ആദ്യ ജൈവ ഇന്ധന യാത്രാവിമാനം പറന്നിറങ്ങി

Monday 27 August 2018 2:45 pm IST

ന്യൂദല്‍ഹി: രാജ്യത്തെ ആദ്യ ജൈവ ഇന്ധന യാത്രാവിമാനം ദല്‍ഹി വിമാനത്താവളത്തിലിറങ്ങി. സ്പൈസ് ജെറ്റിന്റെ ബോംബാര്‍ഡിയര്‍ ക്യൂ 400 യാത്രാവിമാനമാണു ഭാഗികമായി ജൈവ ഇന്ധനം ഉപയോഗിച്ചു ഡെറാഡൂണില്‍നിന്നു ദല്‍ഹിയിലേക്കു പറന്നിറങ്ങിയത്. 25 മിനിറ്റായിരുന്നു യാത്രാ ദൈര്‍ഘ്യം. സിവില്‍ ഏവിയേഷന്‍ അധികൃതരുള്‍പ്പെടെ 20 പേരാണു വിമാനത്തിലുണ്ടായിരുന്നത്. 

ഡെറാഡൂണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആണു ജൈവ ഇന്ധനം വികസിപ്പിച്ചത്. ജെട്രോഫ ചെടിയുടെ കുരുവില്‍നിന്നുണ്ടാക്കിയ എണ്ണ വിമാന ഇന്ധനത്തിനൊപ്പം ചേര്‍ത്താണ് ഉപയോഗിച്ചതെന്നു സ്പൈസ് ജെറ്റ് അധികൃതര്‍ പറഞ്ഞു.

വിമാനത്തിന്റെ വലതു ഭാഗത്തെ എന്‍ജിന്റെ 25 ശതമാനത്തോളം ജൈവ ഇന്ധനത്തിലും ബാക്കി വിമാന ഇന്ധനത്തിലുമാണു പ്രവര്‍ത്തിച്ചത്. ജൈവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിന്റെ ക്ഷമത കൂടുതലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ പരീക്ഷണം നടത്തുന്നതെന്നും വ്യോമയാന രംഗത്തു വന്‍ കുതിച്ചുചാട്ടത്തിന് ഇതു വഴിവയ്ക്കുമെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വീറ്റ് ചെയ്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.