ഏറ്റുവാങ്ങാനാളില്ല; പിണറായി കൂട്ടക്കൊലക്കേസ് പ്രതിയുടെ മൃതദേഹം സംസ്‌കരിച്ചു

Monday 27 August 2018 2:18 pm IST

കണ്ണൂര്‍:  കണ്ണൂര്‍ വനിതാ ജയില്‍ വളപ്പില്‍ തൂങ്ങി മരിച്ച പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളാരും എത്താത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ പയ്യാമ്പലം ശ്മശാനത്തില്‍ അജ്ഞാത മൃതദേഹമായി കണക്കാക്കി പോലീസും ജയില്‍ അധികൃതരും സംസ്‌കരിച്ചു.

ഇന്നലെ രാവിലെ 11.15 ഓടെയാണ് പയ്യാമ്പലം ശ്മശാനത്തിന്റെ മുന്നിലുള്ള അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്ന സ്ഥലത്ത് സൗമ്യയെയും സംസ്‌കരിച്ചത്. മനുഷ്യാവകാശ കമ്മീഷന്റെ കേസ് നിലവിലുള്ളതിനാല്‍ ദഹിപ്പിച്ചാല്‍ പിന്നീട് പുറത്തടുക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് മൃതദേഹം മറവുചെയ്യാന്‍ തീരുമാനിച്ചത്. പരിശോധനയ്ക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം കണ്ണൂരില്‍ എത്തിച്ച് കോര്‍പ്പറേഷന്‍ അധികൃതരുടെ സമ്മതത്തോടെയാണ് സൗമ്യയെ പയ്യാമ്പലത്ത് മറവു ചെയ്തത്. ജയില്‍ അധികൃതരും പോലീസും കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. 

 വെള്ളിയാഴ്ചയാണ് സൗമ്യയെ വനിതാ ജയിലിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരാളുടെ സാരിയിലാണ് സൗമ്യ തൂങ്ങിയത്. വഴിവിട്ട ബന്ധങ്ങള്‍ക്ക് മകളും മാതാപിതാക്കളും തടസ്സമായപ്പോള്‍ മൂവരേയും കൊന്നുതള്ളിയ കേസില്‍ പ്രതിയായിരുന്നു സൗമ്യ. മാതാപിതാക്കളായ വണ്ണത്താന്‍ വീട്ടില്‍ കമല (65),  കുഞ്ഞേരി കുഞ്ഞിക്കണ്ണന്‍ (80), മകള്‍ ഐശ്വര്യ (9) എന്നിവരെയാണ് പിണറായിയിലെ വീട്ടില്‍ വെച്ച് സൗമ്യ ക്രൂരമായി കൊലചെയ്തത്. ജനുവരി 31നാണ് ഐശ്വര്യ മരിച്ചത്. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്. എലിവിഷം ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയാണ് സൗമ്യ ഇവരെ മൂന്ന് പേരെയും കൊലപ്പെടുത്തിയത് എന്നാണ് പോലീസ് കണ്ടെത്തല്‍. 

അതേ സമയം സൗമ്യ ജയിലിനുള്ളില്‍ തുങ്ങിമരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. കണ്ണൂര്‍ വനിതാ ജയില്‍ അധികൃതര്‍ക്കെതിരൊണ് കേസെടുത്തിരുന്നത്. ജയില്‍ ഡിജിപി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് ഉത്തരവിട്ടത്. സൗമ്യയുടെ ആത്മഹത്യ കുറിപ്പും സൗമ്യ ജയിലില്‍വെച്ച് എഴൂതിയ ഡയറിയും പോലീസ് കണ്ടെത്തിരുന്നു. അന്വേഷണ സംഘം ഇവ പരിശോധിക്കും. ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും കടുത്ത അനാസ്ഥയാണ് ഉണ്ടായിട്ടുളളതെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ഉദ്യോഗസ്ഥര്‍ക്കെതിരെ അടുത്ത ദിവസം തന്നെ നടപടിയുണ്ടാകുമെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.