കേന്ദ്ര സര്‍ക്കാരിനെതിരെ നടക്കുന്നത് കുപ്രചരണം: എ.എന്‍. രാധാകൃഷ്ണന്‍

Tuesday 28 August 2018 2:30 am IST

കൊച്ചി: നവമാധ്യമങ്ങളിലൂടെ സിപിഐയും സിപിഎമ്മും കേന്ദ്രസര്‍ക്കാരിനെതിരെ കുപ്രചരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. യുഎഇ നല്‍കിയ 700 കോടി രൂപ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ചു, പ്രളയക്കെടുതിയില്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര സഹായം നല്‍കിയില്ല തുടങ്ങിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഈ പാര്‍ട്ടികളാണെന്നും അദ്ദേഹം ആരോപിച്ചു. 

കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും ഉറപ്പ് നല്‍കിയിട്ടും കേന്ദ്രത്തിനെതിരെ കുപ്രചരണങ്ങള്‍ നടത്തുകയാണ് ഇരുകൂട്ടരെന്നും അദ്ദേഹം തുറന്നടിച്ചു. കൊച്ചിയില്‍ പത്രസമ്മേളനത്തിലാണ് എ.എന്‍. രാധാകൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എറണാകുളം ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.എന്‍. മധു, അഡ്വ. കെ.എസ്. ഷൈജു, മധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

യാതൊരുവിധ മുന്‍കരുതലുകളും സ്വീകരിക്കാതെ ഡാമുകള്‍ തുറന്നതു കൊണ്ടുണ്ടായ പ്രശ്‌നമാണ് കേരളം നേരിട്ടത്. അതുകൊണ്ട് തന്നെ സ്വാഭാവികമായ വെള്ളപ്പൊക്കമല്ല കേരളത്തില്‍ അനുഭവപ്പെട്ടത്. ജനദ്രോഹപരമായ ഈ തീരുമാനം നിരവധി ആളുകളുടെ ജീവനെടുത്തു. ഇതിനെതിരെ വൈദ്യുതി മന്ത്രി എം.എം. മണിക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. 

കേരളം ഈ അവസ്ഥ നേരിടാനുണ്ടായ സാഹചര്യം സര്‍ക്കാരിന്റെ നോട്ടക്കുറവാണ്. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പ്രളയക്കെടുതിയില്‍ സഹായിക്കാനെത്തി. വൈപ്പിന്‍ പഞ്ചായത്തിലെ യുവമോര്‍ച്ച പ്രസിഡന്റ് മിഥുന്‍ കുമാര്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായിട്ട് പത്ത് ദിവസം പിന്നിട്ടു. അദ്ദേഹത്തെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ജില്ലാ കളക്ടറുള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ കാണാതായ അബ്ദുള്‍ ജലീലെന്ന യുവാവിന്റെ സ്ഥിതിയും മറിച്ചല്ല. ഇരുവരേയും കണ്ടെത്താനുള്ള നടപടികള്‍ എത്രയും പെട്ടെന്ന്  സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.