വരെയാക്കിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.